അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക് സൂപ്പര്‍ പോരാട്ടം ആവേശകരമായി പുരോഗമിക്കുകയാണ്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആദ്യം പന്തെറിയാന്‍ തീരുമാനിക്കുകയായിരുന്നു. ഭേദപ്പെട്ട തുടക്കം തന്നെയാണ് പാകിസ്താന് ലഭിച്ചിരിക്കുന്നത്. ഓപ്പണര്‍ അബ്ദുല്ല ഷഫീഖിനെയും (20) ഇമാം ഉല്‍ ഹഖിനെയും (36) 13 ഓവറിനുള്ളില്‍ മടക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ഇതില്‍ ഇമാം ഉല്‍ ഹഖിനെ പുറത്താക്കിയത് ഹാര്‍ദിക് പാണ്ഡ്യയാണ്.
ഹാര്‍ദിക്കിന്റെ മികച്ച ലൈനിലുള്ള പന്തില്‍ ബാറ്റുവെച്ച ഇമാം ഉല്‍ ഹഖ് വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. എന്നാല്‍ ഈ വിക്കറ്റ് നേടുന്നതിന് മുമ്പ് ഹാര്‍ദിക് പാണ്ഡ്യ പന്തില്‍ ചെയ്തത് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. പന്തെറിയുന്നതിന് തൊട്ടുമുമ്പ് പന്തില്‍ എന്തോ മന്ത്രിക്കുന്നതുപോലെയാണ് വീഡിയോയില്‍ വ്യക്തമാകുന്നത്. ഹാര്‍ദിക് പന്തില്‍ എന്തോ പറഞ്ഞിട്ടുണ്ടെന്ന് വീഡിയോയില്‍ വ്യക്തമായി കാണാം.
എന്നാല്‍ എന്താണ് പറഞ്ഞതെന്നത് വ്യക്തമല്ല. ഹാര്‍ദിക് പന്തില്‍ ദുര്‍മന്ത്രവാദം കാട്ടിയതാണോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഹാര്‍ദിക് പന്തില്‍ എന്തോ പറഞ്ഞതിന് ശേഷം എറിഞ്ഞ തൊട്ടടുത്ത പന്തില്‍ വിക്കറ്റ് നേടാനായി എന്നതാണ് കൗതുകം. എന്താണ് പറഞ്ഞതെന്നത് ഹാര്‍ദിക്കിന് മാത്രം അറിയാവുന്ന കാര്യമാണ്. ഇത് മത്സരശേഷം ഹാര്‍ദിക് വെളിപ്പെടുത്തുമോയെന്നത് കണ്ടറിയാം. ഇതിന് മുമ്പ് ഹാര്‍ദിക് ഇങ്ങനെയൊന്നും ചെയ്യുന്നത് കണ്ടിട്ടില്ല.
എന്നാല്‍ ഹാര്‍ദികിന്റെ നിര്‍ണ്ണായക നീക്കത്തിലൂടെ നിര്‍ണ്ണായക വിക്കറ്റാണ് ഇന്ത്യക്ക് ലഭിച്ചത്. ഇമാം ഉല്‍ ഹഖ് മികച്ച രീതിയില്‍ ബാറ്റുചെയ്യവെയാണ് ഹാര്‍ദിക് പുറത്താക്കിയത്. അല്ലായിരുന്നെങ്കില്‍ മികച്ച സ്‌കോറിലേക്ക് ടീമിനെയെത്തിക്കാന്‍ ഇടം കൈയന്‍ ഓപ്പണര്‍ക്ക് സാധിക്കുമായിരുന്നു. എന്തായാലും ഹാര്‍ദിക്കിന്റെ വിക്കറ്റ് നേട്ടം ഇന്ത്യക്ക് കരുത്തായി. എന്നാല്‍ വിക്കറ്റിന് മുമ്പ് ഹാര്‍ദിക് ചെയ്ത രഹസ്യ പദ്ധതിയുടെ വീഡിയോ വൈറലായിക്കഴിഞ്ഞു.

മികച്ച തുടക്കമാണ് പാകിസ്താന് ലഭിച്ചിരിക്കുന്നത്. ഓപ്പണര്‍ അബ്ദുല്ല ഷഫീഖ് 24 പന്തില്‍ 20 റണ്‍സ് നേടി. മൂന്ന് ബൗണ്ടറി നേടിയ താരത്തെ എല്‍ബിയില്‍ കുടുക്കിയത് മുഹമ്മദ് സിറാജാണ്. പിന്നാലെയാണ് 38 പന്തില്‍ 6 ബൗണ്ടറി ഉള്‍പ്പെടെ 36 റണ്‍സ് നേടിയ ഇമാം ഉല്‍ ഹഖിനെ ഹാര്‍ദിക് പുറത്താക്കിയത്. 58 പന്തില്‍ 7 ഫോറടക്കം 50 റണ്‍സ് നേടിയ പാക് നായകന്‍ ബാബര്‍ ആസമിനെ സിറാജ് ക്ലീന്‍ബൗള്‍ഡാക്കുകയും ചെയ്തു.
അഹമ്മദാബാദിലെ പിച്ച് ബാറ്റിങ്ങിന് അനുകൂലമാണ്. വൈകീട്ട് മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ പാകിസ്താന്‍ വലിയ വിജയലക്ഷ്യംവെച്ചാലും മറികടക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ശുബ്മാന്‍ ഗില്‍ തിരിച്ചെത്തിയതോടെ ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ന്നിട്ടുണ്ട്. രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം ചേരുമ്പോള്‍ ഇന്ത്യക്ക് വിജയലക്ഷ്യം മറികടന്ന് ജയിക്കാനാവുമെന്നാണ് പ്രതീക്ഷ.
എന്തായാലും ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പ്. മികച്ച ബൗളിങ് കരുത്ത് പാകിസ്താനുണ്ട്. ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റഊഫ്, ഹസന്‍ അലി എന്നിവരെല്ലാം ഉള്‍പ്പെടുന്ന പാക് ബൗളിങ് നിരയെ നേരിട്ട് ജയിക്കുകയെന്നത് ഇന്ത്യക്ക് കടുപ്പമായിരിക്കുമെന്നുറപ്പ്.
പ്ലെയിങ് ഇലവന്‍ ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
പാകിസ്താന്‍- അബ്ദുള്ള ഷഫീഖ്, ഇമാമുള്‍ ഹഖ്, ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), സൗത് ഷക്കീല്‍, ഇഫ്തിഖാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഹസന്‍ അലി, ഷഹീന്‍ അഫ്രീഡി, ഹാരിസ് റൗഫ്.