കൊല്‍ക്കത്ത: ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുകയാണ്. ഇന്ത്യയെ വീഴ്ത്തുമെന്ന് കരുതിയ ദക്ഷിണാഫ്രിക്കയേയും തകര്‍ത്ത് തുടര്‍ച്ചയായ എട്ടാം ജയത്തോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. ഇത്തവണ ഇന്ത്യ കപ്പടിക്കുമെന്ന ആരാധക പ്രതീക്ഷ സജീവമാക്കിയാണ് ടീമിന്റെ കുതിപ്പ്. രോഹിത് ശര്‍മയെന്ന നായകന് കീഴില്‍ ഒത്തിണക്കത്തോടെ കളിക്കാന്‍ ഇന്ത്യക്കാവുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ടീം ഒന്നിനൊന്ന് മികച്ച പ്രകടനം നടത്തുന്നു.
എതിരാളികളെ തകര്‍ത്തെറിഞ്ഞ് കുതിക്കുന്ന ഇന്ത്യക്ക് സെമി കടമ്പ മറികടക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. ഇന്ത്യയുടെ നിലവിലെ പ്രകടനം വിലയിരുത്തി കപ്പുറപ്പിക്കാനാവുമോ?. ഇല്ലെന്നുള്ളതാണ് വാസ്തവം. അതിനൊരു കാരണമുണ്ട്. കഴിഞ്ഞ ലോകകപ്പുകളിലെല്ലാം ഇത്തവണത്തേതിന് സമാനമായ വിജയക്കുതിപ്പാണ് ഇന്ത്യ നടത്തിയത്. എന്നാല്‍ അതിലൊന്നും കപ്പിലേക്കെത്താന്‍ ഇന്ത്യക്കായിട്ടില്ലെന്നതാണ് കൗതുകകരമായ കാര്യം.
അതുകൊണ്ടുതന്നെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായതിനാല്‍ ഇന്ത്യ കപ്പിലേക്കെത്തുമെന്ന് പറയാനാവില്ല. 2015ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയായിരുന്നു ഗ്രൂപ്പുഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തെത്തിയത്. എന്നാല്‍ ഓസ്‌ട്രേലിയയാണ് ഈ ലോകകപ്പില്‍ കിരീടം നേടിയത്. 2019ലെ ഏകദിന ലോകകപ്പിലേക്ക് വരുമ്പോഴും ഇന്ത്യയുടെ കുതിപ്പാണ് കണ്ടത്. ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമി കളിച്ചത്. ഇത് പരിശോധിക്കുമ്പോള്‍ ഇത്തവണത്തെ ഇന്ത്യയുടെ കുതിപ്പും നിരാശയില്‍ അവസാനിക്കാനാണ് സാധ്യത.
രണ്ട് ലോകകപ്പുകളിലും സെമി ഫൈനലിലാണ് ഇന്ത്യ പുറത്തായത്. ഇത്തവണയും സെമിയില്‍ ഇന്ത്യ പുറത്താകുമോയെന്നതാണ് ആശങ്കയായി നിലനില്‍ക്കുന്നത്. ഒരു ലോകകപ്പില്‍ തുടര്‍ച്ചയായി ഇന്ത്യ എട്ട് ജയം നേടുന്നത് ഇത് രണ്ടാം തവണയാണ്. 2003ലാണ് ഇതിന് മുമ്പ് എട്ട് തുടര്‍ ജയങ്ങള്‍ ഇന്ത്യ നേടിയത്. സൗരവ് ഗാംഗുലിക്ക് കീഴിലായിരുന്നു ഇന്ത്യയുടെ വിജയക്കുതിപ്പ്. എന്നാല്‍ 2003ല്‍ ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റാണ് ഇന്ത്യ പുറത്തായത്.

ഇത്തവണ ഇന്ത്യ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്യുമ്പോള്‍ എതിരാളികളായി ന്യൂസീലന്‍ഡ്, പാകിസ്താന്‍ എന്നിവരിലൊരു ടീം എത്താനാണ് സാധ്യത. 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ സെമിയില്‍ പുറത്താക്കിയത് ന്യൂസീലന്‍ഡാണ്. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക സെമി സംഭവിക്കാനാണ് സാധ്യത കൂടുതല്‍. ന്യൂസീലന്‍ഡ് പുറത്തായി പകരം ആ സ്ഥാനത്ത് പാകിസ്താന്‍ നാലാം സ്ഥാനക്കാരായി സെമി കളിച്ചാല്‍ ഇന്ത്യക്ക് ആത്മവിശ്വാസമാവും.
പാകിസ്താനെതിരേ ഇന്ത്യയുടെ കണക്കുകള്‍ മികച്ചതാണ്. ഇതുവരെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താനായിട്ടില്ല. അതുകൊണ്ടുതന്നെ പാകിസ്താനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കാവുമെന്ന ആത്മവിശ്വാസം ഇന്ത്യക്കുണ്ട്. എന്നാല്‍ പാകിസ്താന്‍ സെമിയിലേക്കെത്താന്‍ സാധ്യത വളരെ കുറവാണ്. ന്യൂസീലന്‍ഡ് തന്നെയാവും സെമിയില്‍ ഇന്ത്യയുടെ എതിരാളികളാവുക. അങ്ങനെ വന്നാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.
എന്നാല്‍ ഇത്തവണ ലോകകപ്പ് ഇന്ത്യയുടെ തട്ടകത്തിലാണെന്നതാണ് എടുത്തു പറയേണ്ട കാര്യം. അതുകൊണ്ടുതന്നെ അവസാന രണ്ട് ലോകകപ്പുകളിലും സംഭവിച്ച ദുരന്തം ഇത്തവണ ഇന്ത്യക്ക് സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കാം. രോഹിത് ശര്‍മയെന്ന നായകനില്‍ എല്ലാവര്‍ക്കും വലിയ പ്രതീക്ഷയുണ്ട്. ഭാഗ്യം പല തവണ സഹായിച്ചിട്ടുള്ള നായകനാണ് രോഹിത്. അതുകൊണ്ടുതന്നെ സെമിയിലെ നിര്‍ഭാഗ്യത്തെ മറികടക്കാന്‍ രോഹിത്തിലൂടെ ഇന്ത്യക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.
2011ല്‍ ഇന്ത്യ പാകിസ്താനെ സെമിയില്‍ തോല്‍പ്പിച്ചാണ് ഫൈനല്‍ കളിച്ചത്. ഫൈനലില്‍ ശ്രീലങ്കയേയും തോല്‍പ്പിച്ചിരുന്നു. ഇത്തവണ 2011 ആവര്‍ത്തിക്കാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. ഇത്തവണ കപ്പിലേക്കെത്താന്‍ സാധിക്കാതെ പോയാല്‍ ഇത്രയും ദിവസം വാഴ്ത്തിയവരെല്ലാം രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തുമെന്നുറപ്പ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് തട്ടകത്തില്‍ കപ്പില്‍ കുറഞ്ഞൊന്നും ചിന്തിക്കാനാവില്ല.