ഏകദിന ലോകകപ്പില്‍ കഴിഞ്ഞ രണ്ടു തവണയും ഇന്ത്യക്കു സെമി ഫൈനലില്‍ കാലിടറിയെങ്കിലും ഇത്തവണ കിരീടം നേടാനുള്ള സാധ്യത കൂടുതലാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ സ്റ്റാര്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. 2011ല്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ അവസാനമായി ലോക കിരീടം ചൂടിയപ്പോള്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.
2015ലെ ലോകകപ്പിന്റെ സെമിയില്‍ ഓസ്‌ട്രേലിയയോടും കഴിഞ്ഞ തവണ ന്യൂസിലാന്‍ഡിനോടുമാണ് ഇന്ത്യ പരാജയം സമ്മതിച്ചത്.ഇത്തവണ ഇന്ത്യ വീണ്ടും സെമിയില്‍ കിവികളുമായി ഏറ്റുമുട്ടുകയാണ്. 15നു മുംബൈയിലെ വാംഖഡെയിലാണ് ലോകം കാത്തിരിക്കുന്ന ഈ സെമി പോരാട്ടം. ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലാണ് രണ്ടാം സെമി.

ഈ ലോകകപ്പില്‍ ചാംപ്യന്‍മാരാവാന്‍ ഇന്ത്യക്കു വളരെ നല്ല സാധ്യതയാണ് കാണുന്നത്. 2015, 2019 എഡിഷനുകളിലെ ലോകകപ്പുകളേക്കാള്‍ കൂടുതലാണ് ഇന്ത്യയുടെ കിരീടസാധ്യത. ക്യാപ്റ്റനായ രോഹിത് ശര്‍മയുടെ പ്രകൃതം പോലെ തന്നെ ഇപ്പോഴത്തെ ടീം കളിക്കുന്നുവെന്നതാണ് ഇതിന്റെ കാരണം. അവര്‍ ക്യാപ്റ്റനിലേക്കാണ് നോക്കുന്നത്.
ദീര്‍ഘനേരം ബാറ്റ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നെങ്കില്‍ ഈ ലോകകപ്പില്‍ രോഹിത്തിനു അനായാസം മൂന്ന്, നാലു സെഞ്ച്വറികളെങ്കിലും നേടാന്‍ സാധിക്കുമായിരുന്നുവെന്നും ഗംഭീര്‍ നിരീക്ഷിച്ചു. നിലവിലെ ഇന്ത്യന്‍ ടീം ഈ ലോകകപ്പില്‍ ഉജ്ജ്വലമായിട്ടാണ് കളിച്ചുകൊണ്ടിരിക്കുന്നതെന്നും അതുകൊണ്ടു തന്നെ കിരീടം നേടാനായില്ലെങ്കില്‍ അതു വലിയ അസ്വസ്ഥതയായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതു പോലെയുള്ള വലിയ ടൂര്‍ണമെന്റുകളില്‍ നിങ്ങള്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ റെക്കോര്‍ഡുകള്‍ അത്ര വലിയ കാര്യമല്ല. റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാന്‍ നിങ്ങള്‍ക്കു ദ്വിരാഷ്ട്ര പരമ്പരകളുണ്ട്. നേടിയിട്ടുള്ള ട്രോഫികളുടെ അടിസ്ഥാനത്തിലാണ് നിങ്ങളുടെ മഹത്വം തീരുമാനിക്കപ്പെടുന്നത്.
ലോകകപ്പ് നേടാനുള്ള എല്ലാ ചേരുവകളും ഈ ഇന്ത്യന്‍ ടീമിനുണ്ട്. അതുകൊണ്ടു തന്നെ അവര്‍ക്കു അതു സാധിച്ചില്ലെങ്കല്‍ അതു വലിയ അസ്വസ്ഥതയുണ്ടാക്കുമെന്നും ഗംഭീര്‍ വിശദമാക്കി.
ലീഗ് ഘട്ടത്തില്‍ ഇന്ത്യ ഇന്നു അവസാന മല്‍സരത്തില്‍ അസോസിയേറ്റ് ടീമായ നെതര്‍ലാന്‍ഡ്‌സിനെ നേരിടുകയാണ്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മല്‍സരം. കഴിഞ്ഞ എട്ടു മല്‍സരങ്ങളിലും ജയിച്ച് അപരാജിത കുതിപ്പ് നടത്തുന്ന ഇന്ത്യ ഡച്ചുകാരെയും തകര്‍ത്ത് ആത്മവിശ്വാസത്തോടെ തന്നെ സെമിയില്‍ ഇറങ്ങാനായിരിക്കും ശ്രമിക്കുക. ന്യൂസിലാന്‍ഡുമായുള്ള സെമി വരാനിരിക്കുന്നതിനാല്‍ ഇന്ത്യ ചിലര്‍ക്കു വിശ്രമം നല്‍കുമോയെന്നാണ് അറിയാനുള്ളത്.

അഞ്ചു തവന ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെ ആറു വിക്കറ്റിനു തകര്‍ത്തുകൊണ്ടാണ് ടൂര്‍ണമെന്റല്‍ രോഹിത്തും സംഘവും തുടങ്ങിയത്. രണ്ടാമത്തെ കളിയില്‍ അഫ്ഗാനിസ്താനെ എട്ടു വിക്കറ്റിനു കെട്ടുകെട്ടിച്ച ഇന്ത്യ മൂന്നാം റൗണ്ടില്‍ ചിരവൈരികളായ പാകിസ്താനെയും നിഷ്പ്രഭരാക്കി. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഏഴു വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
നാലാം റൗണ്ടില്‍ ബംഗ്ലാദശിനെയും ഏഴു വിക്കറ്റിനു തന്നെ ഇന്ത്യ കെട്ടുകെട്ടിച്ചു. ന്യൂസിലാന്‍ഡായിരുന്നു ഇന്ത്യയുടെ അടുത്ത എതിരാളികള്‍. ധര്‍മശാലയില്‍ നടന്ന കളിയില്‍ കിവികളെ നാലു വിക്കറ്റിനു ഇന്ത്യ മറികടക്കുകയായിരുന്നു.
ആറാം റൗണ്ടില്‍ നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെ 100 റണ്‍സിനു ഇന്ത്യ പരാജയപ്പെടുത്തി. ഇതിനു ശേഷം രണ്ടു വമ്പന്‍ ജയങ്ങളാണ് ഇന്ത്യ കൈക്കലാക്കിയത്. ശ്രീലങ്കയെ 302 റണ്‍സിനു നാണംകെടുത്തിയ ഇന്ത്യ കരുത്തരായ സൗത്താഫ്രിക്കയെ 243 റണ്‍സിനും മുക്കി.