ഐസിസി ഏകദിന ലോകകപ്പിനെക്കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍. ഏതൊക്കെ ടീമുകളായിരിക്കും സെമി ഫൈനലില്‍ എത്തുകയെന്നും ഫൈനലില്‍ ആരൊക്കെയാവും മുഖാമുഖം വരികയെന്നും അദ്ദേഹം പ്രവചിക്കുന്നു. കൂടാതെ ഫൈനലില്‍ ഏതു ടീമായിരിക്കും ലോക കിരീടമുയര്‍ത്തുകയെന്നും ആന്‍ഡേഴ്‌സന്‍ പ്രവചിച്ചിട്ടുണ്ട്. അടുത്ത മാസം 19നാണ് ലോകകപ്പിലെ കിരീടപ്പോരാട്ടം.
നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടും കരുത്തരായ ന്യൂസിലാന്‍ഡും തമ്മിലുള്ള പോരാട്ടത്തോടെയാണ് ലോകകപ്പിനു തുടക്കമാവുക. നാളെ (വ്യാഴം) അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് കന്നിയങ്കം. 2019ലെ കഴിഞ്ഞ ലോകകപ്പ് ഫൈനലിന്റെ റീപ്ലേ കൂടിയാണിത്. അന്നു ത്രില്ലിങ് മാച്ചില്‍ കിവികളെ വീഴ്ത്തി ഇംഗ്ലണ്ട് കന്നി ലോകകിരീടം സ്വന്തമാക്കുകയായിരുന്നു.

രാജ്യത്തെ 10 വേദികളിലായി നടക്കുന്ന ലോകകപ്പില്‍ പത്ത് ടീമുകളാണ് അണിനിരക്കുന്നത്. ഫൈനലടക്കം ടൂര്‍ണമെന്റില്‍ ആകെ 48 മല്‍സരങ്ങളുണ്ടാവും. 2011ലെ ചാംപ്യന്‍മാരും ആതിഥേയരുമായ രോഹിത് ശര്‍മയും സംഘവും വലിയ പ്രതീക്ഷയോടെയാണ് ഈ ലോകകപ്പിനു കച്ചമുറുക്കുന്നത്. അവസാനമായി 2011ല്‍ ആതിഥേയരായപ്പോള്‍ (സംയുക്ത ആതിഥേയര്‍) കിരീടം സ്വന്തമാക്കാന്‍ ഇന്ത്യക്കായിരുന്നു.
ഇത്തവണയും അതു പോലെയൊരു അദ്ഭുതം സൃഷ്ടിക്കാന്‍ തങ്ങള്‍ക്കു കഴിയുമെന്നാണ് രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും കണക്കുകൂട്ടല്‍. അവസാന മൂന്നു ലോകകപ്പുകളെടുത്താല്‍ എല്ലാത്തിലും ചാംപ്യന്‍മാരായത് ആതിഥേയ രാജ്യങ്ങളിലൊന്നായിരുന്നു. ഇതും ഇന്ത്യയുടെ പ്രതീക്ഷകള്‍ ഇരട്ടിയാക്കുന്നു. നിലവില്‍ ഐസിസി റാങ്കിങില്‍ മൂന്നു ഫോര്‍മാറ്റുകളിലും നമ്പര്‍ വണ്‍ ടീം കൂടിയാണ് ഇന്ത്യ.
ബിബിസി ടെസ്റ്റ് മാച്ച് സ്‌പെഷ്യലെന്ന ഷോയിലായിരുന്നു ഇത്തവണത്തെ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളെയും ഫൈനലിസ്റ്റുകളെയുമെല്ലാം ആന്‍ഡേഴ്‌സന്‍ പ്രവചിച്ചത്. ഇത്തവണ സെമി ഫൈനലിസ്റ്റുകള്‍ ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവരായിരിക്കും.
ഓസ്‌ട്രേലിയക്കെതിരേ അടുത്തിടെ നടന്ന പരമ്പരയില്‍ സൗത്താഫ്രിക്കയുടെ തിരിച്ചുവരവ് ഇഷ്ടപ്പെട്ടു. അവരുടെ ബാറ്റിങ് ശക്തമാണ്, ബൗളിങിലും നല്ല ഓപ്ഷനുകളുണ്ട്. പാകിസ്താന്‍ സെമി ഫൈനലിനു തൊട്ടരികില്‍ വരെയെത്തും. ന്യൂസിലാന്‍ഡിന്റെ കാര്യവും ഇതു പോലെ തന്നെയാവും. രണ്ടു പേരും സെമി ഫൈനല്‍ കാണാതെ പുറത്താവും. ഇഞ്ചോടിഞ്ച് ഫൈനലില്‍ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തുമെന്നും താന്‍ കരുതുന്നതായി ആന്‍ഡേഴ്‌സന്‍ വ്യക്തമാക്കി.
ആന്‍ഡേഴ്‌സന്റെ പ്രവചനം സത്യമാവുകയാണെങ്കില്‍ ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷമായിരിക്കും നോക്കൗട്ടില്‍ ഇന്ത്യ- ഇംഗ്ലണ്ട് പോരാട്ടം സംഭവിക്കുക. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടുമായിരുന്നു കൊമ്പുകോര്‍ത്തത്.
അന്നു തികച്ചും ഏകപക്ഷീയമായ സെമി ഫൈനലില്‍ ഇന്ത്യയെ പത്തു വിക്കറ്റിനു ഇംഗ്ലണ്ട് നാണംകെടുത്തുകയും ചെയ്തു. പിന്നീട് ഫൈനലില്‍ പാകിസ്താനെയും തോല്‍പ്പിച്ച് ജോസ് ബട്‌ലറും സംഘവും രണ്ടാം ലോകകപ്പില്‍ മുത്തമിടുകയായിരുന്നു.

ജെയിംസ് ആന്‍ഡേഴ്‌സന്‍ മാത്രമല്ല ഇതേ ഷോയില്‍ പങ്കെടുത്ത ഇംഗ്ലണ്ടിന്റെ മുന്‍ താരം സ്റ്റീവ് ഫിന്നും ലോകകപ്പിനെക്കുറിച്ച് പ്രവചനം നടത്തിയിട്ടുണ്ട്. ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഇന്ത്യ, പാകിസ്താന്‍ എന്നിവരായിരിക്കും ഇത്തവണ സെമി ഫൈനലിലുണ്ടാവുകയെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.
ദീര്‍ഘകാലത്തിനു ശേഷം വളരെ ഓപ്പണായ ഒരു ലോകകപ്പായിരിക്കും ഇത്തവണ നമുക്ക് കാണാന്‍ സാധിക്കുക. 50 ഓവര്‍ മല്‍സരങ്ങള്‍ ഇപ്പോള്‍ കുറവായതിനാല്‍ തന്നെ എങ്ങനെയായിരിക്കും ഈ ഫോര്‍മാറ്റിനെ സമീപിക്കുകയെന്നത് ചില ടീമുകളെ കുഴപ്പത്തിലാക്കിയേക്കും. ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഇന്ത്യ, പാകിസ്താന്‍ എന്നിവരായിരിക്കും സെമിയിലെത്തുക. കാരണം അവരുടേത് വളരെ സന്തുലിതമായ ടീമാണ്.
അവസാനത്തെ മൂന്നു ലോകകപ്പുകളിലും ആതിഥേയരായിരുന്നു ചാംപ്യന്‍മാര്‍. അതു കണക്കിലെടുക്കുമ്പോള്‍ ഈ വര്‍ഷം ഇന്ത്യ ജയിക്കും. മറ്റാരേക്കാളും കൂടുതല്‍ ഏകദിന മല്‍സരങ്ങള്‍ കളിച്ചിട്ടുള്ളത് അവരാണ്. കൂടാതെ നാട്ടില്‍ കളിക്കുമ്പോഴുള്ള പിന്തുണയും ഇന്ത്യക്കു വലിയ മുതല്‍ക്കൂട്ടായി മാറുമെന്നും ഫിന്‍ കൂട്ടിച്ചേര്‍ത്തു.