ഐസിസി ഏകദിന ലോകകപ്പില്‍ ആരാധകരെ ആവേശം കൊള്ളിക്കുന്ന പ്രകടനമാണ് ടീം ഇന്ത്യ ഇത്തവണ നടത്തിക്കൊണ്ടിരിക്കുന്നത്. കളിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ച ഇന്ത്യ പോയിന്റ് പട്ടികയില്‍ തലപ്പത്തു നില്‍ക്കുകയാണ്. കിരീട ഫേവറിറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യ അതു ശരിവയ്ക്കുന്ന പ്രകടനമാണ് ഇതിനകം നടത്തിയത് എന്നതില്‍ സംശയമില്ല. പക്ഷെ ഈ ഫോമിന്റെയും വിജയക്കുതിപ്പിന്റെയും അടിസ്ഥാനത്തില്‍ മാത്രം ഇന്ത്യ ഉറപ്പായും ഫൈനല്‍ കളിക്കുമെന്ന് ആഹ്ലാദിക്കാന്‍ വരട്ടെ.
കാരണം കണക്കുകള്‍ നോക്കിയാല്‍ അതു ആരാധകര്‍ക്കു അത്ര സന്തോഷിക്കാന്‍ വക നല്‍കുന്നതല്ല. നോക്കൗട്ടാണ് ഏകദിന ലോകകപ്പില്‍ ഇന്ത്യക്കു മുന്നില്‍ ഏറ്റവും വലിയ കടമ്പയായി മാറിയിട്ടുള്ളത്. അതില്‍ തട്ടി വീഴുന്ന പതിവ് തെറ്റിക്കാനായെങ്കില്‍ മാത്രം രോഹിത് ശര്‍മയെയും സംഘത്തെയും നമുക്കു ഇത്തവണ ഫൈനലില്‍ കാണാം.

കഴിഞ്ഞ രണ്ടു ലോകകപ്പുകളെടുത്താല്‍ ലീഗ് ഘട്ടത്തില്‍ ഇന്ത്യ കളിച്ചിട്ടുള്ളത് ആകെ 17 മല്‍സരങ്ങളാണ്. ഇവയില്‍ മിന്നുന്ന ഫോമില്‍ കളിച്ച ഇന്ത്യ 16ലും വിജയം കെയ്യുകയും ചെയ്തു. പക്ഷെ നോക്കൗട്ടില്‍ കളി കാര്യമായപ്പോള്‍ ഇന്ത്യ തകര്‍ന്നു. 2015, 2019 ലോകകപ്പുകളില്‍ സെമി ഫൈനലില്‍ ഇന്ത്യക്കു അടിതെറ്റുകയായിരുന്നു. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴിലായിരുന്നു 2015ലെ ലോകകപ്പില്‍ ഇന്ത്യ ഇറങ്ങിയത്.
ഏഴു വീതം ടീമുകളുള്‍പ്പെട്ട രണ്ടു പൂളുകളിലായി 14 രാജ്യങ്ങള്‍ ടൂര്‍ണമെന്റില്‍ അണിനിരന്നിരുന്നു. സൗത്താഫ്രിക്കയും ചിരവൈരികളായ പാകിസ്താനുമുള്‍പ്പെട്ട പൂള്‍ ബിയിലെ ആറു മല്‍സരങ്ങളിലും ജയിച്ചാണ് ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലിലേക്കു മുന്നേറിയത്.
ക്വാര്‍ട്ടറില്‍ ബംഗ്ലാദേശായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. അവരെ 109 റണ്‍സിനു തുരത്തി രാജകീയമായി തന്നെ ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. പക്ഷെ സെമിയില്‍ ഓസ്‌ട്രേലിയക്കു മുന്നില്‍ ഇന്ത്യ കളി മറന്നു. ബൗളിങിലും ബാറ്റിങിലും ഒരുപോലെ പരാജയമായി മാറിയ ധോണിപ്പട 95 റണ്‍സിന്റെ വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്.
2019ല്‍ ഇംഗ്ലണ്ട് വേദിയായ കഴിഞ്ഞ ലോകകപ്പില്‍ വിരാട് കോലിക്കു കീഴിലും ടീം ഇന്ത്യക്കു സംഭവിച്ചത് ഇതേ പിഴവ് തന്നെയായിരുന്നു. 10 ടീമുകളുള്‍പ്പെട്ട ടൂര്‍ണമെന്റ് ഇത്തവണത്തേതു പോലെ തന്നെ റൗണ്ട് റോബിന്‍ രീതിയിലായിരുന്നു. ഓരോ ടീമിനും പ്രാഥമിക റൗണ്ടില്‍ ഒമ്പതു മല്‍സരങ്ങള്‍ വീതമാണുണ്ടായിരുന്നത്. 15 പോയിന്റുമായി ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് ഇന്ത്യ സെമിയില്‍ പ്രവേശിച്ചത്.

ഒമ്പതു മല്‍സരങ്ങളില്‍ ഏഴിലും ജയിച്ച ഇന്ത്യ ഒന്നില്‍ പരാജയപ്പെട്ടു. ശേഷിച്ച കളി മഴ കാരണം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ഇംഗ്ലണ്ടിനോടായിരുന്നു പ്രാഥമിക റൗണ്ടില്‍ ഇന്ത്യ 31 റണ്‍സിന്റെ തോല്‍വിയേറ്റു വാങ്ങിയത്. കഴിഞ്ഞ രണ്ടു ലോകകപ്പിനിടെ പ്രാഥമിക റൗണ്ടില്‍ ഇന്ത്യക്കു നേരിട്ട ഏക പരാജയവും ഇതു തന്നെയായിരുന്നു.
പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തതിനാല്‍ തന്നെ സെമിയില്‍ വാനോളം പ്രതീക്ഷയോടെയായിരുന്നു ന്യൂസിലാന്‍ഡുമായി കോലിപ്പട ഏറ്റുമുട്ടിയത്. പക്ഷെ കിവികളുടെ പേസാക്രമണത്തില്‍ ഇന്ത്യ തകര്‍ന്നു. 18 റണ്‍സിന്റെ തോല്‍വിയോടെ ഇന്ത്യ പുറത്താവുകയായിരുന്നു. 240 റണ്‍സെന്ന ചെറിയ സ്‌കോര്‍ പോലും ചേസ് ചെയ്യാന്‍ ഇന്ത്യക്കു സാധിച്ചില്ല.
ഈ രണ്ടു ലോകകപ്പുകളുമെടുത്താല്‍ ഇപ്പോള്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പ്രകടനത്തിലൊന്നും വലിയ കാര്യമില്ലെന്നു പറയേണ്ടി വരും. കാരണം ഇന്ത്യയുടെ യഥാര്‍ഥ അഗ്നിപരീക്ഷ സെമി ഫൈനലാണ്. അതില്‍ ജയിക്കാനായാല്‍ മാത്രം ആരാധകര്‍ക്കു സന്തോഷിക്കാം.
കാരണം 2011ല്‍ അവസാനമായി ഫൈനല്‍ കളിച്ചപ്പോള്‍ ധോണിക്കു കീഴില്‍ ഇന്ത്യ കപ്പുയര്‍ത്തിയിരുന്നു. അന്നും സ്വന്തം നാട്ടിലായിരുന്നു ഇന്ത്യയുടെ കിരീടധാരണം. ഇത്തവണ രോഹിത്തിനും അതു സാധിക്കുമോയെന്നു സെമിക്കു ശേഷം നമുക്കു നോക്കാം.