അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെിരായ ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ ബാറ്റിങ് വന്‍ ദുരന്തമായി മാറിയിരിക്കുകയാണ്. നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ ഓസീസിന്റെ ഉജ്ജ്വല ബൗളിങിനും ഫീല്‍ഡിങിനു മുന്നില്‍ പതറുകയായിരുന്നു. കൃത്യമായ ഇവേളകളില്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്ന ഓസീസ് ബൗളര്‍മാര്‍ ഇന്ത്യയുടെ സ്‌കോറിങ് വളരെ ദുഷ്‌കരമാക്കി തീര്‍ക്കുകയായിരുന്നു.
മധ്യ ഓവറുകളില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ റണ്ണെടുക്കാന്‍ പാടുപെടുന്നത് ദയനീയ കാഴ്ച തന്നെയായിരുന്നു. ഇന്ത്യന്‍ ടീം ഏകദിനം തന്നെയാണോ കളിച്ചതെന്നു പോലും സംശയിക്കേണ്ടി വരും. അത്രയും സ്ലോയാലാണ് മധ്യ ഓവറുകളില്‍ ഇന്ത്യ ഓരോ റണ്‍സും അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ത്തത്. 97 ബോളുകളില്‍ ഒരു ബൗണ്ടറി പോലും ഇന്ത്യക്കു നേടാന്‍ സാധിച്ചില്ലെന്നതാണ് ഏറ്റവും നാണക്കേടുണ്ടാക്കുന്ന കാര്യം.

ആദ്യത്തെ പവര്‍പ്ലേയ്ക്കു ശേഷം 27ാമത്തെ ഓവര്‍ വരെ ഒരു ഫോര്‍ പോലും ഇന്ത്യക്കു നേടാന്‍ കഴിഞ്ഞില്ല. 10ാം ഓവറിലെ മൂന്നാമത്തെ ബോളില്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനെതിരേ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗണ്ടറി പായിച്ച ശേഷം ഇന്ത്യക്കു ബൗണ്ടറി ക്ഷാമമാണ് നേരിട്ടത്. രോഹിത് ഈ ഓവറിലും ശ്രേയസ് അയ്യര്‍ (4) തൊട്ടടുത്ത ഓവറിലും പുറത്തായ ശേഷം ഇന്ത്യ ബാക്ക് ഫൂട്ടിലേക്കു പോവുകയായിരുന്നു.
ഇന്ത്യ മൂന്നിനു 82 റണ്‍സിലേക്കു വീണ ശേഷമാണ് വിരാട് കോലിക്കു കൂട്ടായി കെഎല്‍ രാഹുല്‍ എത്തിയത്. അഗ്രസീവ് ക്രിക്കറ്റിലൂടെ ഓസീസിനെ പ്രതിരോധത്തിലാക്കുന്നതിനു പകരം വളരെ ഡിഫന്‍സീവായ ശൈലിയാണ് കോലിയും രാഹുലും സ്വീകരിച്ചത്. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് പരമാവധി സമയം ക്രീസില്‍ പിടിച്ചുനില്‍ക്കുകയെന്ന തന്ത്രമാണ് ഇവര്‍ സ്വീകരിച്ചത്. ഇതോടെ ഇന്ത്യയുടെ സ്‌കോറിങിനു വേഗത കുറയുകയും ചെയ്തു.
ബൗണ്ടറിയില്‍ കലാശിക്കേണ്ടിയിരുന്ന ചില ഷോട്ടുകള്‍ കോലിയും രാഹുലും പായിച്ചെങ്കിലും ഓസീസിന്റെ ഉജ്ജ്വല ഫീല്‍ഡിങിനു മുന്നില്‍ പലപ്പോഴും രണ്ടു റണ്‍സ് കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയായിരുന്നു. 10ാം ഓവറിലെ ബൗണ്ടറിക്കു ശേഷം ഇന്ത്യയുടെ അടുത്ത ബൗണ്ടറി കണ്ടത് 27ാമത്തെ ഓവറിലായിരുന്നു. മാക്‌സ്വെല്ലിന്റെ ഓവറില്‍ തന്നെയായിരുന്നു ഈ ബൗണ്ടറിയിും വന്നത്. 27ാം ഓവറിലെ രണ്ടാമത്തെ ബോളില്‍ രാഹുല്‍ ഫോര്‍ നേടുകയായിരുന്നു.

ഈ മല്‍സരത്തില്‍ 11നും 40നും ഓവറിനിടയില്‍ ഇന്ത്യക്കു നേടാനായത് വെറും രണ്ടു ഫോറുകള്‍ മാത്രമാണ്. ടൂര്‍ണമെന്റില്‍ ഇതുവരെ നടന്ന മല്‍സരങ്ങളെടുക്കുകയാണെങ്കില്‍ 11-40 ഓവറുകള്‍ക്കിടെ മറ്റൊരു ടീമും ഇത്ര കുറച്ചു ബൗണ്ടറികളടിച്ചിട്ടില്ല. അതു മാത്രമ ല്ല ഇതേ ഘട്ടത്തില്‍ ഒരു സിക്‌സര്‍ പോലും ടൂര്‍ണമെന്റില്‍ ഇന്ത്യക്കു നേടാനാവാതെ പോയതും ഇതാദ്യമായിട്ടാണ്.
ഓസീസിനു 241 റണ്‍സ് വിജയലക്ഷ്യം
ആറാം ലോക കിരീടമെന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാന്‍ ഓസ്‌ട്രേലിയക്കു വേണ്ടത് 241 റണ്‍സാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ 240 റണ്‍സിനു പുറത്താവുകയായിരുന്നു. 66 റണ്‍സെടുത്ത രാഹുലാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. കോലി 54 റണ്‍സും ക്യാപ്റ്റന്‍ രോഹിത് 47 റണ്‍സും നേടി.
മൂന്നു വിക്കറ്റുകളെടുത്ത മിച്ചെല്‍ സ്റ്റാര്‍ക്കും രണ്ടു വിക്കറ്റുകള്‍ വീതം പിഴുത ജോഷ് ഹേസല്‍വുഡും ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സും ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്തത്.