ഐസിസിയുടെ ഏകദിന ലോകകപ്പ് ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കെ വിക്കറ്റ് കീപ്പറുടെ കാര്യത്തില്‍ സസ്‌പെന്‍സ് തുടരുകയാണ്. റിഷഭ് പന്താണ് നിലവില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറെങ്കിലും കാറപകടത്തില്‍ പരിക്കേറ്റ് വിശ്രമിക്കുന്ന അദ്ദേഹത്തിനു ലോകകപ്പില്‍ ളിക്കാനാവുമോയെന്ന കാര്യം ഇപ്പോഴും ഉറപ്പായിട്ടില്ല. മാച്ച് ഫിറ്റ്‌നസ് വീണ്ടെടുത്ത് കുറച്ചു മല്‍സരങ്ങളിലെങ്കിലും കളിച്ചെങ്കില്‍ മാത്രമേ അദ്ദേഹത്തെ ലോകകപ്പിലേക്കു പരിഗണിക്കാന്‍ സാധിക്കുകയുള്ളൂ.
അതുകൊണ്ടു തന്നെ മൂന്നു പേരാണ് നിലവില്‍ ലോകകപ്പില്‍ വിക്കറ്റ് കീപ്പറുടെ സ്ഥാനത്തേക്കു മല്‍സരിക്കുന്നത്. കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവര്‍ക്കിടയിലാണ് ത്രികോണ പോരാട്ടം. ലോകകപ്പില്‍ ആരാവണം വിക്കറ്റ് കീപ്പറെന്നതിനെക്കുറിച്ച് തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റര്‍ മുഹമ്മദ് കൈഫ്.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ സ്റ്റാറിനോടു ചോദിക്കൂ (Ask Star) എന്ന ഷോയില്‍ അതിഥിയായി വന്നപ്പോഴാണ് ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറെ മുഹമ്മദ് കൈഫ് തിരഞ്ഞെടുത്തത്. ഇഷാന്‍ കിഷനായിരിക്കണം അടുത്ത ലോകകപ്പിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പിങ് ഓപ്ഷനെന്നു ഞാന്‍ കരുതുന്നു.
കാരണം അവനാണ് ഒരു സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍. വളര മികച്ച കീപ്പറും കൂടിയാണ് ഇഷാന്‍. കെഎല്‍ രാഹുലും ഇന്ത്യക്കു വേണ്ടി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ വിക്കറ്റ് കാക്കാറുണ്ട്. നേരത്തേ റിഷഭ് പന്ത് ടീമിന്റെ ഭാഗമായിരുന്നപ്പോള്‍ തന്നെ രാഹുലിനു വിക്കറ്റ് കാക്കാന്‍ അവസരം ലഭിച്ചിരുന്നു.
റിഷഭ് പന്ത് ഒരു സമയത്തു ബാറ്റിങില്‍ ഫോമൗട്ടായിരുന്നപ്പോള്‍ നമ്മള്‍ വിക്കറ്റ് കീപ്പറായി കെഎല്‍ രാഹുലിനെ പരീക്ഷിച്ചിട്ടുണ്ട്. പക്ഷെ ഇത്തവണ റിഷഭ് പന്ത് പരിക്കുകാരണം ലോകകപ്പില്‍ കളിക്കാതിരിക്കുകയും ഇഷാന്‍ കിഷന്‍ ടീമിലേക്കു വരികയും ചെയ്താല്‍ വിക്കറ്റ് കീപ്പിങ് അവനെ തന്നെ ഏല്‍പ്പിക്കുന്നതായിരിക്കും നല്ലത്. ഒരു യഥാര്‍ഥ വിക്കറ്റ് കീപ്പറാണ് ഇഷാന്‍. അതുകൊണ്ടു തന്നെയാണ് അവനു താന്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും മുഹമ്മദ് കൈഫ് വിശദമാക്കി.
അതേസമയം, ഏകദിന ക്രിക്കറ്റില്‍ 60ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള കൂടുതല്‍ മികച്ച വിക്കറ്റ് കീപ്പര്‍ കൂടിയായ സഞ്ജു സാംസണിന്റെ പേര് പോലും ലോകകപ്പ് ടീമിലേക്കു പരാമര്‍ശിക്കാന്‍ മുഹമ്മദ് കൈഫ് തയ്യാറായില്ലെന്നതു ആശ്ചര്യപ്പെടുത്തും. ഏകദിനത്തില്‍ 10 ഇന്നിങ്‌സുകളില്‍ നിന്നും 66 ശരാശരിയില്‍ 104.76 സ്‌ട്രൈക്ക് റേറ്റോടെ 330 റണ്‍സ് സഞ്ജു നേടിയിട്ടുണ്ട്.

രണ്ടു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. കഴിഞ്ഞ വര്‍ഷം നവംബറില്‍ ന്യൂസിലാന്‍ഡിനെതിരേ അവരുടെ നാട്ടില്‍ നടന്ന ഏകദിനത്തിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. ഈ മല്‍സരത്തില്‍ 36 റണ്‍സ് നേടിയെങ്കിലും പരമ്പരയിലെ ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ സഞ്ജു തഴയപ്പെടുകയായിരുന്നു.
ഈ വര്‍ഷം ഐപിഎല്ലിനു തൊട്ടുമുമ്പ് ഓസ്‌ട്രേലിയയുമായി നടന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ അദ്ദേഹത്തിനു ഇടം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. കാരണം പരിക്കു കാരണം ശ്രേയസ് അയ്യര്‍ ഈ പരമ്പരയില്‍ നിന്നും പിന്‍മാറിയിരുന്നു. പക്ഷെ സെലക്ഷന്‍ കമ്മിറ്റി സഞ്ജുവിനെ തഴയുകയായിരുന്നു. ശ്രേയസിന്റെ പകരക്കാനായി പരീക്ഷിച്ച സൂര്യകുമാര്‍ യാദവ് മൂന്നു കളിയിലും ഡെക്കായി നാണക്കേട് കുറിക്കുകയും ചെയ്തു.
അതേസമയം, ഇഷാന്‍ കിഷന്റെ ഏകദിന കരിയറെടുത്താല്‍ ഈ വര്‍ഷം കളിച്ച മല്‍സരങ്ങളിലൊന്നും താരം ബാറ്റിങില്‍ തിളങ്ങിയിട്ടില്ല. 13 ഇന്നിങ്‌സുകളിലാണ് അദ്ദേഹം ഇതുവരെ കളിച്ചത്. ഇവയില്‍ 42.5 ശരാശരിയില്‍ നേടിയത് 510 റണ്‍സാണ്. ഒരു ഡബിള്‍ സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. കഴിഞ്ഞ വര്‍ഷമവസാനം ഇന്ത്യന്‍ ടീമിന്റെ ബംഗ്ലാദേശ് പര്യടനത്തിലായിരുന്നു ഇഷാന്‍ 210 റണ്‍സോടെ കസറിയത്.