അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ ചിരവൈരികളുടെ പോരാട്ടത്തില്‍ പാകിസ്താനെ 7 വിക്കറ്റിന് തകര്‍ത്തിരിക്കുകയാണ് ഇന്ത്യ. ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ 191 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 117 പന്ത് ബാക്കിയാക്കിയാണ് തകര്‍പ്പന്‍ ജയം നേടിയത്. ഒരു ഘട്ടത്തില്‍ 3 വിക്കറ്റിന് 155 എന്ന നിലയിലായിരുന്ന പാകിസ്താന്‍ പിന്നീട് തകര്‍ന്നടിയുകയായിരുന്നു. ഇന്ത്യക്കായി ജസ്പ്രീത് ബുംറയും കുല്‍ദീപ് യാദവും മുഹമ്മദ് സിറാജുമെല്ലാം തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് പുറത്തെടുത്തത്.
ഇപ്പോഴിതാ പാകിസ്താനെ കുടുക്കിയ ഇന്ത്യയുടെ തന്ത്രം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ബുംറ. പിച്ച് തുടക്കത്തിലേ ബാറ്റിങ്ങിന് അനുകൂലമാണെങ്കിലും പിന്നീട് സ്ലോയാകുമെന്ന് ഇന്ത്യക്ക് അറിയാമായിരുന്നുവെന്നാണ് ബുംറ വെളിപ്പെടുത്തിയത്. 'മികച്ച അനുഭൂതിയാണുള്ളത്. കഴിയുന്ന അത്ര വേഗത്തില്‍ വിക്കറ്റിനെക്കുറിച്ച് മനസിലാക്കുകയാണ് വേണ്ടത്. തുടക്കത്തിലേ ഹാര്‍ഡ് ലെങ്ത് ആണെങ്കിലും പിന്നീട് പിച്ച് സ്ലോയാകുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു.
ബാറ്റ്‌സ്മാന് പ്രയാസമുള്ള ലെങ്തില്‍ പന്തെറിയുക എന്നതായിരുന്നു പദ്ധതി. ചെറുപ്പത്തില്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ നിരവധി സംശയങ്ങള്‍ ചോദിച്ചിരുന്നു. ഇത് എന്റെ അറിവ് മെച്ചപ്പെടുത്താനും പ്രയാസമുള്ള സാഹചര്യത്തില്‍ തിളങ്ങാനും സഹായിച്ചു. പിച്ചിനെക്കുറിച്ച് മനസിലാക്കാനും വ്യത്യസ്തമായ പന്തുകള്‍ ചെയ്യാനും എനിക്ക് ഇഷ്ടമാണ്'-മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കവെ ബുംറ പറഞ്ഞു.
മത്സരത്തിന്റെ തുടക്ക സമയത്ത് ബാറ്റ്‌സ്മാന്‍മാര്‍ക്ക് സമ്പൂര്‍ണ്ണ ആധിപത്യമാണ് പിച്ചില്‍ ലഭിച്ചത്. പന്തിന് സ്വിങ് ലഭിക്കാതെ വന്നതോടെ ബൗളര്‍മാര്‍ പ്രയാസപ്പെട്ടു. ബുംറ വ്യത്യസ്ത പന്തുകളിലൂടെ റണ്ണൊഴുക്ക് തടുത്തപ്പോള്‍ മുഹമ്മദ് സിറാജ് നന്നായി തല്ലുവാങ്ങി. മോശം ലൈനും ലെങ്തുമായിരുന്നു സിറാജിനുണ്ടായിരുന്നത്. എന്നാല്‍ സൂപ്പര്‍ ഓപ്പണര്‍ അബ്ദുല്ല ഷെഫീഖിനെ പുറത്താക്കി ഇന്ത്യക്ക് ആദ്യ ആശ്വാസം നല്‍കിയത് മുഹമ്മദ് സിറാജാണ്.

ഇമാം ഉല്‍ ഹഖിനെ ഹാര്‍ദിക് പാണ്ഡ്യയും പുറത്താക്കി. എന്നാല്‍ മുഹമ്മദ് റിസ്വാന്‍-ബാബര്‍ ആസം കൂട്ടുകെട്ട് വീണ്ടും ഇന്ത്യക്ക് തലവേദനയായി. ഇരുവരും മികച്ച രീതിയില്‍ മുന്നേറെ ബാബറെ മടക്കി സിറാജാണ് മത്സരത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ചത്. ഇത് നിര്‍ണ്ണായകമായി മാറി. പിച്ച് ഇവിടെ മുതല്‍ സ്ലോവായി. എന്നാല്‍ ഇത് കൃത്യമായി മനസിലാക്കാന്‍ പാകിസ്താന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിക്കാതെ പോയി. ഇതാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ മുതലാക്കിയത്.
മുഹമ്മദ് റിസ്വാന്റെ ബാറ്റിങ് പാകിസ്താന് വളരെ നിര്‍ണ്ണായകമായിരുന്നു. മികച്ച ഫോമിലായിരുന്ന റിസ്വാന്‍ 49 റണ്‍സുമായി പാകിസ്താന്റെ രക്ഷകനായി മാറവെ ജസ്പ്രീത് ബുംറ വില്ലനായി. തകര്‍പ്പന്‍ കട്ടറിലൂടെ ബുംറ റിസ്വാനെ ക്ലീന്‍ബൗള്‍ഡാക്കി. ഇതോടെ പാകിസ്താന്‍ വലിയ തകര്‍ച്ചയിലേക്കും നീങ്ങി. ഇന്ത്യ ബാറ്റിങ് തുടങ്ങിയപ്പോള്‍ റണ്ണൊഴുകുന്നുണ്ടായിരുന്നു. എന്നാല്‍ 15 ഓവര്‍ പിന്നിട്ടപ്പോഴേക്കും പിച്ച് സ്ലോയായി. ഇതാണ് രോഹിത് ശര്‍മയുടെ വിക്കറ്റില്‍ കലാശിച്ചത്.
63 പന്തില്‍ 6 വീതം ഫോറും സിക്‌സുമാണ് രോഹിത് നേടിയത്. സെഞ്ച്വറിയിലേക്കടുക്കവെ ഷഹീന്‍ ഷാ അഫ്രീദിയുടെ സ്ലോകട്ടറിലൂടെ രോഹിത് മടങ്ങുകയായിരുന്നു. ശ്രേയസ് അയ്യര്‍ 62 പന്തില്‍ 3 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 53 റണ്‍സുമായി പുറത്താവാതെ നിന്നു. വിരാട് കോലി 16 റണ്‍സില്‍ പുറത്തായപ്പോള്‍ കെ എല്‍ രാഹുല്‍ 19 റണ്‍സുമായി ശ്രേയസിന് മികച്ച പിന്തുണ നല്‍കി. തകര്‍പ്പന്‍ ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കെത്താന്‍ ഇന്ത്യക്കായി.
അഹമ്മദാബാദിലെ ആരാധകര്‍ സൃഷ്ടിച്ച സമ്മര്‍ദ്ദവും പാകിസ്താന് തിരിച്ചടിയായി. എന്നാല്‍ മികച്ച തുടക്കം ലഭിച്ച ശേഷമാണ് ടീം തകര്‍ന്നതെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. എന്തായാലും ഏകദിന ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാത്ത ടീമെന്ന നാണക്കേടില്‍ ഇപ്പോഴും പാകിസ്താന്‍ തുടരുകയാണ്.