മുംബൈ: ഏകദിന ലോകകപ്പിലെ ഇന്ത്യ വിജയക്കുതിപ്പ് തുടരുകയാണ്. കളിച്ച ആറ് മത്സരവും ജയിച്ച ഏക ടീം ആതിഥേയരാണ്. കരുത്തുറ്റ താരനിരയുള്ള ഇന്ത്യ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, പാകിസ്താന്‍ തുടങ്ങിയ മുഖ്യ എതിരാളികളെയെല്ലാം വീഴ്ത്തിക്കഴിഞ്ഞു. എന്നാല്‍ ഫോം വിലയിരുത്തുമ്പോള്‍ ഇത്തവണത്തെ ഇന്ത്യുടെ മുഖ്യ എതിരാളികളായി ദക്ഷിണാഫ്രിക്കയെ വേണം വിലയിരുത്താന്‍. പോയിന്റ് പട്ടികയില്‍ ആര് ഒന്നാമതെത്തും എന്നതില്‍ നിര്‍ണ്ണായകമാവുക ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരമാവും.
രണ്ട് ടീമും ഒന്നിനൊന്ന് മെച്ചമായതിനാല്‍ വാശിയേറിയ പോരാട്ടം ഉറപ്പ്. ഇപ്പോഴിതാ ആരാവും മത്സരത്തിലെ വിജയികളെന്നും ആരൊക്കെ തിളങ്ങുമെന്നത് സംബന്ധിച്ചും നിര്‍ണ്ണായക പ്രവചനം നടത്തിയിരിക്കുകയാണ് ജ്യോതിഷി സുമിത് ബജാജ്. ദക്ഷിണാഫ്രിക്കയോട് ഇന്ത്യ തോല്‍ക്കുമെന്നാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലാണ് ഇന്ത്യ - ദക്ഷിണാഫ്രിക്ക മത്സരം നടക്കാനിരിക്കുന്നത്. ഇവിടെ രോഹിത് ശര്‍മയുടെ ഭാഗ്യമൈതാനമായാണ് കാണുന്നതെന്നും ജ്യോതിഷി പറയുന്നു.
രോഹിത് ശര്‍മയുടെ മികച്ച ബാറ്റിങ് പ്രകടനം കാണാന്‍ സാധിക്കുമെങ്കിലും ഇന്ത്യയെ ദക്ഷിണാഫ്രിക്ക തോല്‍പ്പിക്കുമെന്നാണ് ജ്യോതിഷിയുടെ പ്രവചനം. നിലവിലെ ഫോമില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യക്ക് വലിയ വെല്ലുവിളിയാവുമെന്നതില്‍ തര്‍ക്കമില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും ദക്ഷിണാഫ്രിക്ക ഇന്ത്യക്ക് വലിയ തലവേദനയാണ്. പേസ് നിരയില്‍ കഗിസോ റബാഡ, മാര്‍ക്കോ യാന്‍സന്‍, ലൂങ്കി എന്‍ഗിഡി എന്നിവരെല്ലാം ഉള്‍പ്പെടുമ്പോള്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ കഷ്ടപ്പെടും.
ബാറ്റിങ് നിരയില്‍ ക്വിന്റന്‍ ഡീകോക്കിന്റെ മികച്ച ഫോമാണ് ദക്ഷിണാഫ്രിക്കയുടെ കരുത്ത്. നാല് സെഞ്ച്വറികള്‍ ഇതിനോടകം താരത്തിന് നേടാനായിട്ടുണ്ട്. എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍ എന്നിവരെല്ലാം വെടിക്കെട്ട് ഫോമിലാണുള്ളത്. ഇതെല്ലാം ദക്ഷിണാഫ്രിക്കയുടെ കരുത്തുയര്‍ത്തുന്നു. ഇന്ത്യയും മികച്ച ഫോമിലാണെങ്കിലും രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെ അമിതമായി ആശ്രയിക്കുന്നു. രണ്ട് പേരും പെട്ടെന്ന് പുറത്തായാല്‍ ഇന്ത്യയുടെ നില പരുങ്ങലിലാവും.

മാച്ച് വിന്നര്‍മാരെ പരിശോധിക്കുമ്പോള്‍ ഇന്ത്യയെക്കാള്‍ മുന്‍തൂക്കം ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയെ ദക്ഷിണാഫ്രിക്ക വീഴ്ത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇന്ത്യ - ശ്രീലങ്ക മത്സരഫലവും ജ്യോതിഷി പ്രവചിച്ചു. ഇന്ത്യ ജയിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. കൂടാതെ വിരാട് കോലി 49ാം ഏകദിന സെഞ്ച്വറി നേടുമെന്നും ജ്യോതിഷി പ്രവചിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരേ ഡെക്കിനാണ് കോലി പുറത്തായ്.
ഒമ്പത് പന്ത് നേരിട്ടാണ് കോലി അക്കൗണ്ട് തുറക്കാതെ മടങ്ങിയത്. ഇതിന്റെ ക്ഷീണം മാറ്റാന്‍ കോലിക്ക് മികച്ചൊരു പ്രകടനം നടത്തേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ കോലി സെഞ്ച്വറി നേടുമെന്ന് തന്നെ പ്രതീക്ഷിക്കാം. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ശ്രീലങ്ക പോരാട്ടം. കോലിക്ക് മികച്ച റെക്കോഡുള്ള മൈതാനമാണിത്. അതുകൊണ്ടുതന്നെ ജ്യോതിഷിയുടെ പ്രവചനം സത്യമാകാനുള്ള സാധ്യത കൂടുതലാണ്.
നിലവില്‍ 49 സെഞ്ച്വറി നേടി ഏകദിനത്തില്‍ കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് തലപ്പത്ത്. രണ്ട് സെഞ്ച്വറികൂടി നേടാനായാല്‍ സച്ചിനെ മറികടന്ന് തലപ്പത്തേക്കെത്താന്‍ കോലിക്കാവും. ഇത്തവണത്തെ ലോകകപ്പില്‍ മികച്ച ഫോമിലാണ് കോലിയുള്ളത്. അതുകൊണ്ടുതന്നെ മികവുകാട്ടാന്‍ അദ്ദേഹത്തിനായേക്കും. കോലി ഫോമിലേക്കെത്താതിരുന്നാല്‍ ഇന്ത്യയുടെ മത്സരഫലത്തേയും അത് പ്രതികൂലമായി ബാധിച്ചേക്കും.
ഇത്തവണ സെമി ഫൈനലില്‍ ആരൊക്കെ കളിക്കുമെന്നതിനെക്കുറിച്ചും ജ്യോതിഷി പ്രവചനം നടത്തിയിട്ടുണ്ട്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവര്‍ സെമി കളിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. പാകിസ്താന്‍ സെമിയിലുണ്ടാകില്ലെന്നും അദ്ദേഹം പ്രവചിക്കുന്നു.
നേരത്തെ ദക്ഷിണാഫ്രിക്ക ഇത്തവണ തകര്‍പ്പന്‍ പ്രകടനം നടത്തുമെന്ന് അദ്ദേഹം പ്രവചിച്ചിരുന്നു. അത് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ സുമിത് ബജാജ് നടത്തിയ പല പ്രവചനങ്ങളും കൃത്യമാണ്. അതുകൊണ്ടുതന്നെ ഇതും സത്യമാകുമോയെന്നത് കണ്ടറിയാം.