ഐസിസി ഏകദിന ലോകകപ്പില്‍ മല്‍സരങ്ങള്‍ പാതിദൂരം പിന്നിട്ടിരിക്കുകയാണ്. ഭൂരിഭാഗം ടീമുകളും അഞ്ചു മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇനി നാലു കളികള്‍ മാത്രമാണ് ഈ ടീമുകള്‍ക്കു ശേഷിക്കുന്നത്. 10 ടീമുകളില്‍ ആരും തന്നെ സെമി ഫൈനലില്‍ സ്ഥാനമുറപ്പിച്ചിട്ടില്ല. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന മല്‍സരങ്ങൾ തീപാറുമെന്നതില്‍ സംശയം വേണ്ട. ചില വമ്പന്‍ താരങ്ങള്‍ ടൂര്‍ണമെന്റില്‍ വന്‍ ഫ്‌ളോപ്പായി മാറിയപ്പോള്‍ ചിലര്‍ സര്‍പ്രൈസ് പ്രകടനത്തിലൂടെ ഞെട്ടിക്കുകയും ചെയ്തു.
ലീഗ് ഘട്ടത്തിലെ 45 മല്‍സരങ്ങളില്‍ 23 മല്‍സരങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. വിവിധ ടീമുകള്‍ക്കൊപ്പം നിരാശാജനകമായ പ്രകടനം കാഴ്ചവച്ച് ഫ്‌ളോപ്പായി തീര്‍ന്ന താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഒരു സംയുക്ത ഫ്ളോപ്പ് പ്ലെയിങ് ഇലവന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ എങ്ങനെയിരിക്കുമെന്നു നമുക്കു പരിശോധിക്കാം.

ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരം ജോണി ബെയര്‍സ്‌റ്റോയും ശ്രീലങ്കയുടെ കുശാല്‍ പെരേരയുമാണ് ഫ്‌ളോപ്പ് ഇലവനു വേണ്ടി ഓപ്പണ്‍ ചെയ്യുക. അഗ്രസീവ് ബാറ്റിങ് ശൈലിയുടെ വക്താക്കളായ ഇരുവരും ടൂര്‍ണമെന്റില്‍ ഇനിയും ക്ലിക്കായിട്ടില്ല. തങ്ങളുടേതായ ദിവസം തനിച്ചു മല്‍സരഗതി മാറ്റാന്‍ ബെയര്‍സ്റ്റോയ്ക്കും പെരേരയ്ക്കും കഴിയും.
നാലു മല്‍സരങ്ങളില്‍ നിന്നും വെറും 97 റണ്‍സ് മാത്രമേ ബെയര്‍സ്റ്റോ സ്‌കോര്‍ ചെയ്തിട്ടുള്ളൂ. പെരേരയാവട്ടെ ഓസ്‌ട്രേലിയക്കെതിരേ 78 റണ്‍സെടുത്തെങ്കിലും ബാക്കിയുള്ളവയില്‍ ദുരന്തമായി. നാലു മല്‍സങ്ങളില്‍ നിന്നും 90 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. അടുത്ത മല്‍സരങ്ങളില്‍ പെരേരയ്ക്കു ടീമിലെ സ്ഥാനവും നഷ്ടമായേക്കും.
ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ബംഗ്ലാദശിന്റെ നജ്മുല്‍ ഹുസൈന്‍ ഷാന്റോ, ഇംഗ്ലണ്ട് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ജോസ് ബട്‌ലര്‍ എന്നിവരാണ് ഫ്‌ളോപ്പ് ഇലവന്റെ മധ്യനിരയിലുള്ളത്. സ്മിത്തും ബട്‌ലറും ലോകോത്തര മാച്ച് വിന്നര്‍മാരാണെന്നതില്‍ സംശയമില്ല.
പക്ഷെ രണ്ടു പേരും തങ്ങളുടെ പ്രതിഭയോടു ഇനിയും നീതി പുലര്‍ത്തിയിട്ടില്ല. ഇന്ത്യയുമായുള്ള ആദ്യ കളിയില്‍ 46 റണ്‍സെടുത്തെങ്കിലും അടുത്ത മൂന്നു ഇന്നിങ്‌സുകളില്‍ 26 റണ്‍സ് മാത്രമേ സ്മിത്ത് നേടിയിട്ടുള്ളൂ. 72 റണ്‍സാണ് നാലു കളിയില്‍ സ്മിത്തിന്റെ സമ്പാദ്യം.
ബംഗ്ലാദേശ് താരം ഷാന്റോയ്ക്കു അഞ്ചു മല്‍സരങ്ങളില്‍ നിന്നും 18.50 ശരാശരിയില്‍ വെറും 74 റണ്‍സ് മാത്രമേ നേടാനായിട്ടുള്ളൂ. ബട്‌ലറും ഈ ലോകകപ്പില്‍ തീര്‍ത്തും നിരാശപ്പെടുത്തി. നാലു ഇന്നിങ്‌സുകളില്‍ നിന്നും 87 റണ്‍സ് മാത്രമാണ് അദ്ദേഹം സ്‌കോര്‍ ചെയ്തിരിക്കുന്നത്. ഫ്‌ളോപ്പ് ഇലവനെ നയിക്കുന്നതും ബട്‌ലര്‍ തന്നെയാണ്.

ഓള്‍റൗണ്ടര്‍മാരായി ഫ്‌ളോപ്പ് ഇലവനില്‍ ഇടം പിടിച്ചത് ശ്രീലങ്കയുടെ ധനഞ്ജയ ഡിസില്‍വ, പാകിസ്താന്റെ മുഹമ്മദ് നവാസ്, ഇന്ത്യയുടെ ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരാണ്. നാലു കളിയില്‍ നിന്നും ഡിസില്‍വ നേടിയിരിക്കുന്നത് 73 റണ്‍സ് മാത്രമാണ്. നവാസാവട്ടെ നാലു കളിയില്‍ നിന്നും 57 റണ്‍സും രണ്ടു വിക്കറ്റുകളുമാണ് വീഴ്ത്തിയത്. ശര്‍ദ്ദുലിന് മൂന്നു കളിയിലാണ് ബൗള്‍ ചെയ്യാന്‍ അവസരം കിട്ടിയത്. ഇവയില്‍ നിന്നും ലഭിച്ചത് രണ്ടു വിക്കറ്റ് മാത്രം. ബാറ്റിങില്‍ താരം പരീക്ഷിക്കപ്പെട്ടതുമില്ല.
ഫ്‌ളോപ്പ് ഇലവനിലെ സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാര്‍ ഇംഗ്ലണ്ട് പേസര്‍ മാര്‍ക്ക് വുഡ്, പാകിസ്താന്‍ പേസര്‍ ഹാരിസ് റൗഫ്, ബംഗ്ലാദേശിന്റെ മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരാണ്. 150 കിമിക്കു മുകളില്‍ വേഗതയില്‍ ബൗള്‍ ചെയ്യാന്‍ മിടുക്കരായ വുഡും റൗഫും റണ്‍സ് വാരിക്കോരി നല്‍കുകയാണ്.
നാലു കളിയില്‍ 6.77 ഇക്കോണമി റേറ്റില്‍ മൂന്നു വിക്കറ്റുകള്‍ മാത്രമേ വുഡ് വീഴ്ത്തിയിട്ടുള്ളൂ. റൗഫാവട്ടെ 6.98 എന്ന ദയനീയ ഇക്കോണമി റേറ്റില്‍ എട്ടു വിക്കറ്റുകളും നേടി. മുസ്തഫിസുറിന് വെറും രണ്ടു വിക്കറ്റകളാണ് ഇത്തവണ ലഭിച്ചത്.
ഫ്‌ളോപ്പ് ഇലവന്‍
ജോണി ബെയര്‍സ്‌റ്റോ (ഇംഗ്ലണ്ട്), കുശാല്‍ പെരേര (ശ്രീലങ്ക), സ്റ്റീവ് സ്മിത്ത് (ഓസ്‌ട്രേലിയ), നജ്മുല്‍ ഷാന്റോ (ബംഗ്ലാദേശ്), ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, ഇംഗ്ലണ്ട്), ധനഞ്ജയ ഡിസില്‍വ (ശ്രീലങ്ക), മുഹമ്മദ് നവാസ് (പാകിസ്താന്‍), ശര്‍ദ്ദുല്‍ ടാക്കൂര്‍ (ഇന്ത്യ), മാര്‍ക്ക് വുഡ് (ഇംഗ്ലണ്ട്), ഹാരിസ് റൗഫ് (പാകിസ്താന്‍), മുസ്തഫിസുര്‍ റഹ്മാന്‍ (ബംഗ്ലാദേശ്).