മുംബൈ: കഴിഞ്ഞ ഏഷ്യാ കപ്പ് ഫൈനലിന്റെ റീപ്ലേയായി മാറിയ ലോകകപ്പ് പോരില്‍ ശ്രീലങ്കയെ നാണംകെടുത്തി ഇന്ത്യ സെമി ഫൈനലിലേക്കു കുറിച്ചു. ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും ഇന്ത്യയുടെ സമഗ്രാധിപത്യം കണ്ട മല്‍സരത്തില്‍ 302 റണ്‍സിന്റെ റെക്കോര്‍ഡ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. തുടര്‍ച്ചയായ ഏഴാം ജയത്തോടെ സെമിയിലെത്തിയ ആദ്യത്തെ ടീമായി ഇന്ത്യ മാറുകയും ചെയ്തു. രണ്ടു മല്‍സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യയുടെ സെമി പ്രവേശനം.
358 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യമാണ് ലങ്കയ്ക്കു ഇന്ത്യ നല്‍കിയത്. എന്നാല്‍ 10 ഓവിനുള്ളില്‍ തന്നെ ഇന്ത്യ ജയിച്ചു കഴിഞ്ഞിരുന്നു. ഇന്ത്യയുടെ ലോകോത്തര ന്യൂബോള്‍ ആക്രമണത്തില്‍ ലങ്കന്‍ ബാറ്റിങ് കടപുഴകി. 10 ഓവര്‍ കഴിയുമ്പോള്‍ ലങ്ക ആറു വിക്കറ്റിനു 14 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലായിരുന്നു. എത്ര ഓവറുകള്‍ ലങ്ക ക്രീസില്‍ പിടിച്ചുനില്‍ക്കുമെന്നതു മാത്രമേ പിന്നീട് അറിയാനുണ്ടായിരുന്നുള്ളൂ. ഒടുവില്‍ 19.4 ഓവറില്‍ വെറും 55 റണ്‍സില്‍ ലങ്ക കൂടാരം കയറുകയും ചെയ്തു.

14 റണ്‍സെടുത്ത പേസര്‍ കസുന്‍ രജിതയാണ് ലങ്കയുടെ ടോപ്‌സ്‌കോറര്‍. ആഞ്ചലോ മാത്യൂസും മഹീഷ് തീക്ഷണയും 12 റണ്‍സ് വീതവുമെടുത്തു. മറ്റാരും ഇന്ത്യയുടെ പേസാക്രമണത്തില്‍ പിടിച്ചുനിന്നില്ല. ലങ്കയുടെ അഞ്ചു താരങ്ങളാണ് ഡെക്കായി ക്രീസ് വിട്ടത്. ടൂര്‍ണമെന്റില്‍ വീണ്ടുമൊരു ഫൈഫര്‍ സ്വന്തമാക്കിയ മുഹമ്മദ് ഷമിയാണ് ലങ്കയുടെ അന്തകനായത്. അഞ്ചോവറില്‍ ഒരു മെയ്ഡനടക്കം 18 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അദ്ദേഹം അഞ്ചു പേരെ പുറത്താക്കിയത്. മുഹമ്മദ് സിറാജ് മൂന്നു വിക്കറ്റുമായി ഷമിക്കു മികച്ച പിന്തുണ നല്‍കി.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 357 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഒരാള്‍ പോലും സെഞ്ച്വറി നേടാതിരുന്നിട്ടും ഇന്ത്യക്കു ഇത്രയു മികച്ച ടോട്ടല്‍ നേടാന്‍ സാധിച്ചുവെന്നതാണ് ശ്രദ്ധേയം. 92 റണ്‍സെടുത്ത ശുഭ്മന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. വിരാട് കോലി 88ഉം ശ്രേയസ് അയ്യര്‍ 82 റണ്‍സും നേടി. 35 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുടെ മികച്ച ഫിനിഷിങും ഇന്ത്യക്കു കരുത്തായി.
92 ബോളില്‍ 11 ഫോറും രണ്ടു സിക്‌സറുമടക്കമാണ് ഗില്‍ ഇന്ത്യയുടെ അമരക്കാരനായത്. 49ാം സെഞ്ച്വറിയെന്ന ലോക റെക്കാര്‍ഡിലേക്കു കുതിച്ച കോലിക്കു പക്ഷെ അതു നേടിയെടുക്കാനായില്ല. 94 ബോളില്‍ 11 ഫോറുക ള്‍ അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മോശം ഫോം കാരണം ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ടിരുന്ന ശ്രേയസ് തകര്‍പ്പന്‍ ബാറ്റങിലൂടെ എല്ലാവരുടെയും വായടപ്പിച്ചു. 56 ബോളില്‍ ആറു സിക്‌സറും മൂന്നു ഫോറുമടക്കം 82 റണ്‍സാണ് ശ്രേയസ് അടിച്ചെടുത്തത്.

ഇന്ത്യയുടെ തുടക്കം ഞെട്ടലോടെയയായിരുന്നു. ആദ്യ ബോളില്‍ ഫോറിച്ച് തുടങ്ങിയ നായകന്‍ രോഹിത് തൊട്ടടുത്ത ബോള്‍ ക്ലീന്‍ ബൗള്‍ഡായതോടെ വാംഖഡെ സ്തബ്ധരായി. ദില്‍ഷന്‍ മധുഷങ്കയാണ് ഹിറ്റ്മാനെ വീഴ്ത്തിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ 189 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഗില്‍- കോലി സഖ്യം ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു.
മൂന്നു റണ്‍സിനിടെ ഗില്ലും കോലിയു മടങ്ങിയെങ്കിലും വീണ്ടുമൊരു മികച്ച കൂട്ടുകെട്ട് കണ്ടു. നാലാം വിക്കറ്റില്‍ ശ്രേയസ്- രാഹുല്‍ ജോടി 60 റണ്‍സാണ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. പിന്നീട് ശ്രേസിന്റെയും ജഡേജയുടെ മികച്ച ഫിനിഷിങ് ഇന്ത്യയെ 357 വരെയെത്തിച്ചു. ലങ്കയ്ക്കു വേണ്ടി ദില്‍ഷന്‍ മധുഷങ്ക അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തേ ടോസിനു ശേഷം ലങ്കന്‍ ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ് ഇന്ത്യയെ ബാറ്റിങിനു അയക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ തന്നെ ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ ലങ്കന്‍ ടീമില്‍ ഒരു മാറ്റമുണ്ടായിരുന്നു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍) സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ശ്രീലങ്ക- പതും നിസ്സങ്ക, ദിമുത് കരുണരത്നെ, കുശാല്‍ മെന്‍ഡിസ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സദീര സമരവിക്രമ, ചരിത് അസലെങ്ക, ദുഷാന്‍ ഹേമന്ദ, ആഞ്ചലോ മാത്യൂസ്, മഹേഷ് തീക്ഷണ, കസുന്‍ രജിത, ദുഷ്മന്ത ചമീര, ദില്‍ഷന്‍ മധുഷങ്ക.