മുംബൈ: ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ ആറ് ജയങ്ങള്‍ നേടിയ ഇന്ത്യ ഏഴാം മത്സരത്തില്‍ ശ്രീലങ്കയെ നേരിടാനൊരുങ്ങുകയാണ്. മുംബൈയിലാണ് പോരാട്ടം. ഇന്ത്യയുടെ വിജയക്കുതിപ്പിന് പൂട്ടിടാന്‍ ശ്രീലങ്കയ്ക്ക് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ശ്രീലങ്കയോട് ജയിച്ചാല്‍ ഇന്ത്യക്ക് സെമിയില്‍ സീറ്റുറപ്പിക്കാനാവും. ഇന്ത്യയുടെ മിന്നും ഫോം പരിശോധിക്കുമ്പോള്‍ ശ്രീലങ്കയ്‌ക്കെതിരേ വലിയ ജയം തന്നെ ടീം നേടിയെടുത്തേക്കും.
അവസാന രണ്ട് മത്സരത്തിലും ഒരേ പ്ലേയിങ് 11നുമായാണ് ഇന്ത്യ കളിച്ചത്. ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവും മുഹമ്മദ് ഷമിയുമാണ് ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഇടം പിടിച്ചത്. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ പ്ലേയിങ് 11ല്‍ രണ്ട് മാറ്റത്തിന് തയ്യാറെടുക്കുകയാണെന്നാണ് വിവരം. ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ കളത്തിലിറക്കാന്‍ സാധ്യതയുള്ള പ്ലേയിങ് 11 പരിശോധിക്കാം. ഓപ്പണിങ്ങില്‍ നായകന്‍ രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും തുടരും.
രോഹിത് ശര്‍മ ഗംഭീര ഫോമിലാണ്. പവര്‍പ്ലേയില്‍ കത്തിക്കയറാനും ടീമിന് അടിത്തറ പാകാനും രോഹിത്തിന് സാധിക്കുന്നു. എന്നാല്‍ ശുബ്മാന്‍ ഗില്‍ മികച്ച ഫോമിലല്ല. നാല് മത്സരത്തില്‍ നിന്ന് 100 റണ്‍സാണ് ഗില്‍ ആകെ നേടിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഗില്ലിന്റെ തിരിച്ചുവരവ് ഇന്ത്യ പ്രതീക്ഷിക്കുന്നു. മൂന്നാം നമ്പറില്‍ വിരാട് കോലി തുടരും. ഇംഗ്ലണ്ടിനെതിരേ ഡെക്കിന് പുറത്തായ കോലിക്ക് ശ്രീലങ്കയ്‌ക്കെതിരേ ഫോം വീണ്ടെടുക്കേണ്ടതായുണ്ട്.
നാലാം നമ്പറില്‍ ഇന്ത്യ മാറ്റം വരുത്തിയേക്കുമെന്നാണ് സൂചന. ഷോര്‍ട്ട് ബോള്‍ കെണിയില്‍ വീഴുന്ന ശ്രേയസ് അയ്യരെ ഇന്ത്യ പുറത്തിരുത്തിയേക്കും. നാലാം നമ്പറിലെ വിശ്വസ്തനെന്ന് പറയുമ്പോഴും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനാവുന്നില്ല. അതുകൊണ്ടുതന്നെ ശ്രേയസ് അയ്യരെ ഇന്ത്യ പുറത്തിരുത്തി പകരം കെ എല്‍ രാഹുലിനെ നാലാം നമ്പറിലേക്കെത്തിക്കും. ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ രാഹുല്‍ നിലവില്‍ അഞ്ചാം നമ്പറിലാണ് കളിക്കുന്നത്.

അഞ്ചാം നമ്പറില്‍ ഇന്ത്യ ഇഷാന്‍ കിഷനെ പരിഗണിച്ചേക്കും. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ മധ്യനിരയില്‍ അവസരം ലഭിച്ചപ്പോള്‍ തിളങ്ങിയിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യ ഇഷാന് അവസരം നല്‍കിയേക്കും. ആറാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് തുടരുമെന്നുറപ്പ്. ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവം ഇന്ത്യയുടെ പ്ലേയിങ് 11ലുണ്ട്. പരിക്കേറ്റ് പുറത്തായ ഹാര്‍ദിക് സെമിയില്‍ തിരിച്ചെത്തിയേക്കും. അതുവരെ സൂര്യ ആറാം നമ്പറില്‍ കളിക്കും.
ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജ തുടരുമ്പോള്‍ എട്ടാം നമ്പറില്‍ മുഹമ്മദ് സിറാജിന് പകരക്കാരനായി ആര്‍ അശ്വിന്‍ എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുണ്ട്. മോശം ഫോമിലുള്ള സിറാജിന് ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ പരിക്കേറ്റിരുന്നു. കാലിന് പരിക്കേറ്റ താരത്തിന് വിശ്രമം നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. അങ്ങനെ വരുമ്പോള്‍ പകരം ശാര്‍ദ്ദുല്‍ ടാക്കൂര്‍, ആര്‍ അശ്വിന്‍ എന്നിവരിലൊരാള്‍ക്ക് വിളി ലഭിക്കാനാണ് സാധ്യത കൂടുതല്‍.
ഒമ്പതാം നമ്പറില്‍ കുല്‍ദീപ് യാദവിന്റെ സ്പിന്‍ മാന്ത്രികത തുടരുമ്പോള്‍ 10ാം നമ്പറില്‍ മുഹമ്മദ് ഷമിക്ക് സീറ്റുറപ്പ്. രണ്ട് മത്സരത്തില്‍ നിന്ന് ഒമ്പത് വിക്കറ്റുകള്‍ ഷമി വീഴ്ത്തിക്കഴിഞ്ഞു. ഷമിയുടെ മിന്നും പ്രകടനം വരുന്ന മത്സരങ്ങളിലും ഇന്ത്യക്ക് നിര്‍ണ്ണായകം. 11ാമനായി ജസ്പ്രീത് ബുംറയുമുണ്ടാവും. ന്യൂബോളിലും ഡെത്തോവറിലും ബുംറയുടെ ബൗളിങ് ഇന്ത്യയുടെ കിരീട പ്രതീക്ഷകള്‍ സജീവമാക്കുന്നതാണ്.
ഇന്ത്യയുടെ സാധ്യതാ 11: രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍/ ശാര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.