ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിന്റെ പുതുക്കിയ ഷെഡ്യൂള്‍ ഐസിസി പ്രഖ്യാപിച്ചിരിക്കുകയാണ്. ആകെ ഒമ്പതു മല്‍സരങ്ങളുടെ ഷെഡ്യൂളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇന്ത്യയുടെ രണ്ടു കളികളും ഇതിലുള്‍പ്പെടും. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പര്‍ പോരാട്ടം മാറ്റേണ്ടി വന്നതാണ് ഷെഡ്യൂളില്‍ വലിയ അഴിച്ചുപണികള്‍ നടത്തേണ്ടി വന്നതിന്റെ പ്രധാന കാരണം. പുതുക്കിയ തിയ്യതികളും മല്‍സര സമയവുമെല്ലാം ടീമുകള്‍ അംഗീകരിച്ചു കഴിഞ്ഞു.
പക്ഷെ ഷെഡ്യൂളില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ ചില ടീമുകള്‍ക്കു വലിയ തിരിച്ചടിയായി മാറും. ഒക്ടോബര്‍ 15നു അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലായിരുന്നു ഇന്ത്യ- പാക് ക്ലാസിക് പോര് നടക്കാനിരുന്നത്. പക്ഷെ നവരാത്രി ആഘോഷങ്ങള്‍ ഇതേ ദിവസം ആരംഭിക്കുന്നതിനാല്‍ മല്‍സരത്തിനു മതിയായ സുരക്ഷ നല്‍കാന്‍ കഴിയില്ലെന്നു ഏജന്‍സികള്‍ അറിയിക്കുകയായിരുന്നു.

ഇതോടെയാണ് കളി ഒരുദിവസം നേരത്തേ, ഒക്ടോബര്‍ 14ലേക്കു മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിതരായത്. പക്ഷെ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മല്‍സരത്തിലും ഫൈനലിലും മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ആദ്യ മല്‍സരം ഒക്ടോബര്‍ അഞ്ചിനും കലാശപ്പോര് നവംബര്‍ 19നും തന്നെ നടക്കും.
പുതുക്കിയ ഷെഡ്യൂള്‍ കാരണം പണി കിട്ടിയിരിക്കുന്ന ടീമുകള്‍ ആരൊക്കെയാണെന്നും എങ്ങനെയാണ് മല്‍സരക്രമത്തിലെ മാറ്റങ്ങള്‍ അവരെ ബാധിക്കുകയെന്നും പരിശോധിക്കാം. ഏഷ്യയില്‍ നിന്നുള്ള ബംഗ്ലാദേശാണ് ഷെഡ്യൂള്‍ കാരണം കുഴപ്പത്തിലായിരിക്കുന്ന ഒരു ടീം. അട്ടിമറി വീരന്‍മാരെന്ന ലേബലില്‍ നിന്നും ഏഷ്യയിലെ ഏറ്റവും ശക്തരായ ടീമുകളിലൊന്നായി അവര്‍ മാറിക്കഴിഞ്ഞു.
ലോകകപ്പില്‍ മല്‍സര ദിവസത്തില്‍ മാറ്റം വരുത്തിയതല്ല, മറിച്ച് മല്‍സര സമയത്തില്‍ മാറ്റം വരുത്തിയതാണ് ബംഗ്ലാദേശിനു വിനയായിരിക്കുന്നത്. ഒക്ടോബര്‍ 14നു പകലായിരുന്നു ന്യൂസിലാന്‍ഡുമായുള്ള അവരുടെ മല്‍സരം. എന്നാല്‍ ഇതു 13നു ഉച്ചയ്ക്കത്തേക്കു മാറ്റിയിരിക്കുകയാണ്. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് മല്‍സരം.
സ്പിന്നിനെ അകമഴിഞ്ഞു തുണയ്ക്കുന്ന ഇവിടെ പകല്‍ മല്‍സരമായിരുന്നെങ്കില്‍ അതു ബംഗ്ലാ ബൗളര്‍മാര്‍ക്കു കൂടുതല്‍ ഗുണം ചെയ്യുമായിരുന്നു. പക്ഷെ ഇതു ഡേ-നൈറ്റ് മല്‍സരമാക്കിയതോടെ സ്പിന്നര്‍മാര്‍ക്കു അത്ര വലിയ ആനുകൂല്യം ലഭിക്കാനിടയില്ല. ഇതു മാത്രമല്ല 13ലേക്കു കളി മാറ്റിയതിനാല്‍ മൂന്നു ദിവസത്തിനിടെ ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് എന്നീ രണ്ടു വമ്പന്‍ ടീമുകളുമായും ബംഗ്ലാദേശിനു കളിക്കേണ്ടി വന്നിരിക്കുകയാണ്.
ആതിഥേയരായ ഇന്ത്യയാണ് ഷെഡ്യൂളിലെ മാറ്റം കാരണം കുഴപ്പത്തിലായ രണ്ടാമത്തെ ടീം. പാകിസ്താനുള്ള വമ്പന്‍ പോരാട്ടം 24 മണിക്കൂര്‍ നേരത്തേ ആക്കിയതോടെ ഇന്ത്യക്കു ഈ കളിക്കു വേണ്ടി ഒരുങ്ങാന്‍ വേണ്ടത്ര സമയം ലഭിക്കാതെ വരും. ഒക്ടോബര്‍ 11നു ഡല്‍ഹിയില്‍ വച്ച് അഫ്ഗാനിസ്താനുമായി ഇന്ത്യക്കു മല്‍സരമുണ്ട്. പകലും രാത്രിയുമായിട്ടാണ് ഈ മല്‍സരം.

ഇതു കഴിഞ്ഞാല്‍ മൂന്നു ദിവസത്തിനകം പാകിസ്താനുമായും ഇന്ത്യക്കു കൊമ്പുകോര്‍ക്കേണ്ടി വരും. നേരത്തേ നാലു ദിവസമുണ്ടായിരുന്ന ഗ്യാപ്പാണ് ഇപ്പോള്‍ മൂന്നായി കുറഞ്ഞിരിക്കുന്നത്. ഒരു വേദിയില്‍ നിന്നും അടുത്ത വേദിയിലേക്കുള്ള യാത്ര കൂടി ഉള്‍പ്പെട്ടതിനാല്‍ കുറേക്കൂടി റിലാക്‌സായി പാകിസ്താനുമായുള്ള കളിയില്‍ ഇറങ്ങാനായിരിക്കും ഇന്ത്യ ആഗ്രഹിക്കുക. പക്ഷെ ഷെഡ്യൂളില്‍ മാറ്റം വന്നതോടെ ഇന്ത്യക്കു അധികം സമയം ലഭിക്കാതെ വന്നിരിക്കുകയാണ്.
നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനും ഷെഡ്യൂളിലെ മാറ്റം കാരണം തിരിച്ചടി നേരിട്ടിട്ടുണ്ട്. അഫ്ഗാനിസ്താനുമായി ഒക്ടോബര്‍ 14നു നടക്കേണ്ടിയിരുന്ന അവരുടെ മല്‍സരം 15ലേക്കു മാറ്റിയിരിക്കുകയാണ്. പക്ഷെ ഇംഗ്ലണ്ടിന്റെ യഥാര്‍ഥ തിരിച്ചടി ലീഗ് ഘട്ടത്തിലെ അവസാന റൗണ്ട് മല്‍സരങ്ങളാണ്. നവംബര്‍ 12നുള്ള പാകിസ്താനുമായുള്ള മല്‍സരം 11ലേക്കു മാറ്റിയതാണ് ഇതിനു കാരണം.
ഇതോടെ ആറു ദിവസത്തിനിടെ ഇംഗ്ലണ്ടിനു കളിക്കേണ്ടി വന്നിരിക്കുന്നത് മൂന്നു മല്‍സരങ്ങളാണ്. നവംബര്‍ നാലിനു തങ്ങളുടെ ബദ്ധവൈരികളായ ഓസ്‌ട്രേലിയയുമായി കൊമ്പുകോര്‍ക്കുന്ന ഇംഗ്ലണ്ട് നവംബര്‍ എട്ടിനു യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന നെതര്‍ലാന്‍ഡ്‌സിനെ നേരിടും. രണ്ടു ദിവസത്തിനു ശേഷം 11നു കൊല്‍ക്കത്തയില്‍ വച്ച് പാകിസ്താനുമായും അവസാന റൗണ്ടില്‍ ഇംഗ്ലണ്ട് പോരടിക്കും.