മുംബൈ: ഇത്തവണത്തെ ഏകദിന ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ആതിഥേയരായതിനാല്‍ത്തന്നെ കിരീടത്തില്‍ കുറഞ്ഞൊന്നും ഇന്ത്യക്ക് ചിന്തിക്കാനാവില്ല. സൂപ്പര്‍ താരനിര ഒപ്പമുള്ളതിനാല്‍ ഇന്ത്യക്ക് കിരീട സാധ്യതയും കൂടുതലാണ്. രോഹിത് ശര്‍മയെന്ന നായകനുകീഴില്‍ സംതുലിതമായ ടീമിനെ കളത്തിലിറക്കാന്‍ ഇന്ത്യക്ക് സാധിക്കും. മറ്റേതുടീമിനെക്കാളും താരസമ്പത്ത് ഇന്ത്യക്കുണ്ട്. അതുകൊണ്ടുതന്നെ കിരീട പ്രതീക്ഷകളുമേറെ.
പക്ഷെ ഏറെ നാളുകളായി ചില പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ ടീമിനെ വേട്ടയാടുകയാണ്. പരിഹാരം എളുപ്പമല്ലാത്ത തരത്തില്‍ ഈ പ്രശ്‌നങ്ങള്‍ ഇപ്പോഴും തുടരുന്നു. അതിലൊന്ന് നാലാം നമ്പറില്‍ ആര് ബാറ്റുചെയ്യണമെന്നതാണ്. ഇപ്പോള്‍ ഇന്ത്യയുടെ ഏകദിന ടീമിന്റെ നാലാം നമ്പറിലെ വിശ്വസ്തന്‍ ശ്രേയസ് അയ്യരാണ്. ക്ലാസിക് ശൈലിയില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള ശ്രേയസ് അയ്യര്‍ പരിക്കിന്റെ പിടിയിലായിട്ട് നാളുകളേറെയായി. വെസ്റ്റ് ഇന്‍ഡീസ് പരമ്പര താരം കളിക്കുന്നില്ല.
ഏഷ്യാ കപ്പും നഷ്ടമാവുന്ന ശ്രേയസിന് ലോകകപ്പിന് മുമ്പ് പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തുകയെന്നത് പ്രയാസമാണ്. എത്തിയാല്‍ത്തന്നെ പെട്ടെന്ന് താളം കണ്ടെത്തുകയെന്നത് ദുഷ്‌കരമായ കാര്യമാണ്. മറ്റൊരാള്‍ കെ എല്‍ രാഹുലാണ്. ശ്രേയസിനെപ്പോലെ തന്നെ പരിക്കേറ്റ് വിശ്രമത്തിലുള്ള രാഹുലും ഏകദിന ലോകകപ്പിന് മുമ്പായി തിരിച്ചുവരുമെന്ന് പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റ്. സമീപകാലത്തായി മോശം ഫോമിലുള്ള രാഹുലിന്റെ മടങ്ങിവരുമ്പോഴുള്ള ഫോം കണ്ടറിയണം.
അതുകൊണ്ടുതന്നെ നാലാം നമ്പര്‍ ഇപ്പോള്‍ ഇന്ത്യക്ക് മുന്നില്‍ പ്രധാന ചോദ്യമായി ഉയരുന്നു. സൂര്യകുമാര്‍ യാദവിനെ നാലാം നമ്പറിലേക്ക് പരിഗണിക്കുന്ന കാര്യം ഇന്ത്യ കാര്യമായി ആലോചിക്കുന്നുണ്ടെന്നാണ് സൂചന. ടി20യില്‍ തല്ലിത്തകര്‍ക്കുന്ന സൂര്യക്ക് ഏകദിനത്തില്‍ അവസരം ലഭിച്ചപ്പോഴൊന്നും മികവുകാട്ടാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷെ സൂര്യയെ പിന്തുണച്ച ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ സൂര്യക്ക് ടീമിലിടം നല്‍കിയിട്ടുണ്ട്.

കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് കളിക്കാന്‍ സാധിക്കാതെ പോയാല്‍ ഇന്ത്യ സൂര്യക്കാവും നാലാം നമ്പറില്‍ മുഖ്യ പരിഗണന നല്‍കുക. ഇന്ത്യയിലാണ് ലോകകപ്പെന്നതിനാല്‍ സൂര്യക്ക് കൂടുതല്‍ മികവുകാട്ടാന്‍ സാധിച്ചേക്കും. 2011ല്‍ യുവരാജ് സിങ് വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് മത്സരം തിരിച്ചതുപോലെ ഇത്തവണ ആ റോള്‍ സൂര്യക്ക് ചെയ്യാനാവുമോയെന്നത് കണ്ടറിയാം. ഫോമിലേക്കെത്തിയാല്‍ മുതല്‍ക്കൂട്ടാവുമെങ്കിലും സൂര്യയെ ഏകദിനത്തില്‍ വിശ്വസ്തനെന്ന് വിളിക്കാനാവില്ല.
മറ്റൊരാള്‍ സഞ്ജു സാംസണാണ്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഏകദിനത്തില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. സഞ്ജുവിന്റെ സ്ഥിരത ചോദ്യമുയര്‍ത്തുമ്പോഴും ഏകദിനത്തില്‍ ഭേദപ്പെട്ട റെക്കോഡ് താരത്തിന് അവകാശപ്പെടാം. ഈ സാഹചര്യത്തില്‍ ഇന്ത്യ സഞ്ജുവിനെ പിന്തുണക്കാനും സാധ്യതയുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു ടീമിലിടം നേടിയിട്ടുണ്ട്.
ടി20യിലൂടെയാണ് സഞ്ജു പേരെടുത്തതെങ്കിലും ഏകദിനത്തില്‍ സഞ്ജുവിനെ കൂടുതല്‍ പിന്തുണക്കാനാണ് ബിസിസിഐ ആഗ്രഹിക്കുന്നത്. ഏഷ്യാ കപ്പിലും സഞ്ജുവിന് അവസരം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇനി സഞ്ജുവിന്റെ കൈയിലാണ് തുറുപ്പുചീട്ട്. റിഷഭ് പന്തും കളിക്കാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയും ഏഷ്യാ കപ്പിലും സഞ്ജുവിന് മികവുകാട്ടാന്‍ സാധിച്ചാല്‍ ലോകകപ്പിലും സീറ്റ് ലഭിക്കാന്‍ സാധ്യതയേറെയാണ്.
മറ്റൊരു വഴി പുതിയൊരു താരത്തെ നാലാം നമ്പറിലേക്ക് പരിഗണിക്കുകയെന്നതാണ്. റിങ്കു സിങ്, തിലക് വര്‍മ, റുതുരാജ് ഗെയ്ക് വാദ് എന്നിവരിലൊരാള്‍ക്ക് ഈ റോള്‍ നല്‍കിയേക്കാം. എന്നാല്‍ ഇത് സാഹസമാണെന്നതിനാലും ലോകകപ്പ് പടിവാതുക്കലെത്തിയെന്നതിനാലും ഇത്തരമൊരു നീക്കം ബിസിസിസി ഐ നടത്തിയേക്കില്ല. പ്രധാനമായും സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കാവും കൂടുതല്‍ പ്രാധാന്യം ലഭിക്കുക.
കെ എല്‍ രാഹുല്‍ തിരിച്ചെത്തിയാല്‍ ഇന്ത്യ ബാക്കപ്പായി സൂര്യകുമാറിനെ പിന്തുണക്കുകയും സഞ്ജു സാംസണിനെ തഴയാനുമാണ് സാധ്യത കൂടുതല്‍. കെ എല്‍ രാഹുല്‍ ലോകകപ്പ് കളിച്ചാല്‍ ബാക്കപ്പ് കീപ്പറായി ഇഷാന്‍ കിഷന് മുഖ്യ പരിഗണന ലഭിച്ചേക്കും. സീറ്റുറപ്പിക്കാന്‍ വിന്‍ഡീസ് പരമ്പരയിലും ഏഷ്യാ കപ്പിലും അതി ഗംഭീര പ്രകടനം സഞ്ജു കാഴ്ചവെക്കേണ്ടതായുണ്ട്.