ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ അഞ്ചിനാണ് ടൂര്‍ണമെന്റിനു കൊടിയേറുന്നത്. ഇന്ത്യയുടെ ആദ്യ പോരാട്ടം എട്ടിനു മുന്‍ ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കെതിരേയാണ്. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് ഈ സൂപ്പര്‍ പോരാട്ടം. 11നു ഡല്‍ഹിയില്‍ അഫ്ഗാനിസ്താനെതിരേയാണ് ഇന്ത്യയുടെ രണ്ടാമങ്കം.
15നു അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ലോകം കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ എല്‍ ക്ലാസിക്കോ പോരാട്ടം. 19നു പൂനെയില്‍ വച്ച് ബംഗ്ലാദേശുമായി ഇന്ത്യ പോരടിക്കും. 22നു ധര്‍മശാലയില്‍ നടക്കുന്ന മല്‍സരത്തില്‍ ന്യൂസിലാന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. 29നു ലഖ്‌നൗവില്‍ വച്ച് നിലവിലെ ലോക ചാംപ്യന്‍മാരായ ഇംഗ്ലണ്ടുമായി ഇന്ത്യ കൊമ്പുകോര്‍ക്കും.

നവംബര്‍ രണ്ടിനു മുംബൈയിലെ വാംഖഡെയില്‍ ക്വാളിയര്‍ ജയിച്ചെത്തുന്ന ടീമാണ് ഇന്ത്യയുടെ എതിരാളികള്‍. നവംബര്‍ അഞ്ചിനു കൊല്‍ക്കത്തയില്‍ വച്ച് കരുത്തരായ സൗത്താഫാഫ്രിക്കയുമായും ഇന്ത്യ പോരടിക്കും. 11നു ബെംഗളൂരുവില്‍ വച്ച് യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന ടീമിനെതിരേയാണ് ഇന്ത്യയുടെ അവസാന ലീഗ് മല്‍സരം.
2019ലെ കഴിഞ്ഞ ലോകകപ്പ് ഫൈനലിന്റെ റീപ്ലേയോടെയാണ് ഇത്തവണത്തെ ടൂര്‍ണമന്റിനു തുടക്കമാവുന്നത്. ഒക്ടോബര്‍ അഞ്ചിനു അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഇംഗ്ലണ്ട് -ന്യൂസിലാന്‍ഡ് സൂപ്പര്‍ പോരാട്ടം. 11 വേദികളിലായിട്ടാണ് ലോകകപ്പ് മല്‍സരങ്ങള്‍ നടക്കുന്നത്. കേരളത്തില്‍ തിരുവനന്തപുരമടക്കം മല്‍സരങ്ങള്‍ക്കു വേദിയാവുന്നുണ്ട്. ഹൈദരാബാദ്, അഹമ്മദാബാദ്, ധര്‍മശാല, ഡല്‍ഹി, ചെന്നൈ, ലഖ്‌നൗ, പൂനെ, ബെംഗളൂരു, മുംബൈ, കൊല്‍ക്കത്ത, ഗുവാഹത്തി, ഹൈദരാബാബാദ് എന്നിവയാണ് ലോകകപ്പിന്റെ മറ്റു വേദികള്‍.

സന്നാഹ മല്‍സരങ്ങളായിരിക്കും തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. സപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ മൂന്നു വരെയാണ് സന്നാഹ മല്‍സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്തെക്കൂടാതെ ഗുവാഹത്തി, ഹൈദരാബാദ് എന്നീവിടങ്ങളിലും സന്നാഹ മല്‍സരങ്ങള്‍ നടക്കും. നവംബര്‍ 12നാണ് ലീഗ് ഘട്ട മല്‍സരങ്ങള്‍ അവസാനിക്കുക.
തുടര്‍ന്നു മൂന്നു ദിവസങ്ങള്‍ക്കു ശേഷം സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്കു തുടക്കമാവും. നവംബര്‍ 15നു മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് ആദ്യത്തെ സെമി ഫൈനല്‍. രണ്ടാം സെമി ഫൈനല്‍ നവംബര്‍ 16നു കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലും നടക്കും. നവംബര്‍ 19നു അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് ലോക ചാംപ്യന്‍മാരെ കണ്ടെത്താനുള്ള കലാശപ്പോരാട്ടം.
റൗണ്ട് റോബിന്‍ രീതിയിലാണ് ടൂര്‍ണമെന്റ്. ഓരോ ടീമും ശേഷിച്ച ഒമ്പതു ടീമുകളുമായും ഓരോ തവണ ഏറ്റുമുട്ടും. പോയിന്റ് പട്ടികയില്‍ ആദ്യ നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവര്‍ സെമി ഫൈനലിലേക്കു യോഗ്യത നേടുകയും ചെയ്യും. ആകെ 10 ടീമുകളാണ് ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത്. ഇവരില്‍ എട്ടു ടീമുകള്‍ ക്രിക്കറ്റ് ലോകകപ്പ് സൂപ്പര്‍ ലീഗിലൂടെ ടൂര്‍ണമെന്‍റിനു യോഗ്യത നേടിക്കഴിഞ്ഞു.
ശേഷിച്ച രണ്ടു ടീമുകള്‍ ആരൊക്കെയാവുമെന്നു യോഗ്യതാ റൗണ്ട് മല്‍സരങ്ങളിലൂടെയാണ് തീരുമാനിക്കുക. സിംബാബ്‌വെയില്‍ യോഗ്യതാ റൗണ്ട് മല്‍സരങ്ങള്‍ പുരോഗമിക്കുകയാണ്. മുന്‍ ലോക ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസും ശ്രീലങ്കയുമെല്ലാം യോഗ്യതാ റൗണ്ടില്‍ മാറ്റുരയ്ക്കുന്നുണ്ട്.