ഐസിസി ട്രോഫികള്‍ കഴിഞ്ഞ 10 വര്‍ഷത്തോളമായി ഇന്ത്യന്‍ ടീമില്‍ നിന്നും വഴുതിപ്പോവാനുള്ള കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ന്യൂസിലാന്‍ഡ് താരം സൈമണ്‍ ഡൂള്‍. പ്രധാനമായും ഒരു കാര്യമാണ് ഇന്ത്യക്കു തിരിച്ചടിയാവുന്നതെന്നും അതു അവസാനിപ്പിച്ചെങ്കില്‍ മാത്രമേ ഇന്ത്യക്കു കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2013ലായിരുന്നു ഇന്ത്യ അവസാനമായി ഒരു ഐസിസി കിരീടത്തില്‍ മുത്തമിട്ടത്.
മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ ചാംപ്യന്‍സ് ട്രോഫിയായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. അടുത്ത മാസം ഐസിസിയുടെ ഏകദിന ലോകകപ്പ് നാട്ടില്‍ നടക്കാനിരിക്കെയായിരുന്നു ഇന്ത്യന്‍ ടീമിന്റെ ഐസിസി ട്രോഫി ദാരിദ്ര്യത്തെക്കുറിച്ച് മുന്‍ കിവി ഫാസ്റ്റ് ബൗളറായ ഡൂള്‍ സംസാരിച്ചത്.

2011ല്‍ അവസാനമായി ലോകകപ്പിനു വേദിയായപ്പോള്‍ ചാംപ്യന്‍മാരാവാന്‍ ഇന്ത്യക്കായിരുന്നു. ഇത്തവണയും അത്തരമൊരു അദ്ഭുതം ആവര്‍ത്തിക്കാനായിരിക്കും രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ആഗ്രഹം. ഇന്ത്യന്‍ ടീം ഐസിസി ടൂര്‍ണമെന്റുകളില്‍ നിര്‍ഭയമായ ക്രിക്കറ്റ് കാഴ്ചവയ്ക്കുന്നില്ലെന്നു സൈമണ്‍ ഡൂള്‍ ചൂണ്ടിക്കാട്ടി.
ഫിയര്‍ലെസ് ക്രിക്കറ്റ് കളിക്കുന്നില്ല എന്നതാണ് ഇന്ത്യയുടെ പ്രശ്‌നം. അവര്‍ വേണ്ടത്ര ഫിയര്‍ലെസ് ക്രിക്കറ്റ് കളിക്കുന്നില്ല. പകരം സ്റ്റാറ്റസ് ലക്ഷ്യമിട്ടുള്ള ക്രിക്കറ്റാണ് കാഴ്ചവയ്ക്കുന്നത്. പലപ്പോഴും സ്വന്തം സ്റ്റാറ്റസില്‍ കൂടുതലായി ശ്രദ്ധിച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ പെര്‍ഫോം ചെയ്യുന്നത്. ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പിനെക്കുറിച്ച് തനിക്കുള്ള ഒരു ആശങ്ക ഇക്കാര്യത്തിലാണെന്നും സ്‌കൈ സ്‌പോര്‍ട്‌സിനോടു ഡൂള്‍ പറഞ്ഞു.
പ്രതിഭയുടെ കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ പഞ്ഞമുണ്ടാവാറില്ല. നിരവധി പ്രതിഭാശാലികളായ ക്രിക്കറ്റര്‍മാര്‍ അവരുടെ ടീമിലുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ പെടുത്താവുന്ന കളിക്കാര്‍ ഇന്ത്യന്‍ സംഘത്തിലുള്ളതായി നമുക്കു കാണാം. പക്ഷെ ടൂര്‍ണമെന്റില്‍ ശരിയായ സമയത്തു ഫിയര്‍ലെസ് ക്രിക്കറ്റ് കളിക്കുകയെന്നതാണ് പ്രധാനം.
ഇതു തന്നെയാണ് അവസാനത്തെ രണ്ടു ലോകകപ്പുകളിലും ഇന്ത്യന്‍ ടീമിനു തിരിച്ചടിയായി മാറിയതെന്നു താന്‍ കരുതുന്നതായും ഡൂള്‍ നിരീക്ഷിച്ചു. 2015ലെയും 2019ലെയും ലോകകപ്പുകളില്‍ സെമി ഫൈനലില്‍ തോറ്റ് ഇന്ത്യ പുറത്താവുകയായിരുന്നു.
ഇന്ത്യന്‍ ടീം ഏറ്റവും ആവശ്യമായ സമയങ്ങളില്‍ ആക്രമണോത്സുക ക്രിക്കറ്റ് കളിക്കുകയോ, റിസ്‌കുകളെടുക്കുകയോ ചെയ്യാറില്ല. കാരണം ടീമില സ്ഥാനത്തെക്കുറിച്ച് പുറത്തുള്ളവര്‍ പറയുകയോ, ചോദിക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് കളിക്കാര്‍ അസ്വസ്ഥരാണ്.
കൂടാതെ മാധ്യമങ്ങളില്‍ തങ്ങളെക്കുറിച്ച് വരുന്ന വാര്‍ത്തകളെക്കുറിച്ചും അവര്‍ ആശങ്കപ്പെടുന്നു. ഈ കാര്യങ്ങളെല്ലാം നിര്‍ഭയമായ ക്രിക്കറ്റ് കാഴ്ചവയ്ക്കുന്നതില്‍ നിന്നും ഇന്ത്യയെ തടയുകയും ചെയ്യുന്നു. ഇന്ത്യന്‍ ടീമിനെക്കുറിച്ച് തനിക്കു ആശങ്കയുള്ള ഒരു ഏരിയ ഇതാണെന്നും ഡൂള്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഒക്ടോബര്‍ അഞ്ചിനാണ് ലോകകപ്പിനു തുടക്കമാവുന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടും കരുത്തരായ ന്യൂസിലാന്‍ഡും തമ്മിലാണ് ഉദ്ഘാടന മല്‍സരം.

ഇന്ത്യയുടെ ആദ്യ അങ്കം എട്ടിനു അഞ്ചു തവണ ജേതാക്കളായ ഓസ്‌ട്രേലിയയുമായിട്ടാണ്. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് സൂപ്പര്‍ പോര്. പക്ഷെ ക്രിക്കറ്റ് പ്രേമികള്‍ മുഴുവന്‍ കാത്തിരിക്കുന്നത് 14നു നടക്കാനിരിക്കുന ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്‍ ക്ലാസിക്കോയ്ക്കാണ്.
ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശര്‍ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, അക്ഷര്‍ പട്ടേല്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്.