ഐസിസി ഏകദിന ലോകകപ്പില്‍ ക്രിക്കറ്റ് ലോകം മുഴുവന്‍ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ സൂപ്പര്‍ പോരാട്ടം മാറ്റിയേക്കും. ഒക്ടോബര്‍ 15നു അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് മല്‍സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ മല്‍സരം പുനര്‍ ക്രമീകരിക്കണമെന്ന ആവശ്യം ഇപ്പോള്‍ ശക്തമായിരിക്കുകയാണ്. കഴിഞ്ഞ മാസമായിരുന്നു ലോകകപ്പിന്റെ മല്‍സരക്രമം ഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
എന്നാല്‍ ഇതു മാറ്റണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നുമുയരുന്നുണ്ട്. നവരാത്രി ആഘോഷത്തിന്റെ ആദ്യത്തെ ദിനം കൂടിയാണ് ഒക്ടോബര്‍ 15. രാത്രി മുഴുനീള നീണ്ടുനില്‍ക്കുന്ന ഗാര്‍ബ നൃത്തത്തോടെയാണ് ഇതു ആഘോഷിക്കപ്പെടാറുള്ളത്. പ്രത്യേകിച്ചും മല്‍സരം നടക്കുന്ന സംസ്ഥാനമായ ഗുജറാത്തില്‍ ഇതു വലിയ രീതിയില്‍ ആഘോഷിക്കപ്പെടാറുണ്ട്.

അതുകൊണ്ടു തന്നെ ഇതേ ദിവസം മല്‍സരം നടക്കുകയാണെങ്കില്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടാവുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതേ തുടര്‍ന്നാണ് വിവിധ ഏജന്‍സികള്‍ മല്‍സരം മാറ്റിവയ്ക്കണമെന്നു ബിസിസിഐയോടു അഭ്യര്‍ഥിച്ചിരിക്കുന്നത്.
മല്‍സരം പുനര്‍ക്രമീകരിക്കാനുള്ള എല്ലാ ശ്രമങ്ങളും ഞങ്ങള്‍ നടത്തുന്നുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വലിയൊരു പോരാട്ടം നടക്കാനിരിക്കുന്നതിനാല്‍ കളി കാണുന്നതിനായി ആയിരക്കണക്കിനു ആരാധകര്‍ അഹമ്മദാബാദിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു സുരക്ഷാ ഏജന്‍സികള്‍ ഞങ്ങളെ അറിയിച്ചിരുന്നു.
നവരാത്രി ആഘോഷങ്ങളും ഇതേ ദിവസം നടക്കാനിരിക്കുന്നതിനാല്‍ മല്‍സരം ഒഴിവാക്കണമെന്നു അവര്‍ അറിയിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു. പക്ഷെ മല്‍സരം പുനര്‍ക്രമീകരിക്കുകയാണെങ്കില്‍ അതു ഒരുപാട് പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കുകയും ചെയ്യും. കളിയുടെ തിയ്യതി പ്രഖ്യാപിച്ചു കഴിഞ്ഞതിനാല്‍ നിരവധി ആരാധകര്‍ ഇവിടേക്കുള്ള യാത്രയും താമസവുമെല്ലാം നേരത്തേ ബുക്ക് ചെയ്തു കഴിഞ്ഞിട്ടുള്ളതാണ്.
കൂടാതെ എന്‍ആര്‍ഐകള്‍ മല്‍സരത്തിനു മുമ്പും ശേഷവും അഹമ്മദാബാദിലെ ആശുപത്രിയിലെ കിടക്കകളുടെ ലഭ്യതയെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തിരിക്കുകയാണ്. ഒക്ടോബര്‍ 15നുള്ള കളി മാറ്റിവയ്ക്കുകയണെങ്കില്‍ അതു വലിയ തോതില്‍ ഹോട്ടല്‍ ബുക്കിങ്ങുകള്‍ ക്യാന്‍സല്‍ ചെയ്യപ്പെടാനും വഴിയൊരുക്കും.
ലോകകപ്പിനു ഇനി രണ്ടു മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നതെങ്കിലും മല്‍സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പ്പന ഇനിയുമാരംഭിച്ചിട്ടില്ല. ഇതു ആരാധകരെ അസ്വസ്ഥരാക്കുകയും ചെയ്തിട്ടുണ്ട്. ലോകകപ്പിലെ ഏറ്റവും വലിയ പോരാട്ടമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ഇന്ത്യ- പാക് മല്‍സരം മാറ്റിവയ്ക്കുകയാണെങ്കില്‍ അതു ആരാധകരുടെ ഭാഗത്തു നിന്നും വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ക്കു വഴിയൊരുക്കും.
ലോകകപ്പിനു വേദിയാവുന്ന സംസ്ഥാനത്തെ മുഴുവന്‍ വേദികളിലെയും അധികൃതരുടെ ഒരു യോഗം വ്യാഴാഴ്ച ബിസിസിഐ സെക്രട്ടറി ജയ് ഷാ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇവിടെ വച്ച് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരവുമായി ബന്ധപ്പെട്ടുള്ള ആശങ്കകളെക്കുറിച്ച് ചര്‍ച്ച നടക്കുമെന്നാണ് വിവരം.
ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ലോകകപ്പിലെ നാലു മല്‍സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇംഗ്ലണ്ടും തമ്മിലുള്ള ഉദ്ഘാട മല്‍സരവും ഫൈനലുമെല്ലാം ഇവിടെയാണ്.