ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യ വിജയത്തോടെ തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ്. അഞ്ചു തവണ ജേതാക്കളായ ഓസ്‌ട്രേലിയയെ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ആറു വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തുവിട്ടത്. റണ്‍ചേസില്‍ ഒരു സമയത്തു വിറച്ചെങ്കിലും പിന്നീട് ശക്തമായി തിരിച്ചുവന്നാണ് ഇന്ത്യ ഓസീസിന്റെ കഥ കഴിച്ചത്. പക്ഷെ ടീമിനകത്തു കളിക്കാര്‍ക്കിടയില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്ന സൂചനകളാണ് ഈ മല്‍സരത്തിലെ ചില കാര്യങ്ങള്‍ കാണിച്ചു തരുന്നത്.
200 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരവെ രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്കു മൂന്നു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. അപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ വെറും രണ്ടു റണ്‍സ് മാത്രമേ ഉണ്ടായിരുന്നുളളൂ. എന്നാല്‍ നാലാം വിക്കറ്റില്‍ വിരാട് കോലി- കെഎല്‍ രാഹുല്‍ സഖ്യം 165 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുമായി ഇന്ത്യയെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

സെഞ്ച്വറിക്കു 15 റണ്‍സ് അകലെ കോലി പുറത്തായെങ്കിലും രാഹുല്‍ പുറത്താവാതെ 97 റണ്‍സോടെ ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു. പക്ഷെ ഈ കളിയിലെ ചില സംഭവങ്ങള്‍ ആരാധകരെ ആശങ്കയിലാക്കുന്നതാണെന്നു പറയേണ്ടി വരും. ഇവ എന്തൊക്കെയാണെന്നു പരിശോധിക്കാം.
ആദ്യത്തേതു കോലിയുടെ പുറത്താവലാണ്. രാഹുല്‍ സ്‌കോറിങിനു വേഗത കൂടി സെഞ്ച്വറിക്കായുള്ള ശ്രമങ്ങള്‍ ഒരു ഘട്ടത്തില്‍ ഊര്‍ജിതമാക്കിയിരുന്നു. ഇതു മനസ്സിലാക്കിയ കോലിയും എത്രയും വേഗം സെഞ്ച്വറി തികയ്ക്കാന്‍ ശ്രമം തുടങ്ങുകയും ചെയ്തു. ഇങ്ങനെയൊരു നീക്കത്തിനു തുനിഞ്ഞതോടെയാണ് കോലിക്കു തന്റെ വിക്കറ്റ് നഷ്ടമായതെന്നു പറയേണ്ടി വരും. 38ാം ഓവറില്‍ ഹേസല്‍വുഡിന്റെ ബൗളിങില്‍ മാര്‍നസ് ലബ്യുഷെയ്‌നു കോലി ഒരു സിംപിള്‍ ക്യാച്ച് സമ്മാനിക്കുകയായിരുന്നു.
തന്റെ പുറത്താവലില്‍ കോലി വളരെ നിരാശനായാണ് പിന്നീട് ഡ്രസിങ് റൂമില്‍ കാണപ്പെട്ടതെന്നു വീഡിയോ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. കാരണം ഈ മല്‍സരത്തില്‍ സെഞ്ച്വറി അദ്ദേഹം അത്രയുമധികം ആഗ്രഹിച്ചിരുന്നതായി ശരീര ഭാഷയില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും.
ടീം ജയിക്കുമെന്ന് ഏറെക്കുറെ ഉറപ്പാക്കിയ ശേഷമായിരുന്നു കോലിയുടെ പുറത്താവല്‍. എന്നിട്ടും തന്റെ ഇന്നിങ്‌സില്‍ അദ്ദേഹം തൃപ്തനായി കാണപ്പെട്ടിരുന്നില്ല. മറിച്ച് ടീം തോറ്റതു പോലെയുള്ള നിരാശയായിരുന്നു കോലിയുടെ മുഖത്തു പ്രതിഫലിച്ചത്.
ഇനി ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം കോലി പുറത്തായതിനു ശേഷം ക്രീസിലേക്കു വന്ന ഹാര്‍ദിക് പാണ്ഡ്യ രാഹുലിനു സെഞ്ച്വറി നിഷേധിക്കാന്‍ ശ്രമിച്ചുവോവെന്നതാണ്. രാഹുല്‍ തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കവെ ഹാര്‍ദിക് എന്തിനു സിക്‌സറടിച്ചുവെന്നതാണ് സംശയം ജനിപ്പിക്കുന്നത്.
പകരം രാഹുലിന് പരമാവധി സ്‌ട്രൈക്ക് നേരിടാന്‍ അവസരം നല്‍കി സെഞ്ച്വറിക്കുള്ള വഴിയൊരുക്കാനായിരുന്നു ഹാര്‍ദിക് ശ്രമിക്കേണ്ടിയിരുന്നതെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. ഇതാദ്യമായല്ല ഹാര്‍ദിക് ഒരു ടീമംഗത്തിനു വ്യക്തിഗത നേട്ടം നിഷേധിക്കുന്നത്.

ഏഷ്യാ കപ്പിനു മുമ്പുള്ള വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടി20 പരമ്പരയില്‍ ബാറ്റിങ് പങ്കാളിയായ തിലക് വര്‍മയ്ക്കു അന്നു ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് ഫിഫ്റ്റി നിഷേധിച്ചിരുന്നു. തിലക് 49ല്‍ നില്‍ക്കെ താരത്തിനു സ്‌ട്രൈക്ക് നല്‍കാതെ ഹാര്‍ദിക് സിക്‌സറിലൂടെ ടീമിന്റെ വിജയ റണ്‍സ് കുറിക്കുകയായിരുന്നു. ഇതിനെിരേ അന്നു വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇന്നു രാഹുലിനും അതുപോലെ തന്നെ സെഞ്ച്വറി നിഷേധിക്കാനാണോ ഹാര്‍ദിക് സിക്‌സറടിച്ചതെന്നാണ് ചിലരുടെ സംശയം.
ഇവ കൂടാതെ ആരാധകരെ ആശങ്കയിലാക്കുന്ന മൂന്നാമത്തെ കാര്യം മല്‍സരശേഷമുള്ള രാഹുലിന്റെ പ്രതികരണമായിരുന്നു. ടീമിന്റെ വിജയത്തേക്കാള്‍ വ്യക്തിഗത നേട്ടങ്ങളാണ് വലുതെന്ന് സൂചന നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. സെഞ്ച്വറി നേടാന്‍ സാധിക്കാതെ പോയതില്‍ നിരാശയുണ്ടെന്നായിരുന്നു രാഹുല്‍ പറഞ്ഞത്.
എങ്ങനെ സെഞ്ച്വറി നേടാമെന്നായിരുന്നു അവസാനം ഞാന്‍ കണക്കുകൂട്ടിയത്. ഫോറും സിക്‌സറുമടിക്കുക മാത്രമായിരുന്നു ഏക വഴി. പക്ഷെ ആദ്യം സിക്‌സറടിച്ചു പോയതിനാല്‍ അതിനു സാധിക്കാതെ പോയതായും രാഹുല്‍ വ്യക്തമാക്കിയിരുന്നു. ടീം ജയിച്ചതിന്റെ ആഹ്ലാദത്തേക്കാള്‍ സെഞ്ച്വറി നഷ്ടമായതിന്റെ നിരാശയായിരുന്നു രാഹുല്‍ ഇതിലൂടെ പ്രകടിപ്പിച്ചത്. ഇത്തരമൊരു സമീപനം ടീമിലെ ഒരു താരത്തില്‍ നിന്നുണ്ടായത് തീര്‍ച്ചയായും നിരാശാജനകമാണ്.