ലോകകപ്പില്‍ ചിരവൈരികളായ പാകിസ്താനെതിരായ വമ്പന്‍ ജയത്തിന്റെ ആഹ്ലാദത്തില്‍ നില്‍ക്കുന്ന ഇന്ത്യക്കു മുട്ടന്‍ പണി വന്നേക്കും. കഴിഞ്ഞ ശനിയാഴ്ച അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന എല്‍ ക്ലാസിക്കോയില്‍ പാകിസ്താനെ ഏഴു വിക്കറ്റിനു ഇന്ത്യ നിഷ്പ്രഭരാക്കുകയായിരുന്നു. ഒരു ലക്ഷത്തിലേറെ വരുന്ന കാണികള്‍ക്കു മുന്നിലായിരുന്നു പാക് പടയെ ഇന്ത്യ നാണം കെടുത്തിയത്. ഈ മല്‍സരത്തിനിടെ കാണികളുടെ പെരുമാറ്റത്തിനെതിരേയാണ് പാകിസ്താന്‍ ഐസിസിയെ സമീപിക്കാന്‍ ആലോചിക്കുന്നത്.
പ്രതീക്ഷിക്കപ്പെട്ടതു പോലെ നരേന്ദ്രമോദി സ്‌റ്റേഡിയം ഇന്ത്യ-പാക് പോരാട്ടത്തിനായി നിറഞ്ഞുകവിഞ്ഞിരുന്നു. കാണികളില്‍ ഭൂരിഭാഗവും ഇന്ത്യന്‍ ആരാധകര്‍ തന്നെയായായിരുന്നു. വിസ നിഷേധിക്കപ്പെട്ടതു കാരണം പാകിസ്താന്റെ വലിയൊരു വിഭാഗം ആരാധകര്‍ക്കും മല്‍സരം നഷ്ടമായിരുന്നു. ഇന്ത്യന്‍ ആരാധകരുടെ ആധിക്യം പാക് ടീമിനെ ദോഷകരമായി ബാധിച്ചുവെന്നാണ് പാക് അധികൃതരുടെ കണക്കുകൂട്ടല്‍. മല്‍സരശേഷം പാക് ടീം ഡയറക്ടര്‍ മിക്കി ആര്‍തര്‍ ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു.

കളിക്കിടെ സ്റ്റേഡിയത്തിലെ കാണികളുടെ ഭാഗത്തു നിന്നും മതപരമായ മന്ത്രോച്ചാരാണങ്ങള്‍ പല തവണ മുഴങ്ങിക്കേട്ടിരുന്നു. പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനെ കാണികള്‍ പരിഹസിക്കുകയും ചെയ്തിരുന്നു. ജസ്പ്രീത് ബുംറയുടെ ബൗളിങില്‍ പുറത്തായ ശേഷം താരം ഡ്രസിങ് റൂമിലേലേക്കു തിരികെ പോകവെ കാണികളില്‍ ഒരു വിഭാഗം ജയ് ശ്രീരാം വിളിയുമായി പരിഹസിക്കുകയായിരുന്നു.
നേരത്തേ ശ്രീലങ്കയുമായുള്ള മല്‍സരത്തില്‍ സെഞ്ച്വറി കുറിച്ച ശേഷം റിസ്വാന്‍ ഗ്രൗണ്ടില്‍ വച്ച് ഇസ്ലാം ആചാരപ്രകാരം പ്രാര്‍ഥന നിര്‍വഹിച്ചിരുന്നു. ഇതാണ് ഒരു വിഭാഗം കാണികളെ ചൊടിപ്പിച്ചത്. ഇന്ത്യക്കെതിരായ കളിയില്‍ പുറത്തായ ശേഷം ഇതിന്റെ പേരില്‍ റിസ്വാനെ അവര്‍ കളിയാക്കുകയുമായിരുന്നു.
അഹമ്മദാബാദിലെ മല്‍സരത്തിനിടെ കാണികളുടെ ഭാഗത്തും തങ്ങളുടെ താരങ്ങള്‍ക്കു നേരിട്ട മോശം അനുഭവങ്ങളില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അസംതൃപ്തരാണെന്നാണ് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനെതിരേ ശക്തമായ നീക്കത്തിന് അവര്‍ തയ്യാറെടുക്കുന്നുവെന്നാണ് വിവരം. പിസിബി പ്രസിഡന്റ് സാക്ക അഷ്‌റഫ് ലാഹോറില്‍ തിരിച്ചെത്തിയ ശേഷം ഇക്കാര്യത്തില്‍ തുടര്‍ നടപടികളെക്കുറിച്ച് പാകിസ്താന്‍ ആലോചിക്കുമെന്നാണ് റിപ്പോര്‍ട്ട്.
പിസിബി ഔദ്യോഗികമായി ഐസിസിക്കു പരാതി നല്‍കിയാല്‍ അതു ഇന്ത്യക്കു തിരിച്ചടിയായേക്കും. തെറ്റുകാരെന്നു കണ്ടെത്തുകയാണെങ്കില്‍ ഭാവിയില്‍ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിനു ഇത്തരം മല്‍സരങ്ങള്‍ക്കു വേദിയാവാന്‍ അവസരം ലഭിച്ചേക്കില്ല. മാത്രമല്ല ഒരു പക്ഷെ ഭാവിയില്‍ ലോകകപ്പിനു വേദിയാവാനുള്ള ഇന്ത്യയുട ശ്രമങ്ങള്‍ക്കു പോലും അതു ഭീഷണിയായി മാറിയേക്കും.

ഇന്ത്യയുമായുള്ള മല്‍സരത്തില്‍ പാകിസ്താന്‍ ആരാധകരുടെ അഭാവത്തില്‍ മിക്കി ആര്‍തറെക്കൂടാതെ കോച്ചിങ് സംഘത്തില്‍പ്പെട്ട ഗ്രാന്റ് ബ്രാഡ്‌ബേണും നിരാശയും രോഷവും നേരത്തേ പ്രകടിപ്പിച്ചിരുന്നു. സത്യസന്ധമായി പറയുകയാണെങ്കില്‍ ഇതൊരു ഐസിസി ഇവന്റായൊന്നും തോന്നുന്നില്ല. ദ്വിരാഷ്ട്ര പരമ്പര പോലെയാണ് കാണപ്പെടുന്നത്.
ഇതു ബിസിസിഐ സംഘടിപ്പിച്ച ഒരു ഇവന്റ് പോലെയുണ്ട്. സ്‌റ്റേഡിയത്തിലെ മൈക്രോഫോണിലൂടെ ദില്‍ ദില്‍ പാകിസ്താനെന്ന ഗാനം പലപ്പോഴും മുഴങ്ങിക്കേട്ടില്ലെന്നും മല്‍സരശേഷശമുള്ള വാര്‍ത്താസമ്മേളനത്തില്‍ മിക്കി ആര്‍തര്‍ തുറന്നടിച്ചിരുന്നു.
ഈ മല്‍സരം ഒരു ലോകകപ്പ് മല്‍സരമായി അനുഭവപ്പെട്ടില്ലെന്നു കോച്ചിങ് സംഘത്തിലുള്ള ബ്രാഡ്‌ബേണും ചൂണ്ടിക്കാട്ടിയിരുന്നു. പാകിസ്താന്‍ ആരാധകരും ഇവിടെയെത്താനും തങ്ങളുടെ ടീമിനെ പിന്തുണയ്ക്കാനും ആഗ്രഹിച്ചിരുന്നു. ഇന്ത്യന്‍ ആരാധകരും സ്റ്റേഡിയത്തില്‍ പാക് ടീമിന്റെ ഫാന്‍സിനെ കാണാന്‍ ആഗ്രഹിച്ചിട്ടുണ്ടാവുമെന്നു എനിക്കുറപ്പാണ്.
ആ രീതിയില്‍ ഇതു തീര്‍ച്ചയായും അസാധാരണമായ കാര്യമായിരുന്നു. അതുകൊണ്ടു തന്നെ സത്യസന്ധമായി പറയുകയാണെങ്കില്‍ ഇതു ലോകകപ്പിലെ ഒരു മല്‍സരമായി തോന്നിയില്ലെന്നും ബ്രാഡ്‌ബേണ്‍ വ്യക്തമാക്കിയിരുന്നു.