ലോകകപ്പില്‍ ഇന്ത്യയുടെ ഒന്നാംസ്ഥാനത്തിനു വലിയ ഭീഷണിയുയര്‍ത്തി സൗത്താഫ്രിക്കന്‍ കുതിപ്പ്. നേരത്തേ ഇന്ത്യയും ന്യൂസിലാന്‍ഡു തമ്മിലായിരുന്നു ഒന്നാംസ്ഥാനത്തിനായി പോരടിച്ചിരുന്നത്. പക്ഷെ സൗത്താഫ്രിക്കയ്ക്കു വിടാന്‍ ഭാവമില്ല. വീണ്ടുമൊരു 100 പ്ലസ് റണ്‍സിന്റെ വിജയവുമായി അവര്‍ പോയിന്റ് പട്ടികയില്‍ ത്രികോണ പോരാട്ടത്തിനു വഴിയൊരുക്കി. കഴിഞ്ഞ ദിവസം നടന്ന അഞ്ചാം റൗണ്ട് പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരേ 149 റണ്‍സിന്റെ ഗംഭീര വിജയമാണ് സൗത്താഫ്രിക്ക സ്വന്തമാക്കിയത്.
ബംഗ്ലാദശുമായുള്ള കളിയിലെ മിന്നുന്ന വിജയത്തോടെ പോയിന്റ് പട്ടികയിലും സൗത്താഫ്രിക്ക മുന്നേറ്റം നടത്തിയിരിക്കുകയാണ്. നേരത്തേ മൂന്നാംസ്ഥാനത്തായിരുന്ന അവര്‍ രണ്ടാംസ്ഥാനത്തേക്കുയര്‍ന്നു. ഇതോടെയാണ് ഇന്ത്യയുടെ ചങ്കിടിപ്പ് കൂടിയത്. കാരണം ഒന്നാംസ്ഥാനത്തു നിന്നും ഇന്ത്യക്കു വൈകാതെ മൂന്നാംസ്ഥാനത്തേക്കു ഇറങ്ങേണ്ടി വന്നേക്കും. ഞായറാഴ്ച നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടുമായുള്ള പോരാട്ടം ഇന്ത്യക്കു നിര്‍ണായകമായി മാറിയിരിക്കുകയാണ്.

നെറ്റ് റണ്‍റേറ്റാണ് നിലവില്‍ ഇന്ത്യക്കു ഏറ്റവും വലിയ തിരിച്ചടിയായി മാറിയിരിക്കുന്നത്. കളിച്ച അഞ്ചു മല്‍സരങ്ങളിലും ജയിച്ച് 10 പോയിന്റുമായാണ് ഇന്ത്യ തലപ്പത്തു നില്‍ക്കുന്നത്. നെറ്റ് റണ്‍റേറ്റ് +1.353 ആണ്. ടോപ്പ് ത്രീയിലെ ടീമുകളെയെടുത്താല്‍ നിലവില്‍ ഏറ്റവും മോശം നെറ്റ് റണ്‍റേറ്റുള്ളത് ഇന്ത്യക്കാണ്. അഞ്ചു മല്‍സരങ്ങളില്‍ നാലു വീതം ജയവും ഒരു തോല്‍വിയുമടക്കം എട്ടു പോയിന്റ് വീതമാണ് സൗത്താഫ്രിക്കയും ന്യൂസിലാന്‍ഡും നേടിയത്.
പക്ഷെ സൗത്താഫ്രിക്കയുടെ നെറ്റ് റണ്‍റേറ്റ് +2.370ഉം കിവികളുടേത് +1.481ഉം ആണ്. നാലാംസ്ഥാനക്കാരായ ഓസ്‌ട്രേലിയ നിലവില്‍ തൊട്ടുമുകളിലെ ടീമുകള്‍ക്കു വെല്ലുവിളിയില്ല. കാരണം നാലു കളിയില്‍ രണ്ടു വീതം ജയവും തോല്‍വിയുമടക്കം അവര്‍ക്കു നാലു പോയിന്റേയുള്ളൂ. നെറ്റ് റണ്‍റേറ്റും (-0.193) മോശമാണ്.
പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനം ഭദ്രമാക്കാന്‍ ഇംഗ്ലണ്ടുമായുള്ള അടുത്ത മല്‍സരം ഇന്ത്യക്കു ജയിച്ചേ തീരൂ. അതിനു സാധിക്കാതെ പോയാല്‍ രോഹിത് ശര്‍മയും സംഘവും തലപ്പത്തു നിന്നും മൂന്നാംസ്ഥാനത്തേക്കു കൂപ്പുകുത്തും. ഇന്ത്യയുടെ മല്‍സരത്തിനു മുമ്പ് തന്നെ സൗത്താഫ്രിക്കയും ന്യൂസിലാന്‍ഡും അടുത്ത റൗണ്ട് മല്‍സരത്തിനു ഇറങ്ങുന്നുണ്ട്. വെള്ളിയാഴ്ച പാകിസ്താനെതിരേയാണ് സൗത്താഫ്രിക്കയുടെ അടുത്ത മല്‍സരം. ശനിയാഴ്ച ന്യൂസിലാന്‍ഡ് ഓസ്‌ട്രേലിയയെും നേരിടും.
സൗത്താഫ്രിക്കയും ന്യൂസിലാന്‍ഡും ഈ മല്‍സരങ്ങളില്‍ ജയിക്കുകയാണെങ്കില്‍ ഇന്ത്യ ഒന്നാംസ്ഥാനത്തു നിന്നും മൂന്നാംസ്ഥാനത്തേക്കു വീഴും. കാരണം ഇരുടീമുകള്‍ക്കും ഇന്ത്യയേക്കാള്‍ മികച്ച നെറ്റ് റണ്‍റേറ്റുണ്ട്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഒന്നാംസ്ഥാനം തിരികെ പിടിക്കുകയെന്ന ലക്ഷ്യവുമായിട്ടാവും ഇന്ത്യ ഞായറാഴ്ച ഇംഗ്ലണ്ടുമായി കൊമ്പുകോര്‍ക്കുക.
എങ്കിലും നിലവില്‍ സെമി ഫൈനലിനു ഏറ്റവും അടുത്ത് എത്തി നില്‍ക്കുന്ന ടീം ഇന്ത്യ തന്നെയാണ്. ഇംഗ്ലണ്ടിനെ തകര്‍ത്ത് 12 പോയിന്റ് നേടാനായാല്‍ ഇന്ത്യക്കു സെമി ബെര്‍ത്ത് ഏറെക്കുറെ ഉറപ്പിക്കാം. കാരണം 2019ലെ അവസാനത്തെ ലോകകപ്പും റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ തന്നയായിരുന്നു. അന്നു 11 പോയിന്റോടെയാണ് ന്യൂസിലാന്‍ഡ് നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത് സെമിയില്‍ കടന്നത്.

അതേസമയം, ബംഗ്ലാദേശുമായുള്ള കഴിഞ്ഞ മല്‍സരത്തിലേക്കു വരികയാണെങ്കില്‍ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക വീണ്ടുമൊരു മല്‍സരത്തില്‍ കൂടി 300 പ്ലസ് റണ്‍സ് കുറിക്കുകയായിരുന്നു. അഞ്ചു വിക്കറ്റിവു 382 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ അവര്‍ പടുത്തുയര്‍ത്തി. 140 ബോളില്‍ 174 റണ്‍സ് വാരിക്കൂട്ടിയ ക്വിന്റണ്‍ ഡികോക്കയിരുന്നു സൗത്താഫ്രിക്കന്‍ ഹീറോ. ഹെന്‍ഡ്രിച്ച് ക്ലാസെന്‍ 49 ബോളില്‍ 90 റണ്‍സും ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം 69 ബോളില്‍ 67 റണ്‍സും സ്‌കോര്‍ ചെയ്തു.
മറുപടിയില്‍ ബംഗ്ലാദേശ് 46.4 ഓവറില്‍ 233 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. ആറു വിക്കറ്റിനു 81 റണ്‍സിലേക്കു കൂപ്പുകുത്തിയ ബംഗ്ലാദേശ് 100 റണ്‍സ് കടക്കുമോയെന്ന കാര്യം പോലും സംശയമായിരുന്നു. എന്നാല്‍ വാലറ്റത്ത് മഹമ്മുദുള്ളയൂടെ (111) സെഞ്ച്വറി അവരുടെ പരാജയഭാരം കുറയ്ക്കുകയായിരുന്നു.
ടൂര്‍ണമെന്റില്‍ ഇതു നാലാം തവണയാണ് സൗത്താഫ്രിക്ക 100 റണ്‍സിന് മുകളില്‍ മാര്‍ജിനില്‍ വിജയം കൊയ്തത്. നെതര്‍ലാന്‍ഡ്‌സിനെതിരായ അപ്രതീക്ഷിത തോല്‍വി മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു കളിയിലും എതിരാളികളില്‍ നിന്നും അവര്‍ക്കു വെല്ലുവിളി നേരിട്ടിട്ടില്ല.