ലോകകപ്പില്‍ ടീം ഇന്ത്യ തുടര്‍ച്ചയായ ആറാം ജയം ലക്ഷ്യമിട്ട് ഞായറാഴ്ച നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെ നേരിടുകയാണ്. ടൂര്‍ണമെന്റില്‍ നിലവില്‍ തോല്‍വിയറിയാത്ത ഏക ടീം കൂടിയായ ഇന്ത്യ ഇംഗ്ലണ്ടിനെതിരേ അപരാജിത റെക്കോര്‍ഡ് കാത്തുസൂക്ഷിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. ജയിക്കാനായാല്‍ 12 പോയിന്റുമായി സെമി ഫൈനല്‍ ഏറെക്കുറെ ഉറപ്പിക്കാന്‍ ഇന്ത്യക്കു സാധിക്കും.
ന്യൂസിലാന്‍ഡിനെതിരേ ധര്‍മശാലയില്‍ നടന്ന അവസാന മല്‍സരത്തിലെ ടീമില്‍ ചില മാറ്റങ്ങളുമായിട്ടാവും ഇംഗ്ലണ്ടിനെതിരേ ഇന്ത്യ ഇറങ്ങിയേക്കുക. മുഹമ്മദ് സിറാജിനു പകരം വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ ഇന്ത്യ കളിപ്പിച്ചേക്കുമെന്നു സൂചകള്‍ വരുന്നുണ്ട്. ഓസ്‌ട്രേലിയയുമായുള്ള ആദ്യ മല്‍സരത്തിനു ശേഷം അശ്വിനെ പ്ലെയിങ് ഇലവനില്‍ നിന്നും ഇന്ത്യ മാറ്റി നിര്‍ത്തിയിരുന്നു.

എന്നാല്‍ ന്യൂസിലാന്‍ഡിനെതിരേ നാലു വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയ അതേ പ്ലെയിങ് ഇലവനെ തന്നെ ഇംഗ്ലണ്ടിനെതിരേയും ഇന്ത്യ നിലനിര്‍ത്തുന്നതായിരിക്കും നല്ലത്. ഇതിന്റെ പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ അഞ്ചു ബൗളര്‍മാരുള്‍പ്പെട്ട ടീം കോമ്പിനേഷനായിരുന്നു ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ പരീക്ഷിച്ചത്.
പക്ഷെ ഈ റിസ്‌ക് ഇംഗ്ലണ്ടിനെതിരേയും ഇന്ത്യ എടുത്തേ തീരു. ബാറ്റിങിനു ആഴം കൂട്ടാന്‍ ശര്‍ദ്ദുല്‍ ടാക്കൂറിനെ ടീമിലേക്കു തിരികെ വിളിക്കാന്‍ ഇന്ത്യ ശ്രമിക്കാത്തതാവും നല്ലത്. കാരണം ബാറ്റ് കൊണ്ടോ, ബോള്‍ കൊണ്ടോ യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ ശര്‍ദ്ദുലിനു സാധിക്കുന്നില്ല. ബൗളിങിലാവട്ടെ താരം റണ്‍സും വാരിക്കോരി നല്‍കുകയാണ്.
അതുകൊണ്ടു തന്നെ പ്ലെയിങ് ഇലവനില്‍ മാറ്റം വരുത്തി ശര്‍ദ്ദുലിനെ കളിപ്പിച്ചാല്‍ അതു ഗുണത്തേക്കാള്‍ ദോഷമായിരിക്കും ചെയ്യുന്നത്. നിലവില്‍ ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജയെ വരെ ബാറ്റിങില്‍ ഇന്ത്യക്കു ആശ്രയിക്കാം. ന്യൂസിലാന്‍ഡുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ ജഡ്ഡു മികച്ച ഇന്നിങ്‌സ് കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു.
360 ബാറ്ററായ സൂര്യകുമാര്‍ യാദവിനെ ഒരേയൊരു മല്‍സരത്തിനു ശേഷം പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കുന്നത് അനുചിതമാണെന്നതാണ് രണ്ടാമത്തെ കാരണം. ന്യൂസിലാന്‍ഡുമായുള്ള കഴിഞ്ഞ മല്‍സരം ലോകകപ്പില്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റം കൂടിയായിരുന്നു. പക്ഷെ രണ്ടു റണ്‍സ് മാത്രമെടുത്ത സ്‌കൈ നിര്‍ഭാഗ്യകരായ രീതിില്‍ റണ്ണൗട്ടാവുകയായിരുന്നു. ബാറ്റിങ് പങ്കാളിയായ വിരാട് കോലിയുമായുള്ള ആശയക്കുഴപ്പം കാരണമാണ് സൂര്യക്കു വിക്കറ്റ് നഷ്ടമായത്.
ഇംഗ്ലണ്ടിനെതിരേയും ഹാര്‍ദിക് കളിക്കില്ലെന്നതിനാല്‍ ആറാം നമ്പര്‍ ബാറ്റിങ് പൊസിഷന്‍ വളരെ നിര്‍ണായകമാണ്. ഈ പൊസിഷനില്‍ സൂര്യക്കു മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കും. ലോകകപ്പിനു മുമ്പ് ഓസ്‌ട്രേലിയ്‌ക്കെതിരേ സമാപിച്ച ഏകദിന പരമ്പരയില്‍ അദ്ദേഹം തിളങ്ങിയിരുന്നു.

മൊഹാലിയില്‍ 49 ബോളില്‍ 50 റണ്‍സെടുത്ത സൂര്യ ഇന്‍ഡോറില്‍ 37 ബോളില്‍ പുറത്താവാതെ വാരിക്കൂട്ടിയത് 72 റണ്‍സായിരുന്നു. ഫിനിഷറുടെ റോളില്‍ ലോകകപ്പിലും നിര്‍ണാക സംഭവന നല്‍കാന്‍ അദ്ദേഹത്തിനു കഴിയും. അതുകൊണ്ടു തന്നെ കഴിവ് തെളിയിക്കാന്‍ ഇംഗ്ലണ്ടിനെതിരേ സൂര്യയെ ഇന്ത്യ നിലനിര്‍ത്തേണ്ടതുണ്ട്.
ഇംഗ്ലണ്ടുമായുളള മല്‍സരത്തില്‍ രണ്ടു സ്പിന്നര്‍മാരെ തന്നെ നിലനിര്‍ത്തിയുള്ള ടീം കോമ്പിനേഷന്‍ ഇന്ത്യ നിലനിര്‍ത്തുന്നതാണ് നല്ലത് എന്നതാണ് ഇലവനില്‍ മാറ്റം വേണ്ടെന്നതിന്റെ മൂന്നാമത്തെ കാരണം. അശ്വിനെക്കൂടി ഉള്‍പ്പെടുത്തി മൂന്നു സ്പിന്നര്‍മാരെ ഇംഗ്ലണ്ടിനെതിരേ ഇറക്കാന്‍ ഇന്ത്യ ആലോചിക്കുന്നുണ്ട്. പക്ഷെ അശ്വിനെ തിരികെ വിളിച്ചാല്‍ മൂന്നു പേസര്‍മാരില്‍ ഒരാളെ ഇന്ത്യക്കു ഒഴിവാക്കേണ്ടതായി വരും.
പക്ഷെ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നീ മൂന്നു പേരും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഏതു പ്രതലത്തിലും ബൗളിങില്‍ ഇംപാക്ടുണ്ടാക്കാന്‍ മൂവര്‍ സംഘത്തിനു കഴിയും. അതുകൊണ്ടു തന്നെ ഇവരിലൊരാളെ ഒഴിവാക്കുന്നത് തീര്‍ച്ചയായം നല്ല തീരുമാനമാവില്ല. സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്യാന്‍ കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ തന്നെ മതിയാവും.