ധരംശാല: ഏകദിന ലോകകപ്പിലെ ഇന്ത്യ-ന്യൂസീലന്‍ഡ് സൂപ്പര്‍ പോരാട്ടം ഇന്ന് നടക്കാനിരിക്കെ ഇന്ത്യക്ക് വലിയ തിരിച്ചടിയായി പരിക്ക്. ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്കിന്റെ ആശങ്കയിലിരിക്കുന്ന ഇന്ത്യയെത്തേടി മറ്റ് ചില അശുഭ വാര്‍ത്തകളും എത്തിയിരിക്കുകയാണ്. ഇന്നലെ വൈകീട്ട് നടത്തിയ പരിശീലനത്തിനിടെയാണ് ഇന്ത്യക്ക് തലവേദനയാകുന്ന ചില പരിക്കിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സൂര്യകുമാര്‍ യാദവ് ബാറ്റിങ് പരിശീലനം നടത്തുന്നതിനിടെ കൈക്ക് പരിക്കേല്‍ക്കുകയായിരുന്നു.
വേദനകൊണ്ട് പുളഞ്ഞ സൂര്യകുമാര്‍ പരിശീലനം പൂര്‍ത്തിയാക്കാതെയാണ് മടങ്ങിയത്. എന്നാല്‍ സൂര്യയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പക്ഷെ കൈക്ക് വേദനയുള്ള സൂര്യകുമാര്‍ യാദവിന് ഇന്ത്യ വിശ്രമം അനുവദിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ഇതിനിടെ മറ്റൊരു സംഭവം കൂടി ഉണ്ടായിരിക്കുകയാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷനെ തേനീച്ച കുത്തിയിരിക്കുകയാണ്.
ഇന്നലെ പരിശീലനം നടത്തുന്നതിനിടെയാണ് ഇഷാനെ തേനീച്ച കുത്തിയത്. ഇഷാനും വിശ്രമം നല്‍കേണ്ടി വന്നേക്കുമെന്നാണ് സൂചന. ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റാല്‍ പകരം സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരിലൊരാളെ പരിഗണിക്കാമെന്നായിരുന്നു ഇന്ത്യയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഇരുവര്‍ക്കും പരിക്കേല്‍ക്കുന്ന സാഹചര്യം ഉണ്ടായതോടെ ഇന്ത്യക്ക് മുന്നോട്ടുള്ള യാത്ര കടുപ്പമായിരിക്കുകയാണെന്ന് നിസംശയം പറയാം.
ന്യൂസീലന്‍ഡിനെതിരായ നിര്‍ണ്ണായക മത്സരത്തിന് മുമ്പാണ് ഇന്ത്യക്ക് ഈ തിരിച്ചടി നേരിടേണ്ടി വന്നിരിക്കുന്നത്. ഹാര്‍ദിക്കിന് പിന്നാലെ സൂര്യകുമാറിനും ഇഷാനും കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ഇന്ത്യയുടെ പ്ലേയിങ് 11ന്‍ എങ്ങനെയാവും?. പരിശോധിക്കാം. ശുബ്മാന്‍ ഗില്‍, രോഹിത് ശര്‍മ, വിരാട് കോലി ടോപ് ത്രീ തുടരും. ഇവരുടെ മിന്നും ഫോം ഇന്ത്യക്ക് വലിയ വിജയ പ്രതീക്ഷ നല്‍കുന്നു. രോഹിത് ശര്‍മ തകര്‍ത്തടിക്കുമ്പോള്‍ ഗില്ലും കോലിയും മികച്ച പ്രകടനങ്ങളാണ് കാഴ്ചവെക്കുന്നത്.

ന്യൂസീലന്‍ഡിനെതിരേ മികച്ച തുടക്കം ലഭിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അത്യാവശ്യമാണ്. നാലാം നമ്പറില്‍ ശ്രേയസ് അയ്യരും അഞ്ചാം നമ്പറില്‍ കെ എല്‍ രാഹുലും തന്നെയുണ്ടാവണം. മധ്യനിര ഇവരുടെ കൈയില്‍ ഭദ്രം. എന്നാല്‍ ഹാര്‍ദിക്കിന്റെ അഭാവത്തില്‍ രാഹുലും ശ്രേയസും കൂടുതല്‍ ഉത്തരവാദിത്തം കാട്ടേണ്ടിയിരിക്കുന്നു. എന്നാല്‍ പിന്നീടുള്ള സ്ഥാനങ്ങളില്‍ ഇന്ത്യക്ക് മാറ്റങ്ങള്‍ വരുത്തേണ്ടി വരും. രവീന്ദ്ര ജഡേജ ആറാം നമ്പറിലേക്കെത്തും.
മികച്ച ബാറ്റ്‌സ്മാനാണെങ്കിലും സമീപകാലത്തായി ബാറ്റിങ്ങില്‍ തിളങ്ങാന്‍ ജഡേജക്ക് സാധിക്കുന്നില്ലെന്നത് ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നു. ഏഴാം നമ്പറില്‍ ശാര്‍ദ്ദുല്‍ ടാക്കൂറെത്തും. ശാര്‍ദ്ദുല്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്നാല്‍ പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ ഇന്ത്യക്ക് ശാര്‍ദ്ദുലിനെ ടീമില്‍ നിര്‍ത്താതിരിക്കാനാവില്ല. എട്ടാം നമ്പറില്‍ ആര്‍ അശ്വിനെ കളിപ്പിക്കണം. മുഹമ്മദ് ഷമിയെ കളിപ്പിച്ചാല്‍ ഇന്ത്യയുടെ ബാറ്റിങ് കരുത്തിനെയത് ബാധിക്കും.
അതുകൊണ്ടുതന്നെ അശ്വിനെ ഇന്ത്യ കളിപ്പിക്കാന്‍ നിര്‍ബന്ധിതരാവും. ഒമ്പതാം നമ്പറില്‍ കുല്‍ദീപ് യാദവ് കളിക്കുമ്പോള്‍ 10ാം നമ്പറില്‍ ജസ്പ്രീത് ബുംറക്കാണ് അവസരം. 11ാം നമ്പറില്‍ മുഹമ്മദ് സിറാജും കളിക്കണം. ധരംശാലയില്‍ സ്പിന്നര്‍മാര്‍ക്ക് തിളങ്ങാനാവുമെന്നത് ഇന്ത്യയുടെ പ്രതീക്ഷ ഉയര്‍ത്തുന്ന കാര്യമാണ്. എന്നാല്‍ ടോപ് 5 ബാറ്റ്‌സ്മാന്‍മാര്‍ ഗംഭീരമായി തിളങ്ങാത്ത പക്ഷം ഇന്ത്യ കിവീസിനോട് തകരാനുള്ള സാധ്യതയാണ് കൂടുതല്‍.
ന്യൂസീലന്‍ഡ് നിരയില്‍ നായകന്‍ കെയ്ന്‍ വില്യംസണ്‍ പരിക്കിന്റെ പിടിയിലാണ്. ഇന്ത്യക്കെതിരേ അദ്ദേഹം കളിക്കില്ലെന്നുറപ്പാണ്. അതേ സമയം പരിക്ക് ഭേദമായി ടിം സൗത്തി ന്യൂസീലന്‍ഡിന്റെ പ്ലേയിങ് 11ലേക്ക് തിരിച്ചെത്തുമെന്നാണ് സൂചന.
ഇഷാനും സൂര്യയുമില്ലാതെ ഇന്ത്യയുടെ പ്ലേയിങ് 11- ശുബ്മാന്‍ ഗില്‍, രോഹിത് ശര്‍മ (c), വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ശാര്‍ദ്ദുല്‍ ടാക്കൂര്‍, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്