ബംഗളൂരു: ഏകദിന ലോകകപ്പിലെ അവസാന ലീഗ് മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ കസറുകയാണ് ഇന്ത്യ. നെതര്‍ലന്‍ഡ്‌സിനെതിരേ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റുചെയ്യുകയാണ്. ബംഗളൂരുവിലെ ചെറിയ മൈതാനത്ത് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെല്ലാം ഗംഭീര പ്രകടനം കാഴ്ചവെച്ചു. ആദ്യത്തെ അഞ്ച് ബാറ്റ്‌സ്മാന്‍മാരും അര്‍ധ സെഞ്ച്വറി നേടിയതോടെ ചരിത്ര റെക്കോഡിലേക്കാണ് ഇന്ത്യ എത്തിയിരിക്കുന്നത്. ഏകദിന ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു ടീമിന്റെ ആദ്യ അഞ്ച് ബാറ്റ്‌സ്മാന്‍മാരും ഫിഫ്റ്റി നേടുന്നത് ഇതാദ്യമായാണ്.
ഏകദിന ലോകകപ്പിന്റെ 48 വര്‍ഷത്തെ ചരിത്രം തിരുത്തിയാണ് ഇന്ത്യയുടെ നേട്ടം. ഏകദിന ചരിത്രത്തില്‍ ഇതിന് മുമ്പ് രണ്ട് തവണയാണ് ഒരു ടീമിലെ ആദ്യത്തെ അഞ്ച് ബാറ്റ്‌സ്മാന്‍മാരും ഫിഫ്റ്റി നേടുന്നത്. ശുബ്മാന്‍ ഗില്ലാണ് ആദ്യം അര്‍ധ സെഞ്ച്വറിയിലേക്കെത്തിയത്. 30 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കിയതോടെ ലോകകപ്പില്‍ വേഗ ഫിഫ്റ്റി നേടുന്ന ഇന്ത്യക്കാരില്‍ രണ്ടാം സ്ഥാനത്തേക്കെത്താന്‍ ഗില്ലിനായി. 32 പന്ത് നേരിട്ട് 3 ഫോറും 4 സിക്‌സും ഉള്‍പ്പെടെയാണ് ഗില്‍ 51 റണ്‍സ് നേടിയത്.
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പതിവ് വെടിക്കെട്ട് ആവര്‍ത്തിച്ചു. പവര്‍പ്ലേയില്‍ തല്ലിത്തകര്‍ത്ത രോഹിത് 54 പന്തില്‍ 8 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 61 റണ്‍സാണ് നേടിയത്. പുള്‍ ഷോട്ട് കളിച്ച രോഹിത്തിന് ടൈമിങ് പിഴച്ചപ്പോള്‍ സെഞ്ച്വറിയിലേക്കെത്താനാവാതെ മടങ്ങേണ്ടി വന്നു. അടുത്തത് വിരാട് കോലിയുടെ ഊഴമായിരുന്നു. ഐപിഎല്ലില്‍ ആര്‍സിബിയുടെ താരമായ കോലിക്ക് ബംഗളൂരുവില്‍ വലിയ അനുഭവസമ്പത്തുണ്ട്. അതുകൊണ്ടുതന്നെ വലിയ സ്‌കോര്‍ പ്രതീക്ഷിച്ചിരുന്നു.
കോലിയുടെ 50ാം സെഞ്ച്വറി പ്രതീക്ഷിച്ചിരുന്നെങ്കിലും 56 പന്തില്‍ 51 റണ്‍സുമായി കോലി മടങ്ങി. 5 ഫോറും 1 സിക്‌സുമാണ് കോലി നേടിയത്. പിന്നാലെ ശ്രേയസ് അയ്യരും കെ എല്‍ രാഹുലും അര്‍ധ സെഞ്ച്വറി പിന്നിട്ടതോടെയാണ് മറ്റൊരു ടീമിനുമില്ലാത്ത ലോക റെക്കോഡിലേക്ക് ഇന്ത്യയെത്തിയത്. ഇന്ത്യയുടെ ഏകദിന ചരിത്രത്തിലും ഇതാദ്യമായാണ് ഒരു മത്സരത്തില്‍ ആദ്യ അഞ്ച് താരങ്ങളും അര്‍ധ സെഞ്ച്വറി നേടുന്നത്.

ഇന്ത്യന്‍ താരങ്ങളെല്ലാം നിരവധി റെക്കോഡുകളാണ് നെതര്‍ലന്‍ഡ്‌സിനെതിരേ കുറിച്ചത്. നായകന്‍ രോഹിത് ശര്‍മ മുന്നില്‍ നിന്ന് ടീമിനെ നയിക്കുന്നു. തുടര്‍ച്ചയായി രണ്ട് ഏകദിന ലോകകപ്പുകളില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ബാറ്റ്‌സ്മാനാണ് രോഹിത്. രണ്ട് ലോകകപ്പുകളില്‍ ഈ നേട്ടത്തിലെത്തുന്ന താരങ്ങളില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പമെത്താനും രോഹിത്തിനായി. ലോകകപ്പില്‍ 120ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ 500ലധികം റണ്‍സ് നേടുന്ന ആദ്യ താരം കൂടിയാണ് രോഹിത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓപ്പണറായി 14000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ രോഹിത്തിനായി. ഒരു കലണ്ടര്‍ വര്‍ഷം ഏകദിനത്തില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന താരങ്ങളില്‍ രോഹിത് തലപ്പത്തേക്കെത്തി. 58 സെഞ്ച്വറി നേടിയ എബി ഡിവില്ലിയേഴ്‌സിന്റെ റെക്കോഡിനെയാണ് രോഹിത് മറികടന്നത്. ഏകദിന ലോകകപ്പില്‍ അഞ്ഞൂറിലധികം റണ്‍സ് നേടുന്ന ആദ്യത്തെ ഇന്ത്യന്‍ നായകനാണ് രോഹിത്. ഒരു ലോകകപ്പില്‍ കൂടുതല്‍ സിക്‌സര്‍, ബൗണ്ടറി എന്നീ നേട്ടങ്ങളിലെത്തുന്ന ക്യാപ്റ്റനായി മാറാനും രോഹിത്തിന് സാധിച്ചു.
വിരാട് കോലിയും മിന്നിച്ചു. ഈ ഏകദിന ലോകകപ്പില്‍ ഏഴാം തവണയാണ് കോലി ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടുന്നത്. ഇതോടെ ഒരു ലോകകപ്പില്‍ കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടുന്ന താരങ്ങളുടെ റെക്കോഡില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പമെത്താന്‍ കോലിക്ക് സാധിച്ചു. നിലവില്‍ ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്ത് നില്‍ക്കുന്നതും കോലിയാണ്. ഇത്തവണ ഇന്ത്യയുടെ ബാറ്റിങ് നട്ടെല്ലാണ് കോലിയെന്ന് നിസംശയം പറയാം.