ലഖ്‌നൗ: ഏകദിന ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം നടക്കാന്‍ പോവുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഇത്തവണത്തെ ലോകകപ്പില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. തകര്‍പ്പന്‍ താരനിരയുണ്ടെങ്കിലും ആരും ഫോമിലല്ല എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ വലിയ തകര്‍ച്ചയാണ് ഇംഗ്ലണ്ട് നേരിട്ടുകൊണ്ടിരിക്കുന്നത്. ആദ്യത്തെ അഞ്ച് മത്സരത്തിലും ഇന്ത്യ തോറ്റിട്ടില്ല. നിലവില്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യ തലപ്പത്താണ്.
ഇംഗ്ലണ്ട് നിലവില്‍ ദുര്‍ബലരാണെങ്കിലും ഇന്ത്യക്ക് വലിയ ഭീഷണി തന്നെയാണ്. പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ നിരയിലുണ്ടാവില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇതോടെ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ എന്ത് മാറ്റമാവും വരുത്തുക. ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ ഇറങ്ങിയ അതേ പ്ലേയിങ് 11ന്‍ ഇംഗ്ലണ്ടിനെതിരേ കളിപ്പിക്കുമോ? ലഖ്‌നൗവിലെ സ്പിന്‍ സാഹചര്യം കൂടീ ഇന്ത്യ പരിഗണിക്കേണ്ടതായുണ്ട്. ഇപ്പോഴിതാ ഇന്ത്യക്ക് നിര്‍ണ്ണായക നിര്‍ദേശം നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്.
മൂന്ന് സ്പിന്നര്‍മാരെ ഇന്ത്യ കളിപ്പിക്കണമെന്നാണ് ഹര്‍ഭജന്‍ അഭിപ്രായപ്പെടുന്നത്. 'കുല്‍ദീപ് യാദവ് മികച്ച ഫോമില്‍ പന്തെറിയുന്നു. കുല്‍ദീപ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവരെയാണ് ഇന്ത്യ കളിപ്പിക്കേണ്ടത്. ഇംഗ്ലണ്ട് സ്പിന്നിനെതിരേ പതറാന്‍ സാധ്യതയുണ്ട്. കൂടാതെ ഇത്തവണത്തെ ലോകകപ്പില്‍ പ്രതീക്ഷിച്ച പ്രകടനമല്ല ഇംഗ്ലണ്ട് കാഴ്ചവെക്കുന്നത്. വലിയ പ്രകടനം നടത്താന്‍ ഇംഗ്ലണ്ടിന് സാധിക്കുമെന്ന് കരുതാനാവില്ല. മൂന്ന് സ്പിന്നര്‍മാരുമായി ഇറങ്ങുന്നതാണ് മികച്ച നീക്കം.
സിറാജിന് ഇന്ത്യ വിശ്രമം അനുവദിക്കണം. കാരണം അഞ്ച് മത്സരത്തിലും തുടര്‍ച്ചയായി കളിച്ച് അവന്‍ ക്ഷീണിതനായിരിക്കും. ഷമി പ്ലേയിങ് 11ലേക്കെത്തി അഞ്ച് വിക്കറ്റ് പ്രകടനത്തോടെ മികവ് കാട്ടിയിട്ടുണ്ട്. എന്നാല്‍ പിച്ചില്‍ വലിയ ടേണില്ലെങ്കില്‍ വലിയ മാറ്റം വരുത്തരുത്. ന്യൂസീലന്‍ഡിനെതിരേ കളിച്ച അതേ ടീമിനെ നിലനിര്‍ത്തണം. ഇംഗ്ലണ്ടിനെ ഇന്ത്യ ഇറങ്ങുമ്പോള്‍ സ്വാഭാവികമായും സ്ലോ പിച്ചാവും ആഗ്രഹിക്കുക'- ഹര്‍ഭജന്‍ സിങ് പറഞ്ഞു.

ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ക്ക് തുടര്‍ച്ചയായി മത്സരം കളിക്കുന്നതിന്റെ ക്ഷീണം ഉണ്ടെന്നും വിശ്രമം അനിവാര്യമാണെന്നും ഹര്‍ഭജന്‍ പറഞ്ഞു. 'ഇന്ത്യ നന്നായി കളിച്ചു. അഞ്ച് മത്സരത്തിലും ഇന്ത്യ ജയിച്ചു. പാകിസ്താന്‍, ഓസ്‌ട്രേലിയ എന്നിവരെയടക്കം തോല്‍പ്പിച്ചു. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെല്ലാം മികച്ച ഫോമിലാണ്. ബൗളിങ്ങില്‍ ഷമിയും അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. നിര്‍ണ്ണായക സമയത്ത് പ്രധാന താരങ്ങള്‍ ഉയര്‍ന്നുവരുന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്'- ഹര്‍ഭജന്‍ പറഞ്ഞു.
ഇന്ത്യ നിലവില്‍ സെമിയോട് തൊട്ടടുത്താണ് നില്‍ക്കുന്നത്. നാല് മത്സരങ്ങള്‍ ശേഷിക്കെ രണ്ട് മത്സരത്തില്‍ക്കൂടി ജയിക്കാനായാല്‍ ഇന്ത്യക്ക് സെമി ഉറപ്പിക്കാം. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്‌സ്, ശ്രീലങ്ക എന്നിവരാണ് ഇന്ത്യയുടെ എതിരാളികള്‍. എല്ലാ മത്സരവും ജയിച്ച് സെമിയിലേക്കെത്താന്‍ ഇന്ത്യക്കാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 2019ല്‍ ഇന്ത്യ ഒന്നാം സ്ഥാനക്കാരായി സെമിയിലെത്തിയ ശേഷമാണ് തോറ്റ് പുറത്തായത്.
ഇത്തവണ അത്തരമൊരു പിഴവ് ഇന്ത്യക്ക് സംഭവിക്കില്ലെന്ന് തന്നെ പ്രതീക്ഷിക്കാം. തട്ടകത്തിന്റെ ആധിപത്യം മുതലാക്കി കളിക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നു. രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ മുന്നില്‍ നിന്ന് നയിക്കുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറയുടെ ഫോമും ഇന്ത്യക്ക് കരുത്താവുന്നു. ഒത്തൊരുമയോടെ കളിക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.
ഇത്തവണ ഇന്ത്യ കിരീടത്തിലേക്കെത്താന്‍ എല്ലാ കാര്യങ്ങളും അനുകൂലമാണ്. 2013ന് ശേഷം ഐസിസി കിരീടം നേടാത്തവരെന്ന ചീത്തപ്പേര് ഇത്തവണ മാറ്റാന്‍ ഇന്ത്യക്ക് സാധിച്ചേക്കും. ഇംഗ്ലണ്ടിന്റെ നിലവിലെ പ്രകടനം നോക്കുമ്പോള്‍ ഇന്ത്യ അനായാസ ജയം നേടിയേക്കും. വലിയൊരു പോരാട്ടം ഇംഗ്ലണ്ടിന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കാനാവില്ല.