World Cup 2023: ഈ കപ്പ് ഇന്ത്യക്കു തന്നെ! ഓസീസിന് അന്നും ഇത് സംഭവിച്ചു, ഫാന്‍സ് ആവേശത്തില്‍
ഏകദിന ലോകകപ്പില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയുടെ പതനം ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും ഓസ്‌ട്രേലിയക്കു പരാജയം നേരിട്ടു. പക്ഷെ ആദ്യ മല്‍സരത്തിനേക്കാള്‍ പരിതാപകരമായ പരാജയമാണ് ഇത്തവണ ലോക ക്രിക്കറ്റിലെ പവര്‍ഹൗസുകള്‍ക്കു സംഭവിച്ചിരിക്കുന്നത്. ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന ആദ്യ കളിയില്‍ ഇന്ത്യക്കെതിരേ ആറു വിക്കറ്റിനായിരുന്നു ഓസീസിന്റെ പരാജയം. എന്നാല്‍ രണ്ടാമങ്കത്തില്‍ സൗത്താഫ്രിക്കയോടു അവര്‍ തകര്‍ന്നടിയുകയായിരുന്നു. 134 റണ്‍സിനാണ് സൗത്താഫ്രിക്ക ഓസീസിനെ വാരിക്കളഞ്ഞത്.
ഇത്രയും വലിയ മാര്‍ജിനിലുള്ള ഓസ്‌ട്രേലിയയുടെ പരാജയം ഇത്തവണ ഇന്ത്യയുടെ കിരീടധാരണത്തിലേക്കുള്ള സൂചന കൂടിയാണ് നല്‍കുന്നത്. കാരണം അവസാനമായി 100നു റണ്‍സിനു മുകളില്‍ മാര്‍ജിനില്‍ ഓസ്‌ട്രേലിയ ലോകകപ്പിലെ ഒരു മല്‍സരം തോറ്റപ്പോള്‍ ഇന്ത്യയായിരുന്നു കിരീടമുയര്‍ത്തിയത്. 1983ലെ ലോകകപ്പിലായിരുന്നു ഇതു സംഭവിച്ചത്. അന്നു വെസ്റ്റ് ഇന്‍ഡീസായിരുന്നു 101 റണ്‍സിനു ഓസീസിനെ കെട്ടുകെട്ടിച്ചത്. ഇംഗ്ലണ്ടിലെ ലീഡ്‌സില്‍ വച്ചായിരുന്നു ഓസീസിനെ വിന്‍ഡീസ് തകര്‍ത്തുവിട്ടത്.

അന്നു 60 ഓവറുകളായിരുന്നു ഏകദിന ക്രിക്കറ്റിലുണ്ടായിരുന്നത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 60 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെടുക്കുകയായിരുന്നു. 78 റണ്‍സെടുത്ത ലാറി ഗോമസായിരുന്നു വിന്‍ഡീസിന്റെ ടോപ്സ്‌കോറര്‍. മറുപടിയില്‍ പൊരുതാന്‍ പോലുമാവാതെ ഓസീസ് വന്‍ പരാജയത്തിലേക്കു കൂപ്പുകുത്തുകയായിരുന്നു. 30.3 ഓവറില്‍ വെറും 151 റണ്‍സില്‍ ഓസീസിന്റെ റണ്‍ ചേസ് അവസാനിച്ചു. ഏഴു വിക്കറ്റുകളെടുത്ത വിന്‍സ്റ്റണ്‍ ഡേവിസായിരുന്നു ഓസീസിന്റെ അന്തകനായത്.
1983ലെ ലോകകപ്പില്‍ ഈ കളിയില്‍ മാത്രമല്ല മറ്റൊരു മല്‍സരത്തില്‍ക്കൂടി ഓസീസ് 100ന് മുകളില്‍ മാര്‍ജിനില്‍ തോറ്റിരുന്നു. രണ്ടാമത്തെ പരാജയം ഇന്ത്യക്കെതിരേയായിരുന്നു. ചെംസ്‌ഫോര്‍ഡില്‍ നടന്ന മല്‍സരത്തില്‍ ഓസ്‌ട്രേലിയയെ ഇന്ത്യ 118 റണ്‍സിനായിരുന്നു നിഷ്പ്രഭരാക്കിയത്. ആദ്യം ബാറ്റ് വീശിയ ഇന്ത്യ 55.5 ഓവറില്‍ 247 റണ്‍സിനു പുറത്തായി. മറുപടിയില്‍ 38.2 ഓവറില്‍ വെറും 129 റണ്‍സില്‍ ഓസീസ് കൂടാരം കയറുകയും ചെയ്തു.
ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലായിരുന്നു കലാശക്കളിയില്‍ അന്നു ഏറ്റുമുട്ടിയത്. കിരീട ഫേവറിറ്റുകളായിരുന്ന വിന്‍ഡീസിനെ ഞെട്ടിച്ച് കപില്‍ ദേവും സംഘവും ചരിത്രത്തിലാദ്യമായി ലോകകപ്പില്‍ മുത്തമിടുകയും ചെയ്യുകയായിരുന്നു. പ്രസിദ്ധമായ ലോര്‍ഡ്‌സില്‍ നടന്ന ഫൈനലില്‍ വിജയമുറപ്പിച്ച് ഇറങ്ങിയ വിന്‍ഡീസിനെ കപിലിന്റെ 'ചെകുത്താന്‍മാര്‍' 43 റണ്‍സിനായിരുന്നു സ്തബ്ധരാക്കിയത്.

ഇത്തവണത്തെ ലോകകപ്പും ഇന്ത്യയുടെ കിരീടധാരണത്തിലേക്കാണ് പോവുന്നതെന്ന സൂചനകളാണ് ഓസ്‌ട്രേലിയയുടെ വന്‍ പരാജയം സൂചിപ്പിക്കുന്നത്. കളിഞ്ഞ ദിവസം ലഖ്‌നൗവില്‍ നടന്ന തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ ഓസീസിനെ സൗത്താഫ്രിക്ക 134 റണ്‍സിനു മുക്കുകയായിരുന്നു. കളിയുടെ ഒരു ഘട്ടത്തിലും വെല്ലുവിളിയുയര്‍ത്താന്‍ കഴിയാതെയായിരുന്നു അവരുടെ ദയനീയ കീഴടങ്ങല്‍. ഈ പരാജയത്തോടെ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേക്കും ഓസീസ് വീണിരിക്കുകയാണ്.
ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിനു 311 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തി. ക്വിന്റണ്‍ ഡികോക്കിന്റെ (109) ഉജ്ജ്വല സെഞ്ച്വറിയായിരുന്നു സൗത്താഫ്രിക്കയ്ക്കു കരുത്തായത്. 106 ബോളുകള്‍ നേരിട്ട അദ്ദേഹം എട്ടു ഫോറും അഞ്ചു സിക്‌സറുകളുമടിച്ചു. 56 റണ്‍സെടുത്ത ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമാണ് സൗത്താഫ്രിക്കയുടെ മറ്റൊരു പ്രധാന സ്‌കോറര്‍.
മറുപടിയില്‍ സൗത്താഫ്രിക്കന്‍ ബൗളിങ് ആക്രമണത്തില്‍ ഓസീസ് തകര്‍ന്നടിഞ്ഞു. 40.5 ഓവറില്‍ വെറും 177 റണ്‍സില്‍ അവര്‍ കൂടാരം കയറി. 46 റണ്‍സെടുത്ത മാര്‍നസ് ലബ്യുഷെയ്‌നാണ് അവരുടെ പരാജയഭാരം കുറച്ചത്. സൗത്താഫ്രിക്കയ്ക്കു വേണ്ടി കാഗിസോ റബാഡ മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ മാര്‍ക്കോ യാന്‍സണ്‍, കേശവ് മഹാരാജ്, തബ്രെയ്‌സ് ഷംസി എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications