World Cup 2023: ഇന്ത്യ 92%, ഓസീസ് 54! ഇതെങ്ങനെ സംഭവിച്ചു? വെറുതെയല്ല തലപ്പത്ത്
ലോകകപ്പിലെ മൂന്നാം റൗണ്ട് മല്‍സരങ്ങള്‍ ആവേശകരമായി മുന്നേറുകയാണ്. ഇനിയൊരു മല്‍സരം മാത്രമാണ് മൂന്നാംറൗണ്ടില്‍ ശേഷിക്കുന്നത്. ത്രസിപ്പിക്കുന്ന ചില മല്‍സരങ്ങളും ഒരു വമ്പന്‍ അട്ടിമറിയും ഇതിനിടെ ടൂര്‍ണമെന്റില്‍ കണ്ടു കഴിഞ്ഞു. അഫ്ഗാനിസ്താന്‍ ടീമായിരുന്നു വമ്പന്‍ അട്ടിമറിയിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. നിലവിലെ ചാംപ്യന്മാാരായ ഇംഗ്ലണ്ടിനാണ് അഫ്ഗാന്‍ ഷോക്ക് നല്‍കിയത്.
അതിനിടെ ടൂര്‍ണമെന്റിലെ 10 ടീമുകളുടെ ക്യാച്ചിങ് കാര്യക്ഷമതയെക്കുറിച്ചുള്ള കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യയാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ഏറ്റവും നിരാശപ്പെടുത്തിയ ടീം ഓസ്‌ട്രേലിയയുമാണ്. കണക്കുകള്‍ പ്രകാരം ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച ക്യാച്ചിങ് കാര്യക്ഷമതയുള്ളത് ഇന്ത്യക്കാണ്. 92 ശതമാനമാണ് രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ക്യാച്ചിങ് കാര്യക്ഷമത.

ക്യാച്ച് ചെയ്യാനുള്ള ഒരു അവസരവും ഇന്ത്യ പാഴാക്കിയിട്ടില്ലെന്നു ഈ റെക്കോര്‍ഡ് അടിവരയിടുന്നു. സ്ലിപ്പിലുള്‍പ്പെടെ ചില തകര്‍പ്പന്‍ ക്യാച്ചുകള്‍ ഇത്തവണ ഇന്ത്യന്‍ താരങ്ങളുടെ ഭാഗത്തു നിന്നും ആരാധകര്‍ കണ്ടിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ കുതിപ്പിനു പ്രധാന കാരണങ്ങളിലൊന്നും മൂര്‍ച്ചയേറിയ ഈ ഫീല്‍ഡിങ് തന്നെയാണ്. അര്‍ധാവസരങ്ങള്‍ പോലും ഫീല്‍ഡില്‍ മുതലെടുക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ ശ്രമിക്കാറുണ്ട്.
പക്ഷെ ക്യാച്ചിങ് കാര്യക്ഷമതയുടെ കാര്യത്തില്‍ ഏറ്റവും വലിയ ദുരന്തമായി മാറിയത് ഓസ്‌ട്രേലിയയാണ്. വെറും 54 ശതമാനം മാത്രമാണ് അവരുടെ ക്യാച്ചിങ് കാര്യക്ഷമത. 10 ടീമുകളില്‍ അവസാന സ്ഥാനത്താണ് കംഗാരുപ്പട. സൗത്താഫ്രിക്കയുമായുള്ള രണ്ടാം റൗണ്ടിലെ മല്‍സരത്തില്‍ മാത്രം ആറു ക്യാച്ചുകളാണ് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ താഴെയിട്ടത്.
ഇന്ത്യ കഴിഞ്ഞാല്‍ ക്യാച്ചിങ് കാര്യക്ഷമതയില്‍ രണ്ടാംസ്ഥാനത്തുള്ളത് മറ്റൊരു ഏഷ്യന്‍ ടീമായ ബംഗ്ലാദേശാണ്. 91 ശതമാനം ക്യാച്ചിങ് കാര്യക്ഷമതയാണ് അവര്‍ക്കുള്ളത്. അസോസിയേറ്റ് ടീമായ നെതര്‍ലാന്‍ഡ്‌സ് ഫീല്‍ഡിങില്‍ ഉജ്ജ്വല പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 83 ശതമാനം ക്യാച്ചിങ് കാര്യക്ഷമതയുള്ള അവര്‍ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തുണ്ട്. 80 ശതമാനം കാര്യക്ഷമതയുള്ള സൗത്താഫ്രിക്കയാണ് നാലാംസ്ഥാനത്ത്.
ഫീല്‍ഡിങില്‍ പാകിസ്താനും വലിയ മോശമാക്കിയിട്ടില്ല. സാധാരണയായി ഫീല്‍ഡിങില്‍ ഫ്‌ളോപ്പാവാറുള്ള അവര്‍ ഈ ലോകകപ്പില്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 79 ശതമാനമാണ് ക്യാച്ചിങില്‍ അവരുടെ കാര്യക്ഷമത. ഇംഗ്ലണ്ട് (78 ശതമാനം), ന്യൂസിലാന്‍ഡ് (71 ശതമാനം) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. അവസാനത്തെ മൂന്നു സ്ഥാനങ്ങളില്‍ അഫ്ഗാനിസ്താന്‍, ശ്രീലങ്ക, ഓസീസ് എന്നിവരാണ്. അഫ്ഗാന്റെ ക്യാച്ചിങ് കാര്യക്ഷമത 60 ശതമാനവും ശ്രീലങ്കയുടേത് 58 ശതമാനവുമാണ്.

അതേസമയം, പോയിന്റ് പട്ടികയില്‍ നിലവില്‍ ടോപ്പ് ഫോറിലുള്ളത് ഇന്ത്യ, ന്യൂസിലാന്‍ഡ്, സൗത്താഫ്രിക്ക, പാകിസ്താന്‍ എന്നിവരാണ്. ഇവരില്‍ സൗത്താഫ്രിക്ക മറ്റുള്ളവരേക്കാള്‍ ഒരു മല്‍സരം കുറച്ചേ കളിച്ചിട്ടുള്ളൂ. അതുകൊണ്ടു തന്നെ മൂന്നാം റൗണ്ടില്‍ വിജയം കൊയ്താല്‍ ഇന്ത്യയയെയും ന്യൂസിലാന്‍ഡിനെയും പിന്തള്ളി അവര്‍ തലപ്പത്തേക്കു കയറും. കാരണം നെറ്റ് റണ്‍റേറ്റില്‍ ഈ രണ്ടു ടീമുകളേക്കാള്‍ ഏറെ മുന്നിലാണ് സൗത്താഫ്രിക്ക.
അവസാന നാലു സ്ഥാനങ്ങളില്‍ നില്‍ക്കുന്നത് ബംഗ്ലാദേശ്, അഞ്ചു തവണ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ, ശ്രീലങ്ക, അസോസിയേറ്റ് ടീം നെതര്‍ലാന്‍ഡ്‌സ് എന്നിവരാണ്. നേരത്തേ ഓസീസായിരുന്നു പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാര്‍.
എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന മൂന്നാം റൗണ്ട് മല്‍സരത്തില്‍ ശ്രീലങ്കയെ അഞ്ചു വിക്കറ്റിനു തോല്‍പ്പിച്ചതോടെ ഓസീസ് ഈ നാണക്കേടില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അവര്‍ എട്ടാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications