അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ന്യൂസീലന്‍ഡിനെതിരേ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് അക്കൗണ്ട് തുറന്നത് സിക്‌സറിലൂടെയാണ്. ട്രന്റ് ബോള്‍ട്ടെറിഞ്ഞ ആദ്യ ഓവറിന്റെ രണ്ടാം പന്തില്‍ത്തന്നെ ജോണി ബെയര്‍സ്റ്റോ സിക്‌സര്‍ പറത്തുകയായിരുന്നു. ഇതോടെ ചരിത്ര റെക്കോഡിലേക്കെത്തിയിരിക്കുകയാണ് ബെയര്‍സ്‌റ്റോ. ലോകകപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ് ആദ്യ റണ്‍സ് സിക്‌സറിലൂടെ ഒരു താരം നേടുന്നത്.
ഇതോടെ ഈ അപൂര്‍വ്വ നേട്ടത്തിലേക്കെത്തുന്ന ആദ്യത്തെ താരമായി മാറിയിരിക്കുകയാണ് ജോണി ബെയര്‍സ്‌റ്റോ. ഏകദിന ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ അക്കൗണ്ട് തുറക്കുന്നത് സിക്‌സറിലൂടെയെന്നത് എളുപ്പമുള്ള കാര്യമല്ല. അസാധ്യ ധൈര്യം ഇക്കാര്യത്തില്‍ വേണ്ടിവരും. ട്രന്റ് ബോള്‍ട്ടിനെപ്പോലെ പന്ത് നന്നായി സ്വിങ് ചെയ്യിക്കുന്ന ബൗളറെ നേരിട്ട രണ്ടാം പന്തില്‍ തന്നെ ആക്രമിച്ചത് ബെയര്‍സ്റ്റോയുടെ പ്രതിഭ അടയാളപ്പെടുത്തുന്നതാണ്.
35 പന്ത് നേരിട്ട് 4 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 33 റണ്‍സ് നേടിയ ബെയര്‍സ്റ്റോയെ മിച്ചല്‍ സാന്റനറാണ് പുറത്താക്കിയത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് പ്രതീക്ഷിച്ച ബാറ്റിങ് പ്രകടനം ആദ്യ മത്സരത്തില്‍ കാഴ്ചവെക്കാനായില്ല. സ്‌കോര്‍ബോര്‍ഡില്‍ 40 റണ്‍സുള്ളപ്പോള്‍ ഡേവിഡ് മലാനെ (14) ഇംഗ്ലണ്ടിന് നഷ്ടമായി. ജോ റൂട്ട് ഗംഭീര ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. 86 പന്ത് നേരിട്ട് 4 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 77 റണ്‍സാണ് റൂട്ട് നേടിയത്.
ജോസ് ബട്‌ലര്‍ 42 പന്തില്‍ 43 റണ്‍സ് നേടി. എന്നാല്‍ വലിയൊരു സ്‌കോറിലേക്കുയരാന്‍ ഇംഗ്ലണ്ടിനായില്ല. നായകന്‍ കെയന്‍ വില്യംസണിന്റെ അഭാവത്തില്‍ ന്യൂസീലന്‍ഡിനെ മികച്ച രീതിയില്‍ നയിക്കാന്‍ ടോം ലാദത്തിന് സാധിച്ചു. കൃത്യമായ ബൗളിങ് ചെയ്ഞ്ചിലൂടെ ഇംഗ്ലണ്ടിന്റെ റണ്ണൊഴുക്കിനെ ലാദം പിടിച്ചുകെട്ടി. അഹമ്മദാബാദില്‍ മത്സരം ആരംഭിക്കുമ്പോള്‍ ഒഴിഞ്ഞ ഗ്യാലറിയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ വൈകുന്നേരം ആയപ്പോഴേക്കും ആരാധകര്‍ ഗ്യാലറിയിലേക്കെത്തി.

ഇത്തവണയും ഫേവറേറ്റുകളായി വിശേഷിപ്പിക്കപ്പെടുന്ന ടീമാണ് ഇംഗ്ലണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള താരങ്ങളുടെ നിരയായ ഇംഗ്ലണ്ട് ഫൈനല്‍ കളിക്കുമെന്ന് പ്രവചിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ കിവീസിനെതിരേ പ്രതീക്ഷിച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ ഇംഗ്ലണ്ടിനായില്ലെന്നതാണ് വസ്തുത. ഇംഗ്ലണ്ട് നിരയില്‍ ഹാരി ബ്രൂക്ക് തകര്‍പ്പന്‍ പ്രകടനം നടത്തി ഫോമിലേക്കെത്തുമെന്ന് തോന്നിക്കവെ പുറത്തായി.
രചിന്‍ രവീന്ദ്രയുടെ പന്തില്‍ രണ്ട് ബൗണ്ടറിയും സിക്‌സറും പറത്തിയ ബ്രൂക്കിനെ ഷോട്ട് ബോളിലൂടെത്തന്നെ ഇന്ത്യന്‍ വംശജനായ രചിന്‍ പുറത്താക്കുകയായിരുന്നു. അവസാന ഐപിഎല്ലില്‍ ഹൈദരാബാദിന്റെ താരമായിരുന്ന ബ്രൂക്ക് ഒരു സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ സ്ഥിരതയോടെ മികവുകാട്ടാന്‍ ബ്രൂക്കിന് സാധിച്ചിരുന്നില്ല. ഇന്ത്യന്‍ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ബ്രൂക്ക് പതറുകയാണ്. കിവീസിനെതിരേയും ഇതാണ് കണ്ടത്. സമീപകാലത്തൊന്നും മികച്ച പ്രകടനം നടത്താന്‍ ബ്രൂക്കിന് സാധിച്ചിട്ടില്ല.
ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 9 വിക്കറ്റിന് 282 റണ്‍സാണ് അടിച്ചെടുത്തത്. കിവീസിനായി മാറ്റ് ഹെന്റി മൂന്നും മിച്ചല്‍ സാന്റ്‌നര്‍, ഗ്ലെന്‍ ഫിലിപ്‌സര്‍ എന്നിവര്‍ രണ്ടും ട്രന്റ് ബോള്‍ട്ട്, രചിന്‍ രവീന്ദ്ര എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു. ഫൈനലില്‍ തോല്‍പ്പിച്ച ഇംഗ്ലണ്ടിനോട് പകരം വീട്ടാന്‍ കിവീസിന് സാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ മഞ്ഞിന്റെ ആനുകൂല്യം ലഭിക്കും. ഇതിനെ മറികടന്ന് മികച്ച ബൗളിങ് പ്രകടനം നടത്താന്‍ ഇംഗ്ലണ്ടിന് സാധിക്കുമോയെന്നത് കണ്ടറിയാം.
ഇന്ത്യയുടെ ആദ്യ മത്സരം എട്ടാം തീയ്യതിയാണ്. ഇതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചെന്നൈയില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. വിജയത്തോടെ തുടങ്ങാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.