ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര അവസാനിച്ചതിനു പിന്നാലെ ടീം ഇന്ത്യ ലോകപ്പിന്റെ ചൂടിലേക്കാണ്. ടൂര്‍ണമെന്റിനു മുന്നോടിയായി രണ്ടു സന്നാഹ മല്‍സരങ്ങളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. 30ന് ശനിയാഴ്ച ഗുവാഹത്തിയില്‍ നടക്കാനിരിക്കുന്ന ആദ്യ സന്നാഹത്തില്‍ നിലവിലെ ലോക ചാംപ്യന്‍മാരായ ഇംഗ്ലണ്ടുമായിട്ടാണ് ഇന്ത്യ കൊമ്പുകോര്‍ക്കുക. ഒക്ടോബര്‍ മൂന്നിനു ചൊവ്വാഴ്ച രണ്ടാം സന്നാഹത്തില്‍ നെതര്‍ലാന്‍ഡ്‌സുമായും ഇന്ത്യ ഏറ്റുമുട്ടും.
ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള ഉദ്ഘാടന മല്‍സരത്തോടെ അഞ്ചിനാണ് ലോകകപ്പിനു തുടക്കമാവുന്നത്. ഇന്ത്യയുടെ ആദ്യ പോരാട്ടം എട്ടിന് ഓസ്‌ട്രേലിയക്കെതിരേയാണ്. ഇന്ത്യയെ സംബന്ധിച്ച് കുഴപ്പിക്കുന്ന ചില ചോദ്യങ്ങള്‍ക്കു ഉത്തരം കണ്ടെത്താനുള്ള അവസാന അവസരം കൂടിയായിരിക്കും ഇനിയുള്ള സന്നാഹ മല്‍സരങ്ങള്‍. ഇവ എന്തൊക്കെയാണെന്നു നോക്കാം.

വിക്കറ്റ കീപ്പര്‍ ബാറ്ററായ ഇഷാന്‍ കിഷനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണോയെന്നതാണ് ഇന്ത്യക്കു മുന്നിലുള്ള ആദ്യത്തെ ചോദ്യം. വിക്കറ്റ് കീപ്പിങില്‍ തന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തിക്കഴിഞ്ഞ അദ്ദേഹം ബാറ്റിങിലും സ്ഥിരതയാര്‍ന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ പ്രകടനമെടുത്താല്‍ ഏകദിത്തില്‍ ഇഷാന്റെ ശരാശരി 50ന് അടുത്താണ്. ഏഷ്യാ കപ്പില്‍ പാകിസ്താനുമായുള്ള ഗ്രൂപ്പ് മല്‍സരത്തില്‍ അഞ്ചാം നമ്പറില്‍ ഇറങ്ങി 82 റണ്‍സെടുത്ത അദ്ദേഹം മധ്യനിരയിലും തനിക്കു ബാറ്റിങ് വഴങ്ങുമെന്നു തെളിയിച്ചിരുന്നു.
എന്നാല്‍ നിലവില്‍ നാല്, അഞ്ച് സ്ഥാനങ്ങളില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് ഓപ്ഷനുകള്‍ ശ്രേയസ് അയ്യരും കെഎല്‍ രാഹുലുമാണ്. അപ്പോള്‍ പിന്നെ ഇഷാനെ എവിടെ ഉള്‍ക്കൊള്ളിക്കുമെന്നതാണ് പ്രശ്‌നം. പരിക്കില്‍ നിന്നും മോചിതരായി തിരിച്ചെത്തിയ ശേഷം ശ്രേയസും രാഹുലും സ്ഥിരതയാര്‍ന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഓരോ സെഞ്ച്വറിയടക്കം ഇരുവരും നേടുകയും ചെയ്തു.
പക്ഷെ ടോപ് സിക്‌സില്‍ ഒരു ഇടംകൈയന്‍ ബാറ്ററില്ലെന്നത് ഇന്ത്യക്കു തിരിച്ചടിയാണ്. ഇഷാനെ കളിപ്പിച്ചെങ്കില്‍ മാത്രമേ ഈ കുറവ് പരിഹരിക്കാന്‍ ഇന്ത്യക്കു സാധിക്കുകയുള്ളൂ. ഇടംകൈയന്‍ പേസര്‍മാരേയും സ്പിന്നര്‍മാരേയും ഫലപ്രദമായി നേരിടണമെങ്കില്‍ ഒരു ഇടംകൈയന്‍ ബാറ്റര്‍ തീര്‍ച്ചയായും ആവശ്യമാണ്. പക്ഷെ നിലവിലെ ലൈനപ്പില്‍ ഇഷാനെ ഉള്‍ക്കൊള്ളിക്കുക ഇന്ത്യക്കു അസാധ്യവുമാണ്.
ഇന്ത്യയെ കുഴപ്പിക്കുന്ന അടുത്ത ചോദ്യം ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് ഇവരില്‍ ആരെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തും എന്നതാണ്. നാലാം നമ്പറില്‍ ബെസ്റ്റ് ശ്രേയസാണെങ്കിലും അഞ്ച്, ആറ് സ്ഥാനങ്ങളില്‍ ഫിനിഷറുടെ റോളില്‍ തീപ്പൊരി പ്രകടനങ്ങളുമായി മല്‍സരഗതി മാറ്റാന്‍ സൂര്യക്കു സാധിക്കും. ഓസീസിനെതിരേ നടന്ന പരമ്പരയിലെ ആദ്യത്തെ രണ്ടു കളിയിലും ഫിഫ്റ്റി പ്ലസ് സ്‌കോറുകളുമായി സൂര്യ മിന്നിച്ചിരുന്നു.

രണ്ടാമത്തെ കളിയില്‍ 37 ബോളില്‍ 72 റണ്‍സായിരുന്നു അദ്ദേഹം വാരിക്കൂട്ടിയത്. ഇതുപോലെയുള്ള സ്‌ഫോടനാത്മക ഇന്നിങ്‌സുകള്‍ കളിക്കണമെങ്കില്‍ സ്‌കൈ തന്നെ വേണം. പക്ഷെ മധ്യനിരയ്ക്കു സ്ഥിരത നല്‍കുന്നതിനൊപ്പം ആങ്കറുടെ റോളില്‍ കളിക്കാന്‍ സാധിക്കുന്നയാളാണ് ശ്രേയസ്.
അദ്ദേഹം കളിച്ചാല്‍ ഒരു അധിക ബാറ്ററെ ഇന്ത്യക്കു ഇറക്കാന്‍ കഴിയില്ല. അഞ്ചാമനായി രാഹുലും ആറാമനായി ഹാര്‍ദിക് പാണ്ഡ്യയും കളിക്കും. അതുകൊണ്ടു തന്നെ ശ്രേയസ്, സൂര്യ എന്നിവരില്‍ ആരെ പുറത്ത് ഇരുത്തുമെന്ന കാര്യത്തില്‍ സന്നാഹത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതുണ്ട്.
ഇന്ത്യക്കു ഉത്തരം കണ്ടെത്തേണ്ട അടുത്ത ചോദ്യം ബൗളിങ് കോമ്പിനേഷന്റെ കാര്യത്തിലാണ്. മൂന്നു സ്പിന്നര്‍മാര്‍ അല്ലെങ്കില്‍ നാലു പേസര്‍മാര്‍ ഇതില്‍ ഏതായിരിക്കും ബെസ്റ്റെന്നതാണ് പ്രശ്‌നം. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി തുടങ്ങിയ മൂന്നു ലോകോത്തര പേസര്‍മാര്‍ നിലവില്‍ ഇന്ത്യക്കുണ്ട്. ഇവരില്‍ സ്ഥാനമുറപ്പ് ബുംറയ്ക്കും സിറാജിനുമാണ്. ഷമിയുടെ കാര്യത്തിലാണ് ചോദ്യമുയരുന്നത്.
മൂന്നു പേസര്‍മാരെ കളിപ്പിക്കുകയാണെങ്കില്‍ നാലാമത്തെ സീം ബൗളിങ് ഓപ്ഷനായി ഹാര്‍ദിക് പാണ്ഡ്യയുമുണ്ട്. രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവുമായിരിക്കും രണ്ടു സ്പിന്നര്‍മാര്‍. പക്ഷെ സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്ന ഇന്ത്യന്‍ പിച്ചുകളില്‍ നാലു പേസര്‍മാര്‍ വേണോയെന്നതാണ് സംശയം. ഷമിക്കു പകരം അക്ഷര്‍ പട്ടേല്‍ (ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ മാത്രം) അല്ലെങ്കില്‍ ആര്‍ അശ്വിന്‍ എന്നിവരിലൊരാളെ കളിപ്പിക്കുന്നത് കൂടുതല്‍ മികച്ച തീരുമാനമല്ലേയെന്നും ടീം മാനേജ്മെന്‍റ് ചിന്തിക്കുന്നു.