For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: വാംഖഡെ ത്രില്ലര്‍! ഇന്ത്യ വിറച്ചു, പിന്നെ ജയിച്ചു കയറി, ഇനി ഫൈനല്‍

മുംബൈ: റണ്‍മഴ കണ്ട വാംഖഡെ ത്രില്ലറില്‍ ന്യൂസിലാന്‍ഡിനു മടക്കടിക്കറ്റ് നല്‍കി ടീം ഇന്ത്യ ലോകകപ്പിന്റെ ഫൈനലിലേക്കു കുറിച്ചു. ഫോറുകളുടെയും സിക്‌സറുകളുടെയും ചാകര കണ്ട പോരാട്ടത്തില്‍ 70 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 398 റണ്‍സെന്ന റെക്കോര്‍ഡ് വിജയലക്ഷ്യമായിരുന്നു രോഹിത് ശര്‍മയും സംഘവും കിവികള്‍ക്കു നല്‍കിയത്.

ഡാരില്‍ മിച്ചെലിന്റെ (134) തകര്‍പ്പന്‍ ഇന്നിങ്‌സിലേറി ന്യൂസിലാന്‍ഡ് വീറോടെ പൊരുതിയെങ്കിലു ഇന്ത്യക്കു തോല്‍ക്കാന്‍ മനസ്സില്ലായിരുന്നു. ഡെത്ത് ഓവറുകില്‍ തുടരെ വിക്കറ്റുകള്‍ പിഴുത് കിവികളെ വിക്കറ്റിനു റണ്‍സില്‍ ഇന്ത്യ 48.5 ഓവറില്‍ 327 റണ്‍സില്‍ പുറത്താക്കുകയായിരുന്നു. ഓസ്‌ട്രേലിയ- സൗത്താഫ്രിക്ക സെമിയിലെ വിജയികളാണ് ഞായറാഴ്ച അഹമ്മദാബാദില്‍ നടക്കാനിരിക്കുന്ന ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.

SHAMI ROHIT

119 ബോളില്‍ ഒമ്പതു ഫോറും ഏഴു സിക്‌സറുമടക്കമാണ് മിച്ചെല്‍ കിവി ഇന്നിങ്‌സിലെ അമരക്കാരനായത്. ക്യാപ്റ്റന്‍ വില്ല്യംസണ്‍ 69 റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ ഗ്ലെന്‍ ഫിലിപ്‌സ് 41 റണ്‍സും നേടി. മറ്റാര്‍ക്കും ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാനായില്ല. ഏഴു വിക്കറ്റുകള്‍ പിഴുത മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ വേറിട്ടുനിന്നത്. 9.5 ഓവറില്‍ 57 റണ്‍സിനാണ് ഏഴു പേരെ ഷമി പുറത്താക്കിയത്.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നാലു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് 397 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. 50ാം സെഞ്ച്വറിയെന്ന ലോക റെക്കോര്‍ഡ് നേട്ടം കൈവരിച്ച വിരാട് കോലിയും തുടരെ രണ്ടാം സെഞ്ച്വറയടിച്ച ശ്രേയസ് അയ്യരും ചേര്‍ന്നാണ് ഇന്ത്യയെ വന്‍ സ്‌കോറിലെത്തിച്ചത്.

കോലി 117 റണ്‍സെടുത്തപ്പോള്‍ ശ്രേയസ് 105 റണ്‍സും സ്‌കോര്‍ ചെയ്തു. 113 ബോളില്‍ ഒമ്പതു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് കോലിയുടെ ഇന്നിങ്‌സ്. ശ്രേയസ് വെറും 70 ബോളിലാണ് 105 റണ്‍സ് വാരിക്കൂട്ടിയത്. എട്ടു സിക്‌സറും നാലു ഫോറുമടക്കമായിരുന്നു ഇത്. ശുഭ്മന്‍ ഗില്‍ പുറത്താവാതെ 80 റണ്‍സ് നേടി. 66 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ എട്ടു ഫോറുകളും മൂന്നു സിക്‌സറുമുണ്ടായിരുന്നു.

കാല്‍പ്പേശിക്കേറ്റ പരിക്കു കാരണം ഗില്‍ ഒരു തവണ റിട്ടയേര്‍ഡ് ഹര്‍ട്ടായിരുന്നെങ്കിലും അവസാന ഓവറുകളില്‍ വീണ്ടും ക്രീസിലെത്തി ബാറ്റിങ് തുടരുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (47) വീണ്ടുമൊരു അഗ്രസീവ് ഇന്നിങ്‌സ് കാഴ്ചവച്ചു. വെറും 29 ബോളില്‍ നാലു വീതം ഫോറും സിക്‌സറുമടക്കമായിരുന്നു ഇത്. 20 ബോളില്‍ നിന്നും അഞ്ചു ഫോറും രണ്ടു സിക്‌സറുമടക്കം പുറത്താവാതെ 39 റണ്‍സെടുത്ത കെഎല്‍ രാഹുലാണ് മറ്റൊരു പ്രധാന സ്‌കോറര്‍.

VIRAT KOHLI

ഒരിക്കല്‍ക്കൂടി സ്വപ്‌നതുല്യമായ തുടക്കമായിരുന്നു രോഹിത്- ഗില്‍ ജോടി ഇന്ത്യക്കു നല്‍കിയത്. ഗില്ലിനെ ക്രീസിനെ മറുഭാഗത്തു കാഴ്ചക്കാരനാക്കി നിര്‍ത്തി രോഹിത് കിവി ബൗളര്‍മാര്‍ക്കെതിരേ ആഞ്ഞടിക്കുകയായിരുന്നു. അതിവേഗം സ്‌കോര്‍ ചെയ്ത് ഈ ജോടി മുന്നേറവെയാണ് രോഹിത്തിന്റെ പുറത്താവല്‍. ടീം സ്‌കോര്‍ 70ല്‍ നില്‍ക്കവെ സിക്‌സറിനു ശ്രമിച്ച അദ്ദേഹത്തെ ടിം സൗത്തിയുടെ ബൗളിങില്‍ വില്ല്യംസണ്‍ മികച്ചൊരു ക്യാച്ചിലൂടെ മടക്കുകയായിരുന്നു.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഗില്‍- കോലി സഖ്യം 94 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇന്ത്യ ശക്തമായ അടിത്തറയിട്ടു. 23ാം ഓവറില്‍ വ്യക്തിഗത സ്‌കോര്‍ 79ല്‍ നില്‍ക്കെയാണ് കാല്‍പ്പേശിക്കേറ്റ പരിക്കു കാരണം ഗില്‍ ക്രീസ് വിട്ടത്. ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ അപ്പോള്‍ 164 റണ്‍സുണ്ടായിരുന്നു. തുടര്‍ന്നു ക്രീസിലെത്തിയ ശ്രേയസും മികച്ച ബാറ്റിങാണ് കാഴ്ചവച്ചത്. കോലിക്കൊപ്പം 163 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിച്ചതോടെ ഇന്ത്യ 350ന് മുകളില്‍ സ്‌കോര്‍ ഉറപ്പിച്ചു.

44ാം ഓവറില്‍ ടീം സ്‌കോര്‍ 327ല്‍ വച്ചാണ് കോലി പുറത്തായത്. പിന്നാലെ ശ്രേയസ് സെഞ്ച്വറിയും കണ്ടെത്തിയതോടെ ഇന്ത്യന്‍ ടോട്ടല്‍ 350 കടന്നു. രാഹുലിന്റെ തകര്‍പ്പന്‍ ഫിനിഷിങാണ് ഇന്ത്യയെ 400നു തൊട്ടരികില്‍ വരെയെത്തിച്ചത്. ന്യൂസിലാന്‍ഡിനായി ടിം സൗത്തി മൂന്നു വിക്കറ്റുകളെടുത്തു.കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ തന്നെ നിലനിര്‍ത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ന്യൂസിലാന്‍ഡും കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ തന്നെ നിലനിര്‍ത്തുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ന്യൂസിലാന്‍ഡ്- ഡെവന്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ഡാരില്‍ മിച്ചെല്‍, ഗ്ലെന്‍ ഫിലിപ്‌സ്, ടോം ലാതം (വിക്കറ്റ് കീപ്പര്‍), മാര്‍ക്ക് ചാപ്പ്മാന്‍, മിച്ചെല്‍ സാന്റ്‌നര്‍, ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസണ്‍.

Story first published: Wednesday, November 15, 2023, 12:18 [IST]
Other articles published on Nov 15, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+