World Cup 2023: അവസാനം ഇതു കണ്ടത് 2013ല്‍, ഇന്ത്യ ഐസിസി ട്രോഫിയും നേടി! ഇത്തവണയും കപ്പടിക്കുമോ?
ലോകകപ്പില്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ ടീം ഇന്ത്യയുടെ പടയോട്ടം കിരീടത്തില്‍ തന്നെ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ലോകമെമ്പാടുമുള്ള ആരാധകര്‍. തുടര്‍ച്ചായി ഏഴു വിജയങ്ങളുമായി സെമി ഫൈനലിലെത്തിയ ആദ്യത്തെ ടീമായി ഇന്ത്യ മാറിയിരുന്നു. മൂന്നാം ലോക കിരീടമെന്ന സ്വപ്‌നത്തിനും ഇന്ത്യക്കുമിടയില്‍ ഇനി സെമി ഫൈനല്‍, ഫൈനല്‍ എന്നീ രണ്ടു കടമ്പകള്‍ മാത്രമേയുള്ളൂ. കഴിഞ്ഞ രണ്ടു ലോകകപ്പുകളിലും ഇന്ത്യക്കു സെമിയില്‍ കാലിടറുകയായിരുന്നു. പക്ഷെ ഇത്തവണ അതു സംഭവിച്ചേക്കില്ല. ഇതിന്റെ കാരണമറിയാം.
ഇന്ത്യയുടെ മൂന്ന് മുന്‍നിര താരങ്ങളാണ് ഈ വര്‍ഷം ഏകദിനത്തില്‍ 1000 റണ്‍സെന്ന വമ്പന്‍ നാഴികക്കല്ല് പൂര്‍ത്തിയാക്കിയത്. യുവ ഓപ്പണറും ബാറ്റിങ് സെന്‍സേഷനുമായ ശുഭ്മന്‍ ഗില്ലാണ് ആദ്യം ഈ നേട്ടം കൈവരിച്ചതെങ്കില്‍ പിന്നാലെ ക്യാപ്റ്റന്‍ രോഹിത്, മുന്‍ നായകന്‍ വിരാട് കോലി എന്നിവരും 1000 റണ്‍സ് ക്ലബ്ബിലെത്തുകയായിരുന്നു.

അവസാനമായി ഇന്ത്യയുടെ മൂന്നു താരങ്ങള്‍ ഒരു കലണ്ടര്‍ വര്‍ഷം 1000ത്തിന് മുകളില്‍ റണ്‍സ് ഏകദിനത്തില്‍ സ്‌കോര്‍ ചെയ്തത് 2013ലാണ്. അന്നു ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫിയും ട്രോഫിയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇതു തന്നെയാണ് ഇത്തവണ ഇന്ത്യ ലോക ചാംപ്യന്‍മാരായേക്കുമെന്ന് സൂചന നല്‍കുന്ന പ്രധാന കാരണം.
2013ല്‍ രോഹിത്, വിരാട് എന്നിവരെക്കൂടാതെ കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സ് തികച്ച മൂന്നാമത്തെയാള്‍ മുന്‍ ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാനായിരുന്നു. ഇത്തവണ ധവാനു പകരം ഗില്‍ ടീമിലേക്കു വരികയും 1000 റണ്‍സ് ക്ലബ്ബില്‍ തന്റെ പേര് എഴുതിച്ചേര്‍ക്കുകയും ചെയ്തപ്പോള്‍ രോഹിത്തും കോലിയും പതിവുപോലെ ഈ നേട്ടം ആവര്‍ത്തിക്കുകയും ചെയ്തു.
2013ല്‍ മുന്‍ ഇതിഹാസനായകന്‍ എംഎസ് ധോണിക്കു കീഴിലായായിരുന്നു ഇന്ത്യയുടെ കിരീടധാരണം. ആവേശകരമായ ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെയായിരുന്നു ഇന്ത്യ അഞ്ചു റണ്ണിനു വീഴ്ത്തിയത്. ഇന്ത്യയുടെ അവസാനത്തെ ഐസിസി കിരീടവും ഇതു തന്നെയാണ്. പിന്നീട് 10 വര്‍ഷത്തോളമായി ഒരു ഐസിസി ടൂര്‍ണമെന്റിലും വിജയിക്കാന്‍ ഇന്ത്യക്കായിട്ടില്ല.
ഈ ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരേ മുംബൈയിലെ വാംഖഡെയില്‍ നടന്ന കഴിഞ്ഞ മല്‍സരത്തിലായിരുന്നു കോലി 1000 റണ്‍സ് പൂര്‍ത്തിയാക്കിയത്. മല്‍സരത്തില്‍ അദ്ദേഹം 88 റണ്‍സോടെ കസറിയിരുന്നു. കരിയറില്‍ എട്ടാം തവണയായിരുന്നു കോലി ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷം 1000 റണ്‍സെന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കിയത്.
ലോക ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു താരം ഇത്രയുമധികം തവണ ഈ നേട്ടം കുറിച്ചതും ഇതാദ്യമായിട്ടാണ്. 2011 (1381 റണ്‍സ്), 2012 (1026), 2013 (1268), 2014 (1054), 2017 (1460), 2018 (1202), 2019 (1377), 2023 (1054*) എന്നിങ്ങനെയാണ് കോലിയുടെ പ്രകടനം.

കോലിയെപ്പോലെ ഈ ലോകകപ്പിനിടെ തന്നെയാണ് രോഹിത്തും 1000 റണ്‍സ് ക്ലബ്ബില്‍ ഇടം പിടിച്ചത്. എന്നാല്‍ ഐസിസിയുടെ ഏകദിന റാങ്കിങില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്ന ഗില്‍ വളരെ നേരത്തേ തന്നെ 1000 റണ്‍സ് തികച്ചിരുന്നു.
അതേസമയം, ഈ ലോകകപ്പില്‍ ഇന്ത്യയുടെ പ്രകടനത്തിലേക്കു വരികയാണെങ്കില്‍ ടൂര്‍ണമെന്റില്‍ ഇനിയും തോല്‍വിയറിയാത്ത ഏക ടീം കൂടിയാണ് രോഹിത്തും സംഘവും. ഇത്തവണ ഒരു മല്‍സരത്തില്‍ പോലും പരാജയമറിയാതെ കപ്പടിക്കുന്ന ആദ്യ ടീമായി രോഹിത്തും സംഘവും ചരിത്രം കുറിക്കുമോയെന്നാണ് അറിയാനുള്ളത്.
രണ്ടു മല്‍സരങ്ങള്‍ ലീഗ് ഘട്ടത്തില്‍ ബാക്കിനില്‍ക്കെയാണ് സെമി ഫൈനലിലെത്തിയ ആദ്യ ടീമായി ഇന്ത്യ മാറിയത്. സൗത്താഫ്രിക്ക, നെതര്‍ലാന്‍ഡ്‌സ് എന്നിവര്‍ക്കെതിരായ മല്‍സരങ്ങള്‍ മാത്രമാണ് ഇന്ത്യക്കു ഇനി ബാക്കിയുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications