നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെയും കെട്ടുകെട്ടിച്ച് ടീം ഇന്ത്യ ലോകകപ്പില്‍ തുടര്‍ച്ചയായ ആറാമത്തെ വിജയം കൊയ്തിരിക്കുകയാണ്. ഇതോടെ സെമി ഫൈനല്‍ ബെര്‍ത്തും രോഹിത് ശര്‍മയും സംഘവും ഏറെക്കുറെ ഉറപ്പാക്കിയും കഴിഞ്ഞു. ലഖ്‌നൗവില്‍ നടന്ന പോരാട്ടത്തില്‍ ബാറ്റിങില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ സാധിച്ചില്ലെങ്കിലും ബൗളിങില്‍ ഇന്ത്യ ഇതിന്റെ ക്ഷീണം തീര്‍ക്കുകയായിരുന്നു. 100 റണ്‍സിന്റെ ആധികാരിക വിജയമാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്.
ഇന്ത്യയുടെ ഈ വിജയം കാരണം ഗുണമുണ്ടായത് ചിരവൈരികളായ പാകിസ്താനാണ്. ഇതു എങ്ങനെയെന്നു നോക്കാം. ഇന്ത്യക്കെതിരായ വന്‍ പരാജയം ഇംഗ്ലണ്ടിനെ പുറത്താവലിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. അവരുടെ നെറ്റ് റണ്‍റേറ്റിനെയും ഇതു മോശമായി ബാധിക്കുകയും ചെയ്തു. അടുത്ത മൂന്നു കളിയിലും വന്‍ മാര്‍ജിനില്‍ ജയിച്ചാലും ഇംഗ്ലണ്ട് ഇനി സെമി കളിക്കാനുള്ള സാധ്യത തീരെ കുറവാണ്. എന്തെങ്കിലും അദ്ഭുതം സംഭവിച്ചാല്‍ മാത്രമേ ഇംഗ്ലണ്ട് ഇനി സെമി കളിക്കുകയുളളൂ.

തൊട്ടു മുമ്പത്തെ കളിയില്‍ നെതര്‍ലാന്‍ഡ്‌സിനോടു പരാജയപ്പെട്ടപ്പോള്‍ ബംഗ്ലാദേശിനു സംഭവിച്ചതും ഇതു തന്നെയായിരുന്നു. ബംഗ്ലാദേശിനും ഇംഗ്ലണ്ടിനും നിലവില്‍ രണ്ടു പോയിന്റ് മാത്രമേയുള്ളൂ. ബംഗ്ലാദേശിന്റെ നെറ്റ് റണ്‍റേറ്റ് -1.336 ആണെങ്കില്‍ അതിനേക്കാള്‍ ദയനീയമാണ് ഇംഗ്ലണ്ടിന്റെ അവസ്ഥ. -1.652 ആണ് അവരുടെ നെറ്റ് റണ്‍റേറ്റ്.
ഈ കാരണത്താല്‍ തന്നെ അവസാന സ്ഥാനക്കാരാണ് ഇംഗ്ലണ്ട്. ബാക്കിയുള്ള മൂന്നു മല്‍സരങ്ങളിലും ജയിച്ചാലും ഇംഗ്ലണ്ടിനും ബംഗ്ലാദേശിനും പരമാവധി ലഭിക്കുക എട്ടു പോയിന്റാണ്. എന്നാല്‍ പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്താണ് പാകിസ്താന്‍. ആറു മല്‍സരങ്ങളില്‍ നിന്നും രണ്ടു ജയമടക്കം നാലു പോയിന്റാണ് അവര്‍ക്കുള്ളത്. ബാക്കിയുള്ള മൂന്നു മല്‍സരങ്ങളിലും ജയിക്കുകയാണെങ്കില്‍ അവര്‍ക്കു 10 പോയിന്റ് ലഭിക്കും.
ഇന്ത്യക്കെതിരേ ഇംഗ്ലണ്ട് ജയിച്ചിരുന്നെങ്കില്‍ ബാക്കിയുള്ള കളിയിലും ജയിച്ചാല്‍ അവര്‍ക്ക് 10 പോയിന്റാവുമായിരുന്നു. പക്ഷെ ഇംഗ്ലണ്ടിന്റെ ഈ മോഹം ഇന്ത്യ അവസാനിപ്പിച്ച് കൊടുത്തിരിക്കുകയാണ്. ഇതു പാകിസ്താന് ആശ്വാസമാവുകയും ചെയ്തു. ഇംഗ്ലണ്ട് തങ്ങള്‍ക്കു ഭീഷണിയാവുമെന്നു ഇനി പാകിസ്താനു പേടി വേണ്ട.

നാളെ (ചൊവ്വ) ബംഗ്ലാദേശുമായിട്ടാണ് പാകിസ്താന്റെ അടുത്ത മല്‍സരം. അതിനു ശേഷം നവംബര്‍ നാലിന് ന്യൂസിലാന്‍ഡുമായും 11ന് അവസാന മല്‍സരത്തില്‍ ഇംഗ്ലണ്ടുമായും പാകിസ്താന്‍ ഏറ്റുമുട്ടും. ഇവയിലെല്ലാം ജയിക്കുകയാണെങ്കില്‍ പാകിസ്താന്റെ അക്കൗണ്ടില്‍ 10 പോയിന്റുണ്ടാവും.
ഇതു കൂടാതെ മറ്റു മല്‍സരഫലങ്ങള്‍ കൂടി പാകിസ്താന് അനുകൂലമായി വരേണ്ടതുണ്ട്. ബാക്കിയുള്ള മൂന്നു മല്‍സരങ്ങളില്‍ ന്യൂസിലാന്‍ഡ് ഒന്നില്‍ തോല്‍ക്കണം (പാകിസ്താനെതിരായ തോല്‍വി കൂടാതെയാണിത്). സൗത്താഫ്രിക്ക, ശ്രീലങ്ക ഇവരില്‍ ഒരു ടീമിനെതിരേ മാത്രമേ കിവികള്‍ ജയിക്കാന്‍ പാടുള്ളൂ. അപ്പോള്‍ പാകിസ്താനും കിവികള്‍ക്കും 10 പോയിന്റ് വീതമാവും. അപ്പോള്‍ നെറ്റ് റണ്‍റേറ്റായിരിക്കും വിധി തീരുമാനിക്കുക.
പക്ഷെ സെമി കളിക്കാന്‍ ഇതിനേക്കാള്‍ നല്ലൊരു വഴിയും പാകിസ്താനുണ്ട്. ന്യൂസിലാന്‍ഡ് ബാക്കിയുള്ള മൂന്നു മല്‍സരങ്ങളിലും പരാജയപ്പെടുകയാണ് ഇതിനു വേണ്ടത്. പാകിസ്താനോടു മാത്രമല്ല സൗത്താഫ്രിക്ക, ശ്രീലങ്ക എന്നിവരോടും കിവികള്‍ തോല്‍ക്കണം. ഇതിനൊപ്പം ഇന്ത്യ, സൗത്താഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവരെക്കൂടാതെ മറ്റൊരു ടീമും 10ന് മുകളില്‍ പോയിന്റ് നേടാനും പാടില്ല. അങ്ങനെ വന്നാല്‍ 10 പോയിന്റുള്ള പാകിസ്താന്‍ നാലാംസ്ഥാനക്കാരായി സെമി ഫൈനലിലേക്കു മുന്നേറും.