മുംബൈ: ഏകദിന ലോകകപ്പ് ആവേശകരമായി പുരോഗമിക്കവെ ഇന്ത്യയുടെ കുതിപ്പാണ് കാണാനാവുന്നത്. ആതിഥേയരായ ഇന്ത്യ തട്ടകത്തിന്റെ ആധിപത്യം മുതലാക്കിത്തന്നെ മുന്നോട്ട് പോകുന്നുണ്ട്. ആദ്യത്തെ അഞ്ച് മത്സരവും ജയിച്ച് 10 പോയിന്റുകളുമായി ഇന്ത്യ പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. 1.353 ആണ് ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ്. അഞ്ച് ജയത്തോടെ ഇന്ത്യ നിലവില്‍ മുന്നിലാണെങ്കിലും സെമി ഉറപ്പിച്ചോ?. ശേഷിക്കുന്ന നാല് മത്സരത്തില്‍ മൂന്നിലും ഇന്ത്യ തോറ്റാല്‍ എന്ത് സംഭവിക്കും? പരിശോധിക്കാം.
ഇന്ത്യക്ക് നാല് മത്സരങ്ങളാണ് ശേഷിക്കുന്നത്. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ് ടീമുകളെയാണ് ഇന്ത്യക്ക് ഇനി തോല്‍പ്പിക്കേണ്ടത്. നിലവിലെ ഫോമില്‍ ഇന്ത്യ അനായാസം ജയിക്കുമെന്ന് വിലയിരുത്താമെങ്കിലും വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമല്ല. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകള്‍ ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നവരാണ്. ഇന്ത്യ ഈ മൂന്ന് ടീമിനോട് തോല്‍ക്കുകയും നെതര്‍ലന്‍ഡ്‌സിനോട് ജയിക്കുകയും ചെയ്താല്‍ 12 പോയിന്റാവും ഇന്ത്യക്ക് ലഭിക്കുക.
നാല് മത്സരങ്ങള്‍ ശേഷിക്കുന്ന ന്യൂസീലന്‍ഡ് ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചാല്‍ സെമിയിലേക്കെത്തും. ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് മത്സരങ്ങള്‍ ശേഷിക്കെ ഈ മത്സരങ്ങളെല്ലാം ജയിച്ചാല്‍ അവര്‍ക്കും ഇന്ത്യയെ മറികടക്കാനാവും. ഓസീസിനും അഞ്ച് മത്സരങ്ങള്‍ ശേഷിക്കെ എല്ലാ മത്സരത്തിലും ജയിച്ചാല്‍ ഇന്ത്യയെ മറികടന്ന് സെമിയിലേക്കെത്താനാവും. പാകിസ്താന് നാല് മത്സരം ശേഷിക്കെ നാലിലും ജയിച്ചാല്‍ 12 പോയിന്റാവും ലഭിക്കുക.
അങ്ങനെ വന്നാല്‍ ഇന്ത്യയും പാകിസ്താനും 12 പോയിന്റ് വീതമാവുകയും നെറ്റ് റണ്‍റേറ്റ് നിര്‍ണ്ണായകമാവുകയും ചെയ്യും. ഇന്ത്യ മൂന്ന് മത്സരം തോറ്റാല്‍ നെറ്റ് റണ്‍റേറ്റില്‍ പിന്നോട്ട് പോവുകയും സെമി കാണാതെ പുറത്താവാനുമുള്ള സാധ്യതയും നിലനില്‍ക്കുന്നു. എന്നാല്‍ ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍ എന്നിവര്‍ക്കെല്ലാം പരസ്പരം മത്സരം ശേഷിക്കുന്നുണ്ട്. അതുകൊണ്ട് ഈ നാല് ടീമുകള്‍ക്കും ശേഷിക്കുന്ന എല്ലാ മത്സരവും ജയിക്കുകയെന്നത് പ്രായോഗികമല്ല.

എന്നാല്‍ ഇന്ത്യ ഇപ്പോഴും സുരക്ഷിതരാണെന്ന് പറയാറായിട്ടില്ല. മൂന്ന് മത്സരങ്ങള്‍ തോല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ ഇന്ത്യയുടെ സെമി പ്രതീക്ഷകളെ അത് പ്രതികൂലമായി ബാധിച്ചേക്കും. ഇംഗ്ലണ്ട് നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്നാല്‍ ഇപ്പോഴും ശക്തമായ താരനിരയാണ് ഇംഗ്ലണ്ടിന്റേത്. അതുകൊണ്ടുതന്നെ തോല്‍പ്പിക്കുക ഇന്ത്യയെ സംബന്ധിച്ച് കടുപ്പമായിരിക്കും. ദക്ഷിണാഫ്രിക്ക മികച്ച ഫോമിലാണ്.
നെതര്‍ലന്‍ഡ്‌സിനോട് അട്ടിമറി തോല്‍വി നേരിട്ടെങ്കിലും ശക്തമായി തിരിച്ചുവരാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. വലിയ മാര്‍ജിനില്‍ ജയിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിക്കുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. 2.212 എന്ന ഉയര്‍ന്ന നെറ്റ് റണ്‍റേറ്റാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ കരുത്തുകാട്ടുന്ന ദക്ഷിണാഫ്രിക്ക ഇന്ത്യക്ക് വലിയ വെല്ലുവിളിയാണെന്ന് നിസംശയം പറയാം.
ശ്രീലങ്കയാണ് മറ്റൊരു ടീം. ഇത്തവണ ഒത്തൊരുമയോടെ വലിയൊരു പ്രകടനം നടത്താനായിട്ടില്ലെങ്കിലും ഇന്ത്യയെ വീഴ്ത്താനുള്ള കരുത്ത് ഇപ്പോഴും ശ്രീലങ്കയ്ക്കുണ്ട്. വമ്പന്‍ പ്രകടനം നടത്താന്‍ കഴിവുള്ള താരനിരയാണ് ശ്രീലങ്കയുടേത്. തങ്ങളുടേതായ ദിനം ഏത് കൊമ്പനേയും മുട്ടുകുത്തിക്കാന്‍ ശ്രീലങ്കയ്ക്കാവും. ഇത് പരിഗണിക്കുമ്പോള്‍ ഇന്ത്യ ശ്രീലങ്കയേയും ഭയക്കണം. നെതര്‍ലന്‍ഡ്‌സ് ഇന്ത്യയെ വീഴ്ത്താന്‍ സാധ്യത വളരെ കുറവാണ്. എന്നാല്‍ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചവരാണ് നെതര്‍ലന്‍ഡ്‌സ്.
അതുകൊണ്ടുതന്നെ ഇന്ത്യ അല്‍പ്പം കരുതിത്തന്നെ ഇറങ്ങണം. ഇനിയുള്ള രണ്ട് മത്സരങ്ങള്‍ ജയിക്കാനായാല്‍ ഇന്ത്യക്ക് സെമി ഉറപ്പിക്കാം. അതുകൊണ്ടുതന്നെ ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ് മത്സരത്തെ മുതലാക്കാനാവും ഇന്ത്യ ശ്രമിക്കുക. എന്നാല്‍ അപ്രതീക്ഷിത തിരിച്ചടി നേരിടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എന്തായാലും ശേഷിക്കുന്ന മത്സരങ്ങള്‍ ഇന്ത്യക്ക് എളുപ്പമാവില്ല. നിലവിലെ വിജയക്കുതിപ്പ് തുടരാന്‍ ഇന്ത്യക്കാവുമോയെന്നത് കണ്ടറിയാം.