For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ചരിത്ര നേട്ടത്തില്‍ രാഹുല്‍, ധോണിയുടെ റെക്കോഡ് തകര്‍ത്തു! തലപ്പത്ത് ദ്രാവിഡ്

ചെന്നൈ: ഏകദിന ലോകകപ്പിലേക്കുള്ള വരവ് രാജകീയമാക്കിയിരിക്കുകയാണ് ഇന്ത്യ. കരുത്തരായ ഓസ്‌ട്രേലിയയെ ആറ് വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റുചെയ്ത ഓസീസിനെ 199 റണ്‍സില്‍ ഇന്ത്യ കൂടാരം കയറ്റി. മറുപടിക്കിറങ്ങിയ ഇന്ത്യക്ക് 2 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും വിരാട് കോലി (85) കെ എല്‍ രാഹുല്‍ (97*) കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. കോലി പുറത്തായെങ്കിലും രാഹുല്‍ നിലയുറപ്പിച്ച് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു.

115 പന്ത് നേരിട്ട് 8 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 97 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. അര്‍ഹിച്ച സെഞ്ച്വറിയിലേക്കെത്താനായില്ലെങ്കിലും സെഞ്ച്വറിയെക്കാള്‍ വിലപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ രാഹുലിനായി. ഇതോടെ തകര്‍പ്പനൊരു റെക്കോഡും രാഹുല്‍ സ്വന്തമാക്കിയിരിക്കുകയാണ്. എംഎസ് ധോണിയുടെ വമ്പന്‍ റെക്കോഡാണ് രാഹുല്‍ തകര്‍ത്തത്. ഏകദിന ലോകകപ്പിലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡിലാണ് രാഹുല്‍ ധോണിയെ മറികടന്നത്.

91 റണ്‍സാണ് ധോണിയുടെ ലോകകപ്പിലെ ഉയര്‍ന്ന സ്‌കോര്‍. 97 റണ്‍സ് നേട്ടത്തോടെ രാഹുലിന് ധോണിയെ മറികടക്കാനായി. എന്നാല്‍ 1999ല്‍ ശ്രീലങ്കയ്‌ക്കെതിരേ 145 റണ്‍സ് നേടിയ രാഹുല്‍ ദ്രാവിഡാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്. റിഷഭ് പന്തിന് പരിക്കേറ്റപ്പോള്‍ പകരം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കെത്തിയത് രാഹുലാണ്. ഇപ്പോള്‍ പരിമിത ഓവറില്‍ ഇന്ത്യയുടെ വിശ്വസ്തനായ വിക്കറ്റ് കീപ്പറായി രാഹുല്‍ മാറിക്കഴിഞ്ഞു. പരിക്കിനെത്തുടര്‍ന്ന് ഏറെ നാള്‍ ഇന്ത്യന്‍ ടീമിന് പുറത്തായിരുന്നു രാഹുല്‍.

ഏഷ്യാ കപ്പിലൂടെ തിരിച്ചെത്തിയ രാഹുല്‍ തിരിച്ചുവന്ന ആദ്യ ഇന്നിങ്‌സില്‍ത്തന്നെ സെഞ്ച്വറി പ്രകടനം കാഴ്ചവെച്ചിരുന്നു. ഇപ്പോഴിതാ ഇതേ മികവ് ലോകകപ്പിലും തുടരുന്നു. വിരാട് കോലിയും രാഹുലും ചേര്‍ന്ന് 165 റണ്‍സിന്റെ കൂട്ടുകെട്ടാണ് നാലാം വിക്കറ്റില്‍ സൃഷ്ടിച്ചത്. ഓസ്‌ട്രേലിയക്കെതിരേ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടെന്ന് റെക്കോഡാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്. 2 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയില്‍ വന്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ടിടത്തുനിന്നാണ് ഇരുവരും ചേര്‍ന്ന് ഇന്ത്യയെ രക്ഷിച്ചത്.

kl rahul, virat kohli

സെഞ്ച്വറിക്കായി അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിച്ചാണ് കോലി പുറത്തായത്. സെഞ്ച്വറി നഷ്ടമായത് കോലിക്ക് വലിയ നിരാശയുണ്ടാക്കിയിരുന്നു. തലകുനിച്ച് കളം വിട്ട കോലി ഡ്രസിങ് റൂമിലെത്തി ഏറെ നേരം മുഖംപൊത്തിയിരുന്നിരുന്നു. ഏകദിന സെഞ്ച്വറി റെക്കോഡില്‍ സച്ചിന്റെ 49 സെഞ്ച്വറികളെ മറികടക്കാനൊരുങ്ങുകയാണ് കോലി. ഓസീസിനെതിരേ സെഞ്ച്വറി നേടാനായിരുന്നെങ്കില്‍ ഏകദിന ലോകകപ്പിന്റെ തുടക്കം ഒന്നുകൂടി ആവേശകരമാക്കാന്‍ കോലിക്ക് സാധിക്കുമായിരുന്നു.

ചില വമ്പന്‍ റെക്കോഡുകള്‍ കോലിയും സ്വന്തമാക്കി. ലോകകപ്പില്‍ ഇത് ഒമ്പതാം തവണയാണ് കോലി 50 പ്ലസ് സ്‌കോര്‍ നേടുന്നത്. ഇൗ റെക്കോഡില്‍ ഇന്ത്യക്കാരില്‍ രണ്ടാം സ്ഥാനത്താണ് കോലി. 21 തവണ ഈ നേട്ടത്തിലെത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ബഹുദൂരം മുന്നിട്ട് നില്‍ക്കുമ്പോള്‍ രണ്ടാം സ്ഥാനത്ത് കോലിക്കൊപ്പം രോഹിത് ശര്‍മയുമുണ്ട്. ഏകദിനത്തില്‍ ഓപ്പണറല്ലാത്ത താരങ്ങളില്‍ കൂടുതല്‍ 50 പ്ലസ് സ്‌കോറെന്ന റെക്കോഡില്‍ കുമാര്‍ സംഗക്കാരയുടെ (112) റെക്കോഡ് കോലി മറികടന്നു.

ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വമ്പന്‍ റെക്കോഡും പഴങ്കഥയാക്കി. ലോകകപ്പില്‍ വേഗത്തില്‍ 1000 റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് വാര്‍ണര്‍ സ്വന്തമാക്കിയത്. 20 ഇന്നിങ്‌സില്‍ നിന്നാണ് സച്ചിന്‍ ഈ നേട്ടത്തിലേക്കെത്തിയത്. 19 ഇന്നിങ്‌സില്‍ നിന്ന് വാര്‍ണര്‍ ഈ നേട്ടത്തിലേക്കെത്തി.

ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ലോകകപ്പില്‍ വേഗത്തില്‍ 50 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ബൗളറെന്ന റെക്കോഡിലേക്കെത്തി. 19 ഇന്നിങ്‌സില്‍ നിന്നാണ് സ്റ്റാര്‍ക്കിന്റെ നേട്ടം. 25 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ലസിത് മലിംഗയെയാണ് സ്റ്റാര്‍ക്ക് മറികടന്നത്.

Story first published: Monday, October 9, 2023, 10:09 [IST]
Other articles published on Oct 9, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+