ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ഈ വര്‍ഷത്തെ ഏറ്റവും വലിയ വെല്ലുവിളി നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും കോച്ച് രാഹുല്‍ ദ്രാവിഡിന്റെയു ഭാവി പോലും ഈ ടൂര്‍ണമെന്റിനെ ആശ്രയിച്ചായിരിക്കും. ഇതില്‍ പരാജയപ്പെട്ടാല്‍ ഇരുവരുടെയും സ്ഥാനം തെറിക്കാന്‍ സാധ്യത കൂടൂതലാണ്.
അതുകൊണ്ടു തന്നെ എന്തു വില കൊടുത്തും ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യക്കു കിരീടം നേടിയേ തീരൂ. ഐസിസി ട്രോഫിക്കായുള്ള വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പും ഇന്ത്യക്കു അവസാനിപ്പിക്കേണ്ടതുണ്ട്. 2013ലെ ചാംപ്യന്‍സ് ട്രോഫിക്കു ശേഷം ഇന്ത്യ ഒരു ടൂര്‍ണമെന്റിലും വിജയിച്ചിട്ടില്ല.

2011നു ശേഷം ആദ്യത്തെ ലോകകപ്പ് കൂടിയാണ് ഇന്ത്യ സ്വപ്‌നം കാണുന്നത്. ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴിലായിരുന്നു അവസാനമായി ലോക കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടത്. 2011ല്‍ നാട്ടില്‍ നടന്ന ലോകകപ്പിലായിരുന്നു ഇന്ത്യയുടെ കിരീടധാരണം. അന്നു മുംബൈയിലെ വാംഖഡയില്‍ നടന്ന കലാശക്കളിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ ജേതാക്കളാവുകയായിരുന്നു. അതിനു ശേഷം രണ്ടു ഏകദിന ലോകകപ്പുകള്‍ ഇന്ത്യ കളിച്ചെങ്കിലും ഇവയില്‍ സെമി ഫൈനലില്‍ കാലിടറുകയായിരുന്നു.
എന്നാല്‍ ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്‍മാരാവാനുള്ള സാധ്യത കൂടുതലാണ്. ടൂര്‍ണമെന്റ് നാട്ടിലായതു കൊണ്ടു മാത്രമല്ല ഇത്. ചില സൂചനകള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 2011ലെ ലോകകപ്പില്‍ സംഭവിച്ച അതേ കാര്യങ്ങള്‍ ഈ വര്‍ഷവും സംഭവിച്ചിരിക്കുന്നതായി കാണാന്‍ കഴിയും. ഏകദിന ലോകകപ്പും 2011ലെ ഐപിഎല്ലും തമ്മിലുള്ള ചില സാമ്യങ്ങളാണ് ഇന്ത്യയുടെ കിരീട സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്.

2011ലെയും ഈ വര്‍ഷത്തെയും ഐപിഎല്ലുകള്‍ തമമില്‍ കൗതുകകരമായ ചില സാമ്യതകള്‍ നമുക്കു കാണാന്‍ സാധിക്കും. 2011ലെ ഐപിഎല്‍ കിരീടം ചെന്നൈ സൂപ്പര്‍ കിങ്‌സിനായിരുന്നു. ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴിലായിരുന്നു സിഎസ്കെ അന്നു കപ്പുയര്‍ത്തിയത്. ഇത്തവണയും ധോണി നയിച്ച സിഎസ്‌കെ ഐപിഎല്‍ വിജയികളായിരുന്നു. 2011ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയറില്‍ തോറ്റാണ് പുറത്തായത്. റണ്‍ചേസില്‍ അവര്‍ പരാജയം രുചിക്കുകയായിരുന്നു.
ഇത്തവണത്തെ ഐപിഎല്ലിലും ആവര്‍ത്തിച്ചിരിക്കുന്നത് ഇതു തന്നെയാണ്. രണ്ടാം ക്വാളിഫയറില്‍ തന്നെയാണ് ഈ സീസണിലും മുംബൈയ്ക്കു അടിതെറ്റിയത്. റണ്‍ ചേസില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനോടു മുംബൈ പരാജയം സമ്മതിക്കുകയായിരുന്നു.
2011ലേതിനു സമാനമായി ഇത്തവണയും ഇന്ത്യയാണ് ലോകകപ്പിനു ആതിഥേയത്വം വഹിക്കുന്നത് എന്നതും പ്രത്യേകതയാണ്. ഈ കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ ഇത്തവണ രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ തങ്ങളുടെ മൂന്നാം ലോകകിരീടമുയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
വരാനിരിക്കുന്ന ഏകദിന ലോകകപ്പ് ഇന്ത്യയുടെ പല വമ്പന്‍ താരങ്ങളുടെയും അവസാനത്തെ ടൂര്‍ണമെന്റ് കൂടിയായിരിക്കും. നായകന്‍ രോഹിത് ശര്‍മ, മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലി, വെറ്ററന്‍ പേസര്‍ മുഹമ്മദ് ഷമി, സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ തുടങ്ങിയവരെയൊന്നും ഇനിയൊരു ലോകകപ്പില്‍ കാണാന്‍ സാധ്യതയില്ല. അതുകൊണ്ടു തന്നെ ലോക ചാംപ്യനായി തലയുയര്‍ത്തി രാജകീയമായി ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങാനായിരിക്കം ഇവര്‍ ആഗ്രഹിക്കുന്നത്.