മുംബൈ: ഏകദിന ലോകകപ്പിലെ പോരാട്ടം സെമി ഫൈനലിനോടടുക്കവെ ആവേശം കൊടുമുടിയിലേക്കെത്തുകയാണ്. ആതിഥേയരായ ഇന്ത്യയും കരുത്തരായ ദക്ഷിണാഫ്രിക്കയും സെമി ഉറപ്പിച്ച് കഴിഞ്ഞു. ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങളില്‍ ആരൊക്കെയെന്നതാണ് ഇനി അറിയേണ്ടത്. ഇപ്പോഴിതാ ശക്തമായ തിരിച്ചുവരവോടെ പാകിസ്താന്‍ സെമി ഫൈനലിനോടടുത്ത് നില്‍ക്കുകയാണ്. അവസാന മത്സരത്തില്‍ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 21 റണ്‍സിനാണ് പാകിസ്താന്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചത്.
ഇതോടെ എട്ട് മത്സരത്തില്‍ നിന്ന് എട്ട് പോയിന്റുകളുമായി പാകിസ്താന്‍ അഞ്ചാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ്. ആദ്യത്തെ നാല് മത്സരം ജയിക്കുകയും പിന്നീടുള്ള നാല് മത്സരം തോല്‍ക്കുകയും ചെയ്ത ന്യൂസീലന്‍ഡ് എട്ട് പോയിന്റോടെ നാലാം സ്ഥാനത്താണ്. നെറ്റ് റണ്‍റേറ്റാണ് പാകിസ്താനെ മറികടന്ന് ന്യൂസീലന്‍ഡിനെ നാലാം സ്ഥാനത്ത് നിര്‍ത്തുന്നത്. അവസാന മത്സരത്തില്‍ രണ്ട് ടീമും ജയിക്കുകയാണെങ്കില്‍ നെറ്റ് റണ്‍റേറ്റാണ് സെമി ഫൈനലിസ്റ്റിനെ തീരുമാനിക്കുക.
പാകിസ്താന്റെ സെമി സാധ്യതകള്‍ വീണ്ടും സജീവമാകവെ ഇന്ത്യ-പാകിസ്താന്‍ സെമി പ്രതീക്ഷകളും ഉയരുകയാണ്. നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ പാകിസ്താനെ നാണംകെടുത്തിവിടാന്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍ സെമിയില്‍ പാകിസ്താനെ ലഭിച്ചാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. സമ്മര്‍ദ്ദത്തോടൊപ്പം ഭാഗ്യവും ഇന്ത്യയെ കൈവിട്ടാല്‍ ഫൈനല്‍ കാണാതെ ഇന്ത്യക്ക് പുറത്തുപോകേണ്ടി വരും. നിലവിലെ സാഹചര്യം വിലയിരുത്തി ഇന്ത്യ-പാക് സെമി ഫൈനല്‍ സാധ്യതകള്‍ പരിശോധിക്കാം.
ഒന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരും തമ്മിലാണ് ആദ്യ സെമി. രണ്ടാം സെമിയില്‍ രണ്ടാം സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരും ഏറ്റുമുട്ടും. ഇന്ത്യ നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. കളിച്ച ഏഴ് മത്സരത്തിലും ഇന്ത്യ വലിയ ജയമാണ് നേടിയെടുത്തത്. എന്നാല്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം ഉറപ്പിക്കാന്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തണം. ഇന്ത്യ പോയിന്റ് പട്ടികയില്‍ തലപ്പത്തെത്തിയാലേ ഇന്ത്യ-പാകിസ്താന്‍ സെമിക്ക് സാധ്യതയുള്ളൂവെന്ന് പറയാം.

അവസാന മത്സരത്തില്‍ ജയിക്കുകയും നെറ്റ് റണ്‍റേറ്റില്‍ ന്യൂസീലന്‍ഡിനെ മറികടക്കുകയും ചെയ്താല്‍ പാകിസ്താന് നാലാം സ്ഥാനത്തേക്കെത്താനാവും. ഓസ്‌ട്രേലിയയെ മറികടന്ന് മൂന്നാം സ്ഥാനത്തേക്കെത്തുക പാകിസ്താന് പ്രയാസമായിരിക്കും. അതുകൊണ്ടുതന്നെ നാലാം സ്ഥാനമേ പാകിസ്താന് പ്രതീക്ഷിക്കാനാവൂ. നാലാം സ്ഥാനക്കാരുടെ എതിരാളികള്‍ ഒന്നാം സ്ഥാനക്കാരായതിനാല്‍ ഇന്ത്യ-പാക് സെമി സംഭവിക്കണമെങ്കില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേക്കെത്തണം.
ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഈ വെല്ലുവിളി മറികടന്നാല്‍ ഇന്ത്യ തലപ്പത്തെത്തുമെന്നുറപ്പ്. ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോല്‍ക്കുകയും പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്താല്‍ മൂന്നാം സ്ഥാനക്കാരായി ഓസ്‌ട്രേലിയ എതിരാളികളാവാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ പാകിസ്താന്‍ നാലാം സ്ഥാനക്കാരായി സെമി കളിച്ചാല്‍ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും.
ഈ സെമി പോരാട്ടങ്ങളില്‍ ഇന്ത്യയും പാകിസ്താനും ജയിച്ചാല്‍ എല്ലാവരേയും ഞെട്ടിച്ച് ഇന്ത്യ - പാകിസ്താന്‍ ഫൈനല്‍ നടക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇന്ത്യ സെമി സീറ്റുറപ്പിച്ച് കഴിഞ്ഞു. പാകിസ്താന് സെമി കളിക്കാന്‍ സാധിക്കണമെങ്കില്‍ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കണം. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാന്‍ പാകിസ്താന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
ന്യൂസീലന്‍ഡിന്റെ അവസാന മത്സരത്തിലെ എതിരാളികള്‍ ശ്രീലങ്കയാണ്. ഫോം വിലയിരുത്തുമ്പോള്‍ ന്യൂസീലന്‍ഡ് ജയിച്ചേക്കും. എന്നാല്‍ ശ്രീലങ്കയെ ന്യൂസീലന്‍ഡ് വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കാതിരിക്കുകയും പാകിസ്താന്‍ ഇംഗ്ലണ്ടിനെ വലിയ സ്‌കോറിന് തോല്‍പ്പിക്കുകയും ചെയ്താല്‍ നെറ്റ് റണ്‍റേറ്റില്‍ കിവീസിനെ മറികടന്ന് പാകിസ്താന് സെമി കളിക്കാന്‍ സാധിക്കും. എന്നാല്‍ ഇത് സംഭവിക്കണമെങ്കില്‍ ഭാഗ്യവും അനിവാര്യമാണ്. അതുകൊണ്ടുതന്നെ അവസാന റൗണ്ട് മത്സരങ്ങളില്‍ തീപാറുമെന്നുറപ്പ്.