ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ പേസറാണ് മുഹമ്മദ് സിറാജ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളായി അതിവേഗത്തില്‍ വളരാന്‍ സിറാജിനായി. ഒരുകാലത്ത് തല്ലുകൊള്ളി ബൗളറെന്ന നിലയില്‍ വലിയ വിമര്‍ശനവും പരിഹാസവും കേട്ട സിറാജ് ഇന്ന് ന്യൂബോളിലെ മിന്നല്‍ പ്രകടനങ്ങളോടെ കൈയടി നേടുകയാണ്. ഏഷ്യാ കപ്പ് ഫൈനലില്‍ ഒരോവറില്‍ നാല് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ ആറ് വിക്കറ്റുമായാണ് സിറാജ് കസറിയത്.
ഇതാണ് ഏക പക്ഷീയമായ 10 വിക്കറ്റിന്റെ ജയം ഇന്ത്യക്ക് നേടിക്കൊടുത്തത്. ഹൈദരാബാദിലെ ഓട്ടോറിക്ഷാക്കാരന്റെ മകനില്‍ നിന്ന് ഇന്ത്യയുടെ പ്രധാന പേസറായി മാറാന്‍ സിറാജിന് സാധിച്ചുവെന്നത് എടുത്തു പറയേണ്ട കാര്യമാണ്. 29കാരനായ സിറാജ് ഇതുവരെ വിവാഹം കഴിച്ചിട്ടില്ലെന്നതാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ ഐഡിന്റിറ്റിയില്‍ സിംഗിള്‍ എന്നാണുള്ളത്. എന്നാല്‍ സിറാജ് നേരത്തെ വിവാഹം കഴിച്ചുവെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
സിറാജിന്റെയും കുടുംബത്തിന്റേയും ചിത്രത്തോടൊപ്പം സിറാജിന് തൊട്ടടുത്തായി നില്‍ക്കുന്ന സ്ത്രീ സിറാജിന്റെ ഭാര്യയാണെന്നും സൂപ്പര്‍ താരം ആകുന്നതിന് മുമ്പ് വിവാഹ നിശ്ചയം നടന്നിരുന്നുവെന്നുമെല്ലാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് സിറാജിന്റെ ബന്ധുവാണെന്നും ഭാര്യയല്ലെന്നുമാണ് അദ്ദേഹത്തിന്റെ കുടുംബ സുഹൃത്തുക്കളെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സിറാജിന്റെ വിവാഹം കഴിഞ്ഞുവെന്ന തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ഇപ്പോള്‍ കരിയറിനാണ് പ്രാധാന്യം നല്‍കുന്നതെന്നുമാണ് കുടുംബ സുഹൃത്തുക്കള്‍ പറയുന്നത്. ചില പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടാണ് ആരാധകര്‍ക്കിടയില്‍ വൈറലായി മാറിയത്. എന്തായാലും ഈ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇപ്പോള്‍ ലോകകപ്പിനായുള്ള മുന്നൊരുക്കത്തിലാണ് സിറാജുള്ളത്.

ഏഷ്യാ കപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം ഓസീസിനെതിരായ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഇതിന് ശേഷം സന്നാഹ മത്സരവും ഇന്ത്യ കളിക്കുന്നുണ്ട്. ഇതിന് ശേഷമാണ് ലോകകപ്പ് കളിക്കുന്നത്. സിറാജിന്റെ ബൗളിങ് പ്രകടനത്തില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നുണ്ട്. ന്യൂബോളില്‍ ജസ്പ്രീത് ബുംറയോടൊപ്പം പ്രധാന സ്ഥാനമാണ് സിറാജിനുള്ളത്. ലോകകപ്പിലും മുഹമ്മദ് ഷമിയെ പുറത്തിരുത്തി സിറാജിനാവും ഇന്ത്യ മുഖ്യ പരിഗണന നല്‍കുകയെന്നുറപ്പ്.
ഇന്‍സ്വിങ്ങറും ഔട്ട്‌സ്വിങ്ങറും ഒരുപോലെ ചെയ്യാന്‍ സാധിക്കുന്ന താരമാണ് സിറാജ്. ഏഷ്യാ കപ്പിലെ ഗംഭീര പ്രകടനത്തോടെ സിറാജിന്റെ ആരാധക പിന്തുണ വളരെയധികം ഉയര്‍ന്നിട്ടുണ്ട്. സിറാജിനെ അഭിനന്ദിച്ച് ശ്രദ്ധാ കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റിട്ടിരുന്നു. 'ഫ്രീ സമയങ്ങളില്‍ സിറാജ് എന്താണ് ചെയ്യുന്നതെന്ന് ചോദിക്കാമോ' എന്നായിരുന്നു ശ്രദ്ധയുടെ പോസ്റ്റ്. വളരെ വേഗം ഇത് വൈറലായി മാറുകയും ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തയും ഗോസിപ്പ് കോളങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.
എന്നാല്‍ ഇതിനോട് സിറാജ് പ്രതികരിച്ചിട്ടില്ല. വളരെ പിന്നോക്കം നിന്ന സാമ്പത്തിക സ്ഥിതിയില്‍ നിന്നാണ് സിറാജിന്റെ വളര്‍ച്ച. ഇന്ന് 45 കോടിക്ക് മുകളില്‍ അദ്ദേഹത്തിന് ആസ്തിയുണ്ട്. ഐപിഎല്ലില്‍ ആര്‍സിബിയുടെ നിര്‍ണ്ണായക താരമാണ് സിറാജ്. ഇനിയും അഞ്ച് വര്‍ഷമെങ്കിലും ക്രിക്കറ്റില്‍ സജീവമായി സിറാജുണ്ടാവും. വിരമിക്കാറുകുമ്പോഴേക്കും 100 കോടിയിലധികം രൂപയുടെ ആസ്തി സിറാജിനുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
21 ടെസ്റ്റില്‍ നിന്ന് 59 വിക്കറ്റും 29 ഏകദിനത്തില്‍ നിന്ന് 53 വിക്കറ്റും 8 ടി20യില്‍ നിന്ന് 11 വിക്കറ്റുമാണ് സിറാജിന്റെ പേരിലുള്ളത്. 79 ഐപിഎല്ലില്‍ നിന്നായി 78 വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. ഇത്തവണ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി സിറാജ് കസറുമെന്ന് തന്നെ പ്രതീക്ഷിക്കാം.