ഗുവാഹത്തി: ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ശക്തമായ മഴയെത്തുകയായിരുന്നു. തോരാതെ മഴ തുടര്‍ന്നതോടെ മത്സരം ഒഴിവാക്കുകയായിരുന്നു. ഇന്ത്യയുടെ അടുത്ത സന്നാഹ മത്സരം നെതര്‍ലന്‍ഡ്‌സിനെതിരെയാണ്.
ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതായിരുന്നു. ഓസ്‌ട്രേലിയക്കെതിരേയാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരം. അതിന് മുമ്പ് ഇംഗ്ലണ്ടിനെപ്പോലൊരു ശക്തരായ എതിരാളികള്‍ക്കെതിരേ സന്നാഹ മത്സരം കളിക്കുന്നത് ഇന്ത്യക്ക് വളരെയധികം ഗുണം ചെയ്യുമായിരുന്നു. എന്നാല്‍ മഴ വില്ലനാവുകയായിരുന്നു. ഇനി നെതര്‍ലന്‍ഡ്‌സിനെതിരെയാണ് ഇന്ത്യയുടെ സന്നാഹം. ദുര്‍ബലരായ നെതര്‍ലന്‍ഡ്‌സിനെ നേരിടുന്നത് ഇന്ത്യക്ക് വലിയ ഗുണം ചെയ്യില്ല.
ഈ മത്സരത്തിന് തിരുവനന്തപുരമാണ് വേദിയാവുന്നത്. എന്നാല്‍ ഇവിടെയും ശക്തമായ മഴയാണ് നിലവിലുള്ളത്. വരുന്ന ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ സന്നാഹ മത്സരവും മഴമൂലം ഉപേക്ഷിക്കാനാണ് സാധ്യത. രണ്ട് സന്നാഹവും ഉപേക്ഷിച്ചാല്‍ ഏഴാം തീയ്യതിവരെ നെറ്റ്‌സ് പരിശീലനം മാത്രമാവും ഇന്ത്യക്ക് ലഭിക്കുക. ഇത് എട്ടാം തീയ്യതി നടക്കുന്ന ഓസീസിനെതിരായ മത്സരത്തില്‍ ഇന്ത്യയെ പ്രതികൂലമായി ബാധിച്ചേക്കും.
ഏഷ്യാ കപ്പ് ചാമ്പ്യന്മാരായ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര നേടിയാണ് ഇംഗ്ലണ്ടിനെതിരേ ഇറങ്ങുന്നത്. എന്നാല്‍ ഓസീസ് പരമ്പരയിലെ അവസാന മത്സരം തോറ്റാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരേ ഇറങ്ങുന്നത്. ടീമിന്റെ പോരായ്മകള്‍ പരിഹരിക്കാനുള്ള അവസാന അവസരമാണ് സന്നാഹ മത്സരങ്ങള്‍.

കരുത്തരായ ഇംഗ്ലണ്ടിനെ സന്നാഹത്തില്‍ തോല്‍പ്പിക്കാനായാല്‍ ഇന്ത്യക്കത് വലിയ ആത്മവിശ്വാസം നല്‍കുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യയുടെ ബാറ്റിങ് നിരയും ഉജ്ജ്വല ഫോമിലാണ്. എന്നാല്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ബൗളര്‍മാര്‍ അല്‍പ്പം കൂടി ശ്രദ്ധ നല്‍കേണ്ടതായുണ്ട്. ഇന്ത്യയുടെ വാലറ്റത്തിന്റെ ബാറ്റിങ് പ്രകടനവും മെച്ചപ്പെടേണ്ടതായുണ്ട്. പ്ലേയിങ് 11ല്‍ ആരൊക്കെ വേണമെന്നത് ഇപ്പോഴും ടീമിന് മുന്നില്‍ ആശങ്കയ ഉയര്‍ത്തുന്ന ചോദ്യമാണ്.
അതിന് ഉത്തരം കണ്ടെത്താനും ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിലൂടെ ഇന്ത്യക്ക് സാധിക്കേണ്ടതായുണ്ട്. ശക്തരായ താരനിരയുള്ള ടീമാണ് ഇംഗ്ലണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാതെ ഇംഗ്ലണ്ടിനെ വീഴ്ത്തുക പ്രയാസമായിരിക്കും. ഇംഗ്ലണ്ട് ടീമിലേക്ക് ബെന്‍ സ്റ്റോക്‌സിന്റെ തിരിച്ചുവരവുകൂടിയായപ്പോള്‍ കരുത്ത് കൂടുതല്‍ ഉയര്‍ന്നു. സമീപകാലത്തെല്ലാം ഗംഭീര പ്രകടനമാണ് ഇംഗ്ലണ്ട് കാഴ്ചവെച്ചിരിക്കുന്നത്.
ഇന്ത്യയുടെ പ്ലേയിങ് 11 കണ്ടെത്താന്‍ ഇംഗ്ലണ്ടിനെതിരായ മത്സരം നിര്‍ണ്ണായകമായിരുന്നു. ഇന്ത്യ 15 താരങ്ങള്‍ക്കും അവസരം നല്‍കാം എന്ന പദ്ധതിയിലാണ് ഇംഗ്ലണ്ടിനെതിരേ ഇറങ്ങിയതെങ്കിലും ദൗര്‍ഭാഗ്യവശാല്‍ മഴ വില്ലനാവുകയായിരുന്നു. ഇംഗ്ലണ്ടും 15 താരങ്ങളെയും കളിപ്പിച്ച് മികവ് പരിശോധിക്കാമെന്ന് കണക്കുകൂട്ടിയാണ് ഇറങ്ങിയതെങ്കിലും മഴ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഇപ്പോഴും ചില ആശങ്കകള്‍ തുടരുന്നുണ്ട്.
നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ കളിക്കണോ അതോ കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവരെ ഒന്നിച്ച് കളിപ്പിക്കണമോയെന്നത് ഇന്ത്യക്ക് മുന്നിലുള്ള പ്രധാന ചോദ്യമാണ്. സൂര്യകുമാര്‍ യാദവിന്റെ പ്ലേയിങ് 11ലെ സ്ഥാനവും തീരുമാനിക്കേണ്ടതായുണ്ട്. ശാര്‍ദ്ദുല്‍ ടാക്കൂര്‍, ആര്‍ അശ്വിന്‍ എന്നിവരില്‍ ആരെ കളിപ്പിക്കണമെന്നതും ഇന്ത്യയെ ആശയക്കുഴപ്പത്തിലാക്കുന്ന ചോദ്യമായിരുന്നു. ഇതിനെല്ലാം ഉത്തരം കണ്ടെത്താനുള്ള അവസരമാണ് ഇംഗ്ലണ്ടിനെതിരായ മത്സരം ഉപേക്ഷിച്ചതോടെ നഷ്ടമായിരിക്കുന്നത്.
ഇന്ത്യയുടെ 15 അംഗ ലോകകപ്പ് ടീം: രോഹിത് ശര്‍മ (c), ഹാര്‍ദിക് പാണ്ഡ്യ (vc), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ശാര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, രവിചന്ദ്ര അശ്വിന്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്.