ലോകകപ്പിന്റെ ലീഗ് ഘട്ട മല്‍സരങ്ങള്‍ ക്ലൈമാക്‌സിലെത്തി നില്‍ക്കവെ ഫൈനലിസ്റ്റുകളെ പ്രവചിച്ചിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ഓപ്പണറും സൂപ്പര്‍ താരവുമായ ഹാഷിം അംല. നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടും പാകിസ്താനും തമ്മിലുള്ള കഴിഞ്ഞ മല്‍സരം കഴിഞ്ഞതോടെ സെമി ഫൈനലിനെക്കുറിച്ച് ചിത്രം തെളിഞ്ഞിരുന്നു. 15നു മുംബൈയില്‍ നടക്കുന്ന ആദ്യ സെമിയില്‍ ഇന്ത്യയും ന്യൂസിലാന്‍ഡുമാണ് ഏറ്റുമുട്ടുക. 16നു രണ്ടാം സെമിയില്‍ അഞ്ചു തവണ ജേതാക്കളായ ഓസ്‌ട്രേലിയ സൗത്താഫ്രിക്കയെയും നേരിടും.
സൗത്താഫ്രിക്കന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരുടെ നിരയിലാണ് അംലയുടെ സ്ഥാനം. 349 മല്‍സരങ്ങളില്‍ സൗത്താഫ്രിക്കന്‍ കുപ്പായമണിഞ്ഞിട്ടുള്ള അദ്ദേഹം പല ബാറ്റിങ് റെക്കോര്‍ഡുകളും തന്റെ പേലില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്. സൗത്താഫ്രിക്കയിലെ ഒരു സ്‌പോര്‍ട്‌സ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ആരൊക്കെ തമ്മിലാവും ഫൈനലെന്നു അംല പ്രവചിച്ചത്.

2003ല്‍ സൗത്താഫ്രിക്കയില്‍ നടന്ന ലോകകപ്പ് ഫൈനലിന്റെ റീപ്ലേ ഇത്തവണ സംഭവിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രവചനത്തില്‍ നിന്നും വ്യക്തമായിരിക്കുന്നത്. അന്നു കലാശക്കളിയില്‍ കൊമ്പുകോര്‍ത്തത് സൗരവ് ഗാംഗുലിയുടെ ഇന്ത്യയും ഓസ്‌ട്രേലിയയുമായിരുന്നു.
ജൊഹാനസ്ബര്‍ഗില്‍ നടന്ന കലാശക്കളിയില്‍ ഇന്ത്യയെ 125 റണ്‍സിനു തകര്‍ത്ത് റിക്കി പോണ്ടിങ് നയിച്ച ഓസീസ് ചാംപ്യന്‍മാരാവുകയും ചെയ്തു. ഇത്തവണ വീണ്ടും ഫൈനലില്‍ ഇന്ത്യയും ഓസീസും മുഖാമുഖം വരുമെന്നു പലരും പ്രവചിച്ചു കഴിഞ്ഞെങ്കിലും അതു സംഭവിക്കില്ലെന്നാണ് അംലയുടെ വിലയിരുത്തല്‍.
ഇന്ത്യയും തന്റെ ടീമായ സൗത്താഫ്രിക്കയും തമ്മിലായിരിക്കും ഈ ലോകകപ്പില്‍ കിരീടത്തിനു വേണ്ടി കൊമ്പുകോര്‍ക്കുകയെന്നാണ് അംലയുടെ പ്രവചനം. 19ന് അടുത്ത ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയമാണ് ലോകകപ്പ് ഫൈനലിനു വേദിയാവുക. അംലയുടെ പ്രവചനം പോലെ തന്നെ അന്നു ഇന്ത്യയും സൗത്താഫ്രിക്കയും മുഖാമുഖം വരുമോയെന്നാണ് ഇനി അറിയാനുള്ളത്.
ഇന്ത്യ കഴിഞ്ഞാല്‍ ഈ ലോകകപ്പില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ള ടീം കൂടിയാണ് ടെംബ ബവുമ നയിച്ച സൗത്താഫ്രിക്ക. ലീഗ് ഘട്ടത്തില്‍ കളിച്ച എട്ടു മല്‍സരങ്ങളിലും ജയിച്ച് ഒന്നാംസ്ഥാനക്കാരായി ഇന്ത്യ സെമിയിലേക്കു കുതിച്ചപ്പോള്‍ രണ്ടാമതെത്തിയത് സൗത്താഫ്രിക്കയായിരുന്നു.
ഒമ്പതുമല്‍സരങ്ങളില്‍ നിന്നും ഏഴു ജയവും രണ്ടു തോല്‍വിയുമടക്കം 14 പോയിന്റാണ് അവര്‍ക്കു ലഭിച്ചത്. ഓസ്‌ട്രേലിയക്കും ഇതേ പോയിന്റ് തന്നെയാണ് ലഭിച്ചതെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റില്‍ ഓസീസിനെ സൗത്താഫ്രിക്ക പിന്തള്ളുകയായിരുന്നു.

നെതര്‍ലാന്‍ഡ്‌സിനെതിരായ ഒരു അട്ടിമറിത്തോല്‍വി മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യയോടു മാത്രമേ ടൂര്‍ണമെന്റില്‍ സൗത്താഫ്രിക്ക പരാജയപ്പെട്ടിട്ടുള്ളൂ. ആദ്യം ബാറ്റ് ചെയ്ത മല്‍സരങ്ങളിലെല്ലാം 300 പ്ലസ് റണ്‍സ് വാരിക്കൂട്ടി വലിയ വിജയങ്ങള്‍ കൊയ്യാനും സൗത്താഫ്രിക്കയ്ക്കായിരുന്നു. ശ്രീങ്കയെ ആദ്യ കളിയില്‍ 102 റണ്‍സിനു തകര്‍ത്തുകൊണ്ടാണ് ടൂര്‍ണമെന്റില്‍ സൗത്താഫ്രിക്ക തുടങ്ങിയത്.
രണ്ടാമത്തെ മല്‍സരത്തില്‍ ഓസ്ട്രേലിയയെ 134 റണ്‍സിനും അവര്‍ മുക്കി. പക്ഷെ മൂന്നാം റൗണ്ടില്‍ നെനര്‍ലാന്‍ഡ്‌സിനെതിരേ അപ്രതീക്ഷിത ഷോക്കാണ് സൗത്താഫ്രിക്കയ്ക്കു നേരിട്ടത്. റണ്‍ ചേസ് നടത്തിയ മല്‍സരത്തില്‍ 38 റണ്‍സിനു അവര്‍ പരാജയപ്പെടുകയായിരുന്നു. മഴ കാരണം കളി 43 ഓവറുകളാക്കി കുറയ്ക്കുകയും ചെയ്തിരുന്നു.
ഈ തോല്‍വിയില്‍ നിന്നും ശക്തമായി തിരിച്ചുവന്ന സൗത്താഫ്രിക്ക ഇംഗ്ലണ്ടിനെ 229 റണ്‍സിനും ബംഗ്ലാദേശിനെ 149 റണ്‍സിനും മുക്കിയാണ് ക്ഷീണം തീര്‍ത്തത്. പാകിസ്താനുമായുള്ള അടുത്ത കളിയില്‍ ഒരു വിക്കറ്റിന്റ ത്രില്ലിങ് വിജയവും സൗത്താഫ്രിക്ക സ്വന്തമാക്കി.
പിന്നാലെ ഇന്ത്യയോടു 243 റണ്‍സിന്റെ വമ്പന്‍ പരാജയമാണ് സൗത്താഫ്രിക്കയ്ക്കു നേരിടേണ്ടി വന്നത്. അവസാന കളിയില്‍ അഫ്ഗാനിസ്താനെ അഞ്ചു വിക്കറ്റിനു തോല്‍പ്പിച്ച് അവര്‍ വിജയ വഴിയില്‍ തിരിച്ചെത്തുകയും ചെയ്തു.