ലോകകപ്പില്‍ തുടര്‍ച്ചയായ ഏഴാം ജയത്തോടെ സെമി ഫൈനലിനു തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കു നിര്‍ണായക ഉപദേശവുമായി പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തര്‍. പരിക്കേറ്റ് പുറത്തുളള സ്റ്റാര്‍ ഓള്‍റൗണ്ടറും വൈസ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യ മടങ്ങിയെത്തിയാല്‍ ഇന്ത്യ ആരെയാണ് ഒഴിവാക്കേണ്ടതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
ബംഗ്ലാദേശുമായുള്ള കളിക്കിടെയാണ് ഹാര്‍ദിക്കിന്റെ കണംകാലിനു പരിക്കേറ്റത്. തുടര്‍ന്ന് ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരായ കഴിഞ്ഞ രണ്ടു മല്‍സരങ്ങളും നഷ്ടമാവുകയും ചെയ്തിരുന്നു. പരിക്കില്‍ നിന്നും മുക്തനായ ഹാര്‍ദിക് ശ്രീലങ്കയ്‌ക്കെതിരേ നാളെ നടക്കാനിരിക്കുന്ന മല്‍സരത്തിനു മുന്നോടിയായി ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്നാണ് വിവരം.

പക്ഷെ അദ്ദേഹത്തെ ഇന്ത്യ ധൃതി പിടിച്ച് ഈ മല്‍സരത്തില്‍ കളിപ്പിക്കില്ല. സെമി ഫൈനലിലൂടെയാവും ഹാര്‍ദിക്കിന്റെ മടങ്ങിവരവെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഹാര്‍ദിക്കിനു പകരം 360 ബാറ്ററായ സൂര്യകുമാര്‍ യാദവായിരുന്നു കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും കളിച്ചത്.
ന്യൂസിലാന്‍ഡിനെതിരേ നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ടായെങ്കിലും ഇംഗ്ലണ്ടിനെതിരേ അദ്ദേഹം 49 റണ്‍സുമായി തിളങ്ങിയിരുന്നു. ഹാര്‍ദിക്കിന്റെ അഭാവം പരിചയസമ്പന്നായ മുഹമ്മദ് ഷമിയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനും ഇന്ത്യയെ പ്രേരിപ്പിച്ചിരുന്നു. ഈ നീക്കം വന്‍ വിജയമാവുകയും ചെയ്തു. ഒമ്പതു വിക്കറ്റുകളാണ് രണ്ടു കളിയില്‍ നിന്നും ഷമി പിഴുതത്.
ഹാര്‍ദിക് പ്ലെയിങ് ഇലവനിലേക്കു തിരിച്ചെത്തുകയാണെങ്കില്‍ സൂര്യയെയല്ല മറിച്ച് ശ്രേയസ് അയ്യരെയാണ് ഇന്ത്യ ഒഴിവാക്കേണ്ടതെന്നാണ് അക്തര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. പകുതി ഫിറ്റായ ഹാര്‍ദിക്കിനെ കളിപ്പിക്കുന്നത് ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിനു നല്ലതല്ല.
കാരണം അങ്ങനെ ചെയ്താല്‍ ഒരു ബൗളറെ ഇന്ത്യക്കു ഒഴിവാക്കേണ്ടതായി വരും. ഹാര്‍ദിക് തിരിച്ചെത്തിയാല്‍ ശ്രേയസിനെ ഇന്ത്യക്കു ഒഴിവാക്കാം. പക്ഷെ ബൗളിങ് നിരയില്‍ നിന്നും ആരെയും മാറ്റി നിര്‍ത്തരുതെന്നും അക്തര്‍ പറയുന്നു.
ഇംഗ്ലണ്ടുമായുള്ള അവസാന മല്‍സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ ഉജ്ജ്വല പ്രകടനത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. 229 റണ്‍സെന്ന ചെറിയ ടോട്ടല്‍ നേടിയിട്ടും ഇതു പ്രതിരോധിച്ച് 100 റണ്‍സിന്റെ ആധികാരിക വിജയം സ്വന്തമാക്കാന്‍ ഇന്ത്യക്കായിരുന്നു.

ബാറ്റിങ് കൊണ്ടാണ് ഇന്ത്യ മല്‍സരങ്ങള്‍ ജയിക്കുന്നതെന്നു ആളുകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. എന്നാല്‍ ഇംഗ്ലണ്ടിനെതിരേ ബൗളിങ് കൊണ്ടാണ് ഇന്ത്യ കളി ജയിച്ചത്. 229 റണ്‍സ് മാത്രമായിരുന്നു അവര്‍ക്കു പ്രതിരോധിക്കേണ്ടിയിരുന്നത്, 100 റണ്‍സിനു വിജയിക്കുകയും ചെയ്തു.
ഇതു വലിയ കാര്യം തന്നെയാണ്. ഇന്ത്യന്‍ ബൗളിങ് നിരയ്ക്കു അഭിനന്ദനങ്ങള്‍. പ്രത്യേകിച്ചും ജസ്പ്രീത് ബുംറയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. വളരെ സ്മാര്‍ട്ടായ ഫാസ്റ്റ് ബൗളറാണ് അദ്ദേഹമെന്നും അക്തര്‍ വിശദമാക്കി.
ലോകകപ്പ് വിജയിക്കാന്‍ ഇന്ത്യക്കു ഇനി അഞ്ചു നല്ല ദിവസങ്ങള്‍ കൂടിയാണ് വേണ്ടത്. ഒരു മല്‍സരം പോലും തോല്‍ക്കാതെ ഇന്ത്യ ഫൈനലിലെത്തുകയും കിരീടം ചൂടുകയും ചെയ്താല്‍ അതു ലോക റെക്കോര്‍ഡായിരിക്കും. ഒരു മല്‍സരം പോലും തോല്‍ക്കാതെ ഏതെങ്കിലുമൊരു ടീം ലോക ചാംപ്യന്‍മാരായത് ഞാന്‍ കണ്ടിട്ടില്ല. സെമി ഫൈനലിലോ, ഫൈനലിലോ ഇന്ത്യക്കു മോശം ദിവസമുണ്ടാവില്ലെന്നു പ്രതീക്ഷിക്കുന്നതായും അക്തര്‍ കൂട്ടിച്ചേര്‍ത്തു.