ലോകകപ്പില്‍ നാളെ (വ്യാഴം) നടക്കാനിരിക്കുന്ന ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പോരാട്ടത്തെക്കുറിച്ച് പ്രവചനവുമായി ജ്യോതിഷി. ഭാസ്‌കര്‍ ആസ്‌ട്രോയെന്ന യൂട്യൂബ് ചാനലിലൂടെ ഇന്ത്യന്‍ ജ്യോതിഷിയായ സര്‍വേശ് കുമ്രാവത്താണ് മല്‍സരത്തെക്കുറിച്ച് പ്രധാനപ്പെട്ട പ്രവചനങ്ങള്‍ നടത്തിയിരിക്കുന്നത്. ടൂര്‍ണമെന്റില്‍ അപരാജിത കുതിപ്പ് നടത്തുന്ന ഇന്ത്യ തുടര്‍ച്ചയായ ഏഴാമത്തെ വിജയമാണ് ലങ്കയ്‌ക്കെതിരേ ലക്ഷ്യമിടുന്നത്.
12 പോയിന്റുമായി തലപ്പത്തുള്ള ഇന്ത്യക്കു ഈ കളി ജയിക്കാനായല്‍ സെമി ഫൈനലിലെത്തുന്ന ആദ്യത്തെ ടീമാവാം. എന്നാല്‍ നേരിയ പ്രതീക്ഷ കാത്തുസൂക്ഷിക്കാന്‍ ലങ്കയ്ക്കു ഇന്ത്യയുമായുള്ള മല്‍സരമടക്കം ശേഷിച്ച മൂന്നു കളിയും ജയിച്ചേ തീരൂ.

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു നാളത്തെ ദിവസം അത്ര മികച്ചതായിരിക്കില്ലെന്നാണ് ജ്യോതിഷിയുടെ പ്രവചനം. ശ്രീലങ്കയുമായുള്ള മല്‍സരത്തിനു മുമ്പ് ടീമിലെ ഏതെങ്കിലുമൊരു താരത്തിനു പരിക്കേറ്റുവെന്ന മോശം വാര്‍ത്ത രോഹിത്തിനെ തേടിയെത്തിയേക്കും.
ഹാര്‍ദിക് പാണ്ഡ്യ ഇതിനകം തന്നെ പരിക്കേറ്റ് ടീമിനു പുറത്താണ്. ഒരുപക്ഷെ അദ്ദേഹത്തിന്റെ കാര്യത്തിലാവും അപ്‌ഡേറ്റ് വന്നേക്കുക. എന്തു തന്നെ ആയാലും ഇന്ത്യക്കു ശുഭകരമല്ല കാര്യങ്ങളെന്നും ജ്യോതിഷി പറയുന്നു.
ഇതുവരെ നടന്ന ആറു മല്‍സരങ്ങളിലും വലിയ ആത്മവിശ്വാസത്തിലാണ് രോഹിത് കാണപ്പെട്ടത്. പക്ഷെ ശ്രീലങ്കയുമായുള്ള കളിയില്‍ അദ്ദേഹത്തെ അത്ര ആത്മവിശ്വാസത്തില്‍ നമുക്കു കാണാന്‍ സാധിക്കില്ല. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസിന്റെ കാര്യമെടുത്താല്‍ അദ്ദേഹത്തിന്റെ ദിവസം രോഹിത്തിനേക്കാള്‍ നല്ലതായിരിക്കും.
സെമി ഫൈനലില്‍ കടക്കുകയെന്ന ലക്ഷ്യമാണ് ലങ്കയ്ക്കുള്ളത്. പക്ഷെ ഇതിനുള്ള സാധ്യത തീരെ കുറവാണ്. പക്ഷെ പോയിന്റ് പട്ടികയില്‍ ആദ്യ ഏഴില്‍ ഫിനിഷ് ചെയ്ത് അടുത്ത ഐസിസി ചാംപ്യന്‍സ് ട്രോഫിയിലേക്കു യോഗ്യത ഉറപ്പിക്കാന്‍ ലങ്ക കിണഞ്ഞു ശ്രമിക്കുമെന്നും ജ്യോതിഷി വിശദമാക്കി.
ശ്രീലങ്കയ്‌ക്കെതിരേ ആരാധകര്‍ പ്രതീക്ഷിക്കുന്നതു പോലെയൊരു പ്രകടനം ഇന്ത്യന്‍ ബാറ്റര്‍മാരില്‍ നിന്നും കാണാന്‍ സാധിക്കില്ല. ശ്രീലങ്ക ദുര്‍ബലമായ ടീമാണെന്നും അതുകൊണ്ടു തന്നെ ഇന്ത്യ അനായാസം 300ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടുമെന്നും പ്രതീക്ഷ വേണ്ട. ഇംഗ്ലണ്ടുമായുള്ള തൊട്ടുമുമ്പത്തെ മല്‍സരത്തിലേതു പോലെ തന്നെ ലങ്കയ്‌ക്കെതിരേയും ഇന്ത്യ ബാറ്റിങില്‍ പതറും.
ലങ്കയുടെ ബാറ്റിങും ഈ കളിയില്‍ അത്ര നല്ലതായിരിക്കില്ല. ഒന്നോ, രണ്ടോ പേര്‍ മികച്ച പ്രകടം നടത്തും. ബാക്കിയുള്ളവരെല്ലാം ചെറിയ സ്‌കോറുകള്‍ക്കു പുറത്താവും. പക്ഷെ ഇരുടീമുകളുടെയും ബാറ്റിങ് പ്രകടനം താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയേക്കാള്‍ അല്‍പ്പം മുന്‍തൂക്കം ശ്രീലങ്കയ്ക്കാണെന്നും ജ്യോതിഷി പ്രവചിച്ചു.
കഴിഞ്ഞ ആറു മല്‍സരങ്ങളിലും ബൗളിങില്‍ ഇന്ത്യ ഗംഭീര പ്രകടനം നടത്തിയെങ്കിലും ശ്രീലങ്കയ്‌ക്കെതിരേ ഇതു കാണാന്‍ സാധിച്ചേക്കില്ല. ഒരു പക്ഷെ ഈ ടൂര്‍ണമെന്റിലെ ഏറ്റവും മോശം ബൗളിങായിരിക്കും ലങ്കയ്‌ക്കെതിരേ ഇന്ത്യ കാഴ്ചവയ്ക്കുക. എന്നാല്‍ ശ്രീലങ്ക ഇന്ത്യയേക്കാള്‍ മികച്ച പ്രകടനം ബൗളിങില്‍ പുറത്തെടുക്കും.

ബാറ്റിങ്, ബൗളിങ് എന്നിവയെക്കൂടാതെ ഫീല്‍ഡിങ്, വിക്കറ്റ് കീപ്പിങ് എന്നിവ കൂടി ഉള്‍പ്പെടുത്തി കളിയിലെ ഓവറോള്‍ പ്രകടനം നോക്കിയാല്‍ ഇന്ത്യക്കാണ് നേരിയ മുന്‍തൂക്കം. ബാറ്റിങിലും ബൗളിങിലും പ്രതീക്ഷയ്‌ക്കൊത്തുയരില്ലെങ്കിലും ഫീല്‍ഡിങില്‍ ഇന്ത്യ ഈ ക്ഷീണം തീര്‍ക്കും. ചിലപ്പോള്‍ ദുഷ്‌കരമായ ഒരു ക്യാച്ചോ, റണ്ണൗട്ടോ ഇന്ത്യയുടെ ഭാഗത്തു നിന്നും നമുക്കു കാണാന്‍ സാധിച്ചേക്കുമെന്നും ജ്യോതിഷി പറഞ്ഞു.
ഇനി ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മല്‍സരത്തില്‍ ആരു ജയിക്കുമെന്നു നോക്കിയാല്‍ നേരിയ മുന്‍തൂക്കം ഇന്ത്യക്കാണ്. 60 ശതമാനമാണ് ഇന്ത്യയുടെ വിജയസാധ്യത. ശ്രീലങ്കയുടേത് 40 ശതമാനവുമാണ്. ലങ്ക ദുര്‍ബലമായ ടീമാണെന്നും അതുകൊണ്ടു ഇന്ത്യ അനായാസം ജയിക്കുമെന്നും പ്രതീക്ഷിക്കേണ്ട.
മല്‍സരം ഏകപക്ഷീമായിരിക്കില്ല. ഇഞ്ചോടിഞ്ച് തന്നെ ഇരുടീമുകളും വിജയത്തിനായി പോരടിക്കും. ഒരു പക്ഷെ മല്‍സരം ടൈയാവാനുമുള്ള സാധ്യതയുമുണ്ട്. ലങ്ക അത്ര എളുപ്പത്തില്‍ കീഴടങ്ങാന്‍ തയ്യാറാവില്ല. ഇന്ത്യ ജയിക്കുകയാണെങ്കില്‍ അതു നേരിയ മാര്‍ജിനിലായിരിക്കുമെന്നും ജ്യോതിഷി പ്രവചിച്ചു.