ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കു എല്ലായ്‌പ്പോഴും കുഴപ്പങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ടീമുകളിലൊന്നാണ് ന്യൂസിലാന്‍ഡ്. ദ്വിരാഷ്ട്ര പരമ്പരകളില്‍ കിവികള്‍ക്കെതിരേ ഇന്ത്യ പതറാറില്ലെങ്കിലും ലോകകപ്പ് പോലെയുള്ള വലിയ വേദികളില്‍ പലപ്പോഴും കാലിടറിയിട്ടുണ്ട്. 2019ലെ കഴിഞ്ഞ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോടേറ്റ ഞെട്ടിക്കുന്ന തോല്‍വി ഇന്ത്യന്‍ ആരാധകര്‍ മറന്നിട്ടുണ്ടാവില്ല.
മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ അവസാന അന്താരാഷ്ട്ര മല്‍സരവും ഇതായിരുന്നു. എന്നാല്‍ അന്നു കിവികള്‍ ജയിച്ചത് വെറും ഭാഗ്യം കൊണ്ടാണെന്നും ഈ ലോകകപ്പില്‍ അവരെ ഇന്ത്യ തകര്‍ത്തെറിയുമെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഫാസ്റ്റ് ബൗളറും മലയാളിയുമായ ശ്രീശാന്ത്.

അടുത്തിടെ ഇന്ത്യന്‍ ടീം ഫിയര്‍ലെസ് ക്രിക്കറ്റ് കളിക്കുന്നില്ലെന്നും ഈ കാരണത്താലാണ് ഐസിസി ടൂര്‍ണമെന്റുകളില്‍ ജയിക്കാന്‍ സാധിക്കാതെ പോവുന്നതെന്നും ചൂണ്ടിക്കാട്ടിയ മുന്‍ ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ സൈമണ്‍ ഡൂളിനെതിരേ ശ്രീ ആഞ്ഞടിക്കുകയും ചെയ്തു.
ഇന്ത്യന്‍ താരങ്ങള്‍ വ്യക്തിഗത പ്രകടനത്തിനു പ്രാധാന്യം നല്‍കി കളിക്കുന്നവരാണ്. പ്രതിഭയുള്ള നിരവധി പേര്‍ ഇന്ത്യന്‍ ടീമിലുണ്ട്. പക്ഷെ റിസ്‌കുകളെടുക്കാന്‍ അവര്‍ക്കു ഭയമാണ്. കാരണം മറ്റുള്ളവര്‍ തങ്ങളെക്കുറിച്ച് എന്തു പറയുമെന്നും, ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെടുമെന്നും, മാധ്യമങ്ങളില്‍ എന്ത് വരുമെന്നുമൊക്കെ ചിന്തിക്കുകയും അതിനെക്കുറിച്ച് അവര്‍ അസ്വസ്ഥരാവുകയും ചെയ്യുന്നുവെന്നും ഡൂള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇവയ്‌ക്കെതിരേ രൂക്ഷമായിട്ടാണ് ശ്രീശാന്ത് പ്രതികരിച്ചിരിക്കുന്നത്. മാത്രമല്ല അവര്‍ക്കു ശക്തമായ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ന്യൂസിലാന്‍ഡ് ലോകകപ്പിനായി ഇന്ത്യയിലേക്കു വരികയാണ്. ഇന്ത്യ അറ്റാക്കിങ് ക്രിക്കറ്റ് കളിക്കുമോ, ഇല്ലയോ എന്ന് അവര്‍ക്കു ഇത്തവണ മനസ്സിലാവും. നമ്മള്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്തുവിടും.
2019ലെ ലോകകപ്പില്‍ അവര്‍ ഭാഗ്യം കൊണ്ടാണ് സെമിയില്‍ ഇന്ത്യക്കെതിരേ ജയിച്ചത്. എംഎസ് ധോണി നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായതാണ് അവരെ ജയിപ്പിച്ചത്. തുടര്‍ന്നു നിങ്ങള്‍ (ന്യൂസിലാന്‍ഡ് ടീം) ഫൈനലില്‍ കളിച്ചിട്ട് എന്തു ചെയ്തു? ഇംഗ്ലണ്ടിനെപ്പോലെയൊരു ടീമിനെ ലോക ചാംപ്യന്‍മാരാക്കി മാറ്റി. അതുവരെ ഒരിക്കല്‍പ്പോലും ഏകദിന ലോകകപ്പ് നേടിയിട്ടില്ലാത്തവരാണ് ഇംഗ്ലണ്ട്. ന്യൂസിലാന്‍ഡ് ഒരിക്കലും ലോകകപ്പ് ജയിക്കാനും പോവുന്നില്ലെന്നും ശ്രീശാന്ത് തുറന്നടിച്ചു.
ഭാവിയില്‍ ന്യൂസിലാന്‍ഡ് ചിലപ്പോള്‍ ലോകകപ്പ് നേടിയേക്കാം. പക്ഷെ ഇത്തവണ വലിയ നാണക്കേടായിരിക്കും അവരെ കാത്തിരിക്കുന്നത്. നിങ്ങള്‍ക്കു (സൈമണ്‍ ഡൂള്‍) മാധ്യമങ്ങളോടു സംസാരിക്കാന്‍ ഒരു അവസരം ലഭിക്കുമ്പോള്‍ സംസാരിക്കും മുമ്പ് ദയവു ചെയ്ത് ചിന്തിക്കണം. ന്യൂസിലാന്‍ഡിനെ ഇന്ത്യക്കാര്‍ ഇത്തവണ തരിപ്പണമാക്കുമെന്നാണ് സൈമണ്‍ ഡൂളിനോടു ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്.

ഇന്ത്യക്കെതിരേ ചില മല്‍സരങ്ങളില്‍ ന്യൂസിലാന്‍ഡ് നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ടെന്നതു ശരിതന്നെ, പ്രത്യേകിച്ചും ഐസിസി ടൂര്‍ണമെന്റുകളിലായിരുന്നു ഇത്. പക്ഷെ ആ സമയമൊക്കെ കഴിഞ്ഞു. നിങ്ങള്‍ (ഡൂള്‍) പറഞ്ഞ കാര്യം ഇന്ത്യയുടെ ഏതെങ്കിലുമൊരു താരം അറിയുകയാണെങ്കില്‍, വിരാട് കോലിയോ മറ്റോ അറിയുകയാണെങ്കില്‍ ഇത്തവണത്തെ മല്‍സരം നല്ല രസമായിരിക്കുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.
ലോകകപ്പില്‍ ഇന്ത്യയും കെയ്ന്‍ വില്ല്യംസണ്‍ നയിക്കുന്ന ന്യൂസിലാന്‍ഡും തമ്മിലുള്ള പോരാട്ടം അടുത്ത മാസം 22നു ധര്‍മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തിലാണ്. കഴിഞ്ഞ 20 വര്‍ഷത്തോളമായി ഐസിസി ടൂര്‍ണമെന്റുകളില്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായിട്ടില്ല.
2003ലെ ഏകദിന ലോകകപ്പിലാണ് അവസാനമായി കിവികളെ ഇന്ത്യ വീഴ്ത്തിയത്. അന്നു സൗരവ് ഗാംഗുലി നയിച്ച ഇന്ത്യന്‍ ടീം ഫൈനല്‍ വരെയെത്തിയിരുന്നു. പക്ഷെ കലാശക്കളിയില്‍ ഓസ്‌ട്രേലിയയോടു വലിയ പരാജയമേറ്റു വാങ്ങുകയായിരുന്നു.