ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യന്‍ ടീം ഫൈനലിലേക്കു കുതിച്ചെങ്കിലും ഒരു ഘട്ടത്തില്‍ രോഹിത് ശര്‍യും സംഘവും തോല്‍വി മണത്തിരുന്നതായി മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ ചൂണ്ടിക്കാട്ടി. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ ഷോയില്‍ മല്‍സരത്തെക്കുറിച്ച് വിശകലനം ചെയ്യുകയായിരുന്നു അദ്ദേഹം. മുംബൈയിലെ വാംഖഡെയില്‍ നടന്ന ആവേശകരമായ ആദ്യത്തെ സെമി ഫൈനലില്‍ 70 റണ്‍സിന്റെ വിജയമാണ് ഇന്ത്യന്‍ ടീം ആഘോഷിച്ചത്.
2019ലെ കഴിഞ്ഞ ലോകപ്പിന്റെ സെമി ഫൈനലില്‍ കിവികളോടേറ്റ തോല്‍വിക്കു ഇന്ത്യ കണക്കു തീര്‍ക്കുകയും ചെയ്തു. 398 റണ്‍സെന്ന അസാധ്യമായ വിജയലക്ഷ്യമായിരുന്നു കിവികള്‍ക്കു മുന്നില്‍ സെമിയില്‍ ഇന്ത്യ വച്ചത്. വിജയം അപ്രാപ്യമാണെന്നു അറിമായിരുന്നിട്ടും ന്യൂസിലാന്‍ഡിനു എളുപ്പം കീഴടങ്ങാന്‍ മനസ്സിലായിരുന്നു.

ഡാരില്‍ മിച്ചെലിന്റെ (134) സെഞ്ച്വറിയും നായകന്‍ കെയ്ന്‍ വില്ല്യംസണിന്റെ (69) ഫിഫ്റ്റിയുമെല്ലാം ഒരു ഘട്ടത്തില്‍ റെക്കോര്‍ഡ് ജയം സ്വപ്‌നം കാണാന്‍ ന്യൂസിലാന്‍ഡിനെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ 48.5 ഓവറില്‍ 327 റണ്‍സില്‍ അവര്‍ കാലിടറി വീഴുകയായിരുന്നു.
ടൂര്‍ണമെന്‍റിലെ ഇതു വരെയുള്ള മല്‍സരങ്ങളില്‍ ഇന്ത്യ ഏറ്റവുമധികം പരീക്ഷിക്കപ്പെട്ടതും സെമിയില്‍ തന്നെയായിരുന്നു. മധ്യ ഓവറുകളില്‍ വലിയ സമ്മര്‍ദ്ദത്തെ നേരിടേണ്ടി വന്നെങ്കിലും ഇതിനെ അതിജീവിച്ച് ഇന്ത്യ ജയിച്ചുകയറുകയായിരുന്നു.
വില്ല്യംസണും മിച്ചെലും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ ഘട്ടത്തിലാണ് ഇന്ത്യ ശരിക്കും വിറച്ചതെന്നു കുംബ്ലെ ചൂണ്ടിക്കാണിക്കുന്നു. കെയ്ന്‍ വില്ല്യംസണും ഡാരില്‍ മിച്ചെലും ഗംഭീരമായിട്ടാണ് ബാറ്റ് ചെയ്തത്. ഒരു ഘട്ടത്തില്‍ ഇവര്‍ ഇന്ത്യയെ കുഴപ്പത്തിലാക്കുകയും ചെയ്തു. എട്ട്- ഒമ്പത് ഓവറുകള്‍ കൂടി ഈ ജോടി ക്രീസില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഇന്ത്യയുടെ കാര്യം കഷ്ടത്തിലാവുമായിരുന്നു.
അങ്ങനെ വന്നാല്‍ അവസാനത്തെ 10 ഓവറുകളില്‍ 100-110 റണ്‍സ് വാംഖഡെയിലെ സ്റ്റേഡിയത്തില്‍ നേടിയെടുക്കാന്‍ അവര്‍ക്കു സാധിക്കുകയും ചെയ്യുമായിരുന്നു. ഐപിഎല്ലില്‍ നമ്മള്‍ ഇവിടെ ഇതു ഒരുപാട് തവണ കണ്ടിട്ടുള്ളതുമാണ്. വിക്കറ്റുകള്‍ കൈവശമുണ്ടെങ്കില്‍ ഇവിടെ അതു അത്ര പ്രശ്‌നമല്ലെന്നും കുംബ്ലെ വിലയിരുത്തി.
റണ്‍ചേസില്‍ ഓപ്പണര്‍മാരായ ഡെവന്‍ കോണ്‍വേയെയും രചിന്‍ രവീന്ദ്രയെയും എട്ടോവറുകള്‍ ആവുമ്പോഴേക്കും ന്യൂസിലാന്‍ഡിനു നഷ്ടമായിരുന്നു. അപ്പോള്‍ 39 റണ്‍സ് മാത്രമേ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നുള്ളൂ. തുടര്‍ന്നാണ് വില്ല്യംസണിനു കൂട്ടായി മിച്ചെലിന്റെ വരവ്. ഇന്ത്യയുടെ പേസ്-സ്പിന്‍ ആക്രമണത്തെ ഫലപ്രദമായി നേരിട്ട ഇരുവരും കിവികളെ വളരെ നന്നായി മുന്നോട്ടു നയിക്കുകയും ചെയ്തു.

181 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഈ ജോടി ഇന്ത്യയെ വിറപ്പിക്കവെയാണ് 33ാം ഓവറില്‍ ഇന്ത്യക്കു കാത്തിരുന്ന ബ്രേക്ക്ത്രൂ ലഭിക്കുന്നത്. വില്ല്യംസണിനെ മുഹമ്മദ് ഷമിയുടെ ബൗളിങില്‍ സൂര്യകുമാര്‍ യാദവ് പിടികൂടുകയായിരുന്നു. ഈ വിക്കറ്റ് വീണതോടെയാണ് കളിയിലേക്കു തിരിച്ചുവന്ന ഇന്ത്യ വിജയത്തിലേക്കു പൊരുതിക്കയറിയത്.
അതേസമയം, കുംബ്ലെയ്‌ക്കൊപ്പം ഷോയില്‍ പങ്കെടുത്ത ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ പ്രശംസിച്ചിരിക്കുകയാണ്. വില്ല്യംസണ്‍- മിച്ചെല്‍ ജോടി സെഞ്ച്വറി കൂട്ടുകെട്ടുമായി മല്‍സരം ഇന്ത്യയില്‍ നിന്നും തട്ടിയെടുക്കുമെന്നു തോന്നിച്ചപ്പോഴും രോഹിത് വളരെ ശാന്തനായാണ് കാണപ്പെട്ടതെന്നു ഹെയ്ഡന്‍ നിരീക്ഷിച്ചു.
മല്‍സരം വഴുതിപ്പോവാന്‍ രോഹിത് അനുവദിച്ചില്ല, അദ്ദേഹം പരിഭ്രാന്തനായതുമില്ല. അര മണിക്കൂറോളം കളിയില്‍ ഇന്ത്യയില്ലായിരുന്നു. 30 മിനിറ്റോളം മിച്ചെല്ലും വില്ല്യംസണും മികച്ച ബാറ്റിങായിരുന്നു കാഴ്ചവച്ചത്. മിച്ചെലിനു മികച്ച പിന്തുണയായിരുന്നു വില്ല്യംസണ്‍ നല്‍കിയത്.
പക്ഷെ ഇതോന്നും ഇന്ത്യയെ കാര്യമായി ബാധിക്കാതെ നോക്കാന്‍ രോഹിത്തിനു കഴിഞ്ഞു. രണ്ട്- മൂന്ന് വിക്കറ്റുകള്‍ തുടര്‍ച്ചയായി നേടിയ ശേഷം ഇന്ത്യ മല്‍സരം തങ്ങളുടെ വരുതിയിലേക്കു മാറ്റിയതായും ഹെയ്ഡന്‍ വിലയിരുത്തി.