ലോകകപ്പിന്റെ എട്ടാം റൗണ്ട് പോരാട്ടത്തില്‍ സൗത്താഫ്രിക്കയെയും വാരിക്കളഞ്ഞ് തങ്ങളുടെ ആധിപത്യം ഒന്നുകൂടി അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് ടീം ഇന്ത്യ. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന കളിയില്‍ സൗത്താഫ്രിക്കയെ 243 റണ്‍സിനാണ് ഇന്ത്യ തുരത്തിയത്. ഈ ലോകകപ്പില്‍ റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വിജയം കൂടിയാണിത്. നേരത്തേ ശ്രീലങ്കയെ 302 റണ്‍സിനു ഇന്ത്യ മുക്കിയിരുന്നു.
തുടര്‍ച്ചയായ എട്ടാമത്തെ വിജയത്തോടെ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാവും ഇന്ത്യ ഉറപ്പിച്ചിരിക്കുകയാണ്. 16 പോയിന്റുമായാണ് ഇന്ത്യ തലപ്പത്തുളളത്. നെറ്റ് റണ്‍ റേറ്റും ഇന്ത്യ കൂടുതല്‍ മെച്ചപ്പെടുത്തയിരിക്കുകയാണ്. നേരത്തേ രണ്ടില്‍ താഴെയായിരുന്നു ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ്. ഇപ്പോള്‍ അതു +2.456 ലേക്കു കുതിച്ചിരിക്കുകയാണ്. നേരത്തേ രണ്ടിനു മുകളിലുണ്ടായിരുന്ന സൗത്താഫ്രിക്കയുടെ നെറ്റ് റണ്‍റേറ്റ് വന്‍ തോല്‍വിയോടെ ഒറ്റയടിക്കു താഴേക്കും വീണു (+1.376).

ഇന്ത്യക്കൊപ്പം തന്നെ സൗത്താഫ്രിക്കയും നേരത്തേ സെമിയിലേക്കു യോഗ്യത നേടിയതാണ്. 12 പോയിന്റാണ് അവരുടെ സമ്പാദ്യം. രണ്ടു മല്‍സരം കുറച്ചു കളിച്ച ഓസ്‌ട്രേലിയയാണ് 10 പോയിന്റുമായി മൂന്നാംസ്ഥാനത്ത്. സൗത്താഫ്രിക്കയ്ക്കും ഓസീസിനും ഇനി പരമാവധി നേടാവുന്നത് 14 പോയിന്റാണ്. ഈ കാരണത്താല്‍ തന്നെയാണ് ഇന്ത്യ ഒന്നാംസ്ഥാനം ഭദ്രമാക്കിയത്.
ഈ മാസം 15നു മുംബൈയില്‍ നടക്കാനിരിക്കുന്ന ആദ്യ സെമി ഫൈനലിലാണ് ഇന്ത്യ കളിക്കുക. ഈ പോരാട്ടത്തിലെ എതിരാളികളെയാണ് ഇനി അറിയാനുള്ളത്. പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്യുന്ന ടീമായിരിക്കും ഇന്ത്യയുടെ എതിരാളികള്‍. സൗത്താഫ്രിക്കയും ഓസീസും നാലാംസ്ഥാനത്തേക്കു പിന്തള്ളപ്പെടാന്‍ സാധ്യതയില്ല.
വലിയ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇരുവരും രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ തന്നെയാവും ഫിനിഷ് ചെയ്യുക. അങ്ങനെ സംഭവിച്ചാല്‍ സെമിയിലും ഇവര്‍ തന്നെയാണ് മുഖാമുഖം വരിക. 19നു നടക്കാനിരിക്കുന്ന ഫൈനലില്‍ ഇന്ത്യയുടെ എതിരാളികളും ഓസീസ്, സൗത്താഫ്രിക്ക എന്നിവരിലൊരു ടീമായിരിക്കും.

വാംഖഡെയില്‍ നടക്കാനിരിക്കുന്ന സെമി ഫൈനലില്‍ ഇന്ത്യയുടെ എതിരാളിയാവാന്‍ സാധ്യതയുള്ള ടീമുകള്‍ ന്യൂസിലാന്‍ഡ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നീ മൂന്നു ടീമുകളിലൊന്നാണ്. ഇവര്‍ക്കെല്ലാം എട്ടു പോയിന്റാണുള്ളത്. പക്ഷെ ന്യൂസിലാന്‍ഡിനും പാകിസ്താനും ഇനി ഓരോ കളിയാണ് ബാക്കിയുള്ളതെങ്കില്‍ അഫ്ഗാനു രണ്ടു മല്‍സരങ്ങളുണ്ട്. ന്യൂസിലാന്‍ഡിന്റെ നെറ്റ് റണ്‍റേ് +1.398ഉം പാകിസ്താന്റേത് +0.036ഉം അഫ്ഗാന്റേത് -0.330ഉം ആണ്.
അവസാന മല്‍സരത്തില്‍ ന്യൂസിലാന്‍ഡ് ശ്രീലങ്കയെയും പാകിസ്താന്‍ ഇംഗ്ലണ്ടിനെയുമാണ് നേരിടുക, സെമിയിലെത്താന്‍ ഇരുടീമുകള്‍ക്കും ജയിച്ചേ തീരൂ. രണ്ടു ടീമും ജയിച്ചാല്‍ നെറ്റ് റണ്‍ റേറ്റായിരിക്കും സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുക.നിലവില്‍ പാകിസ്താനേക്കാള്‍ മികച്ച നെറ്റ് റണ്‍റേറ്റ് കിവീസിനാണ്. അതുകൊണ്ടു തന്നെ വലിയൊരു മാര്‍ജിനില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തുവിടാനായാല്‍ മാത്രമേ പാകിസ്താന്‍ സെമി കാണുകയുള്ളൂ.
അഫ്ഗാനിസ്താനെയും വില കുറച്ചു കാണാന്‍ സാധിക്കില്ല. പക്ഷെ രണ്ടു ദുഷ്‌കരമായ മല്‍സരങ്ങളാണ് അവര്‍ക്കു ഇനി ബാക്കിയുള്ളത്. ചൊവ്വാഴ്ച ഓസ്‌ട്രേലിയയുമായിട്ടാണ് അവരുടെ അടുത്ത മല്‍സരം. അതിനു ശേഷം 10നു അവസാനത്തെ ലീഗ് മല്‍സരത്തില്‍ സൗത്താഫ്രിക്കയെയും അഫ്ഗാന്‍ നേരിടും. ഈ രണ്ടു മല്‍സരങ്ങളിലും അഫ്ഗാന്‍ തോറ്റാല്‍ സെമി ഫൈനലിനായുള്ള പിടിവലി ന്യൂസിലാന്‍ഡും പാകിസ്താനും തമ്മിലായിരിക്കും.