ഹാട്രിക് വിജയവുമായി ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീം പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറിയിരിക്കുകയാണ്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ചിരവൈരികളായ പാകിസ്താനെതിരേയുള്ള വന്‍ മാര്‍ജിനിലുള്ള ജയമാണ് ടൂര്‍ണമെന്റില്‍ ഇതാദ്യമായി ഇന്ത്യയെ ഒന്നാമതെത്തിച്ചിരിക്കുന്നത്. നെറ്റ് റണ്‍റേറ്റ് വളരെയധികം മെച്ചപ്പെടുത്താനും ഈ വിജയം രോഹിത് ശര്‍മയെയും സംഘത്തയും സഹായിച്ചു.
കളിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ച ഇന്ത്യക്കും ന്യൂസിലാന്‍ഡിനും ആറു പോയിന്റ് വീതമാണുള്ളത്. എന്നാല്‍ മികച്ച നെറ്റ് റണ്‍റേറ്റ് കിവികളെ മറികടക്കാന്‍ ഇ്ന്ത്യയെ സഹായിക്കുകയായിരുന്നു. +1.821 എന്ന മികച്ച നെറ്റ് റണ്‍റേറ്റ് ഇപ്പോള്‍ ഇന്ത്യക്കുണ്ട്. ന്യൂസിലാന്‍ഡിന്റെ നെറ്റ് റണ്‍റേറ്റാവട്ടെ +1.604 ആണ്. പക്ഷെ ഇന്ത്യയുടെ ഒന്നാംസ്ഥാനത്തിനു രണ്ടു ദിവസത്തെ ആയുസ് മാത്രമേ ഉണ്ടാവാന്‍ സാധ്യതയുള്ളൂ. കാരണം നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യ, ന്യൂസിലാന്‍ഡ് ടീമുകളേക്കാള്‍ ബഹുദൂരം മുന്നിലാണ് സൗത്താഫ്രിക്ക. +2.360 എന്ന ഞെട്ടിക്കുന്ന നെറ്റ് റണ്‍റേറ്റ് അവര്‍ക്കുണ്ട്.

ചൊവ്വാഴ്ച അസോസിയേറ്റ് ടീമായ നെതര്‍ലാന്‍ഡ്‌സുമായാണ് സൗത്താഫ്രിക്കയുടെ മൂന്നാം റൗണ്ട് മല്‍സരം. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ സൗത്താഫ്രിക്ക വലിയമൊരു മാര്‍ജിനില്‍ ഈ കളിയും ജയിക്കുമെന്നുറപ്പാണ്. അങ്ങനെ സംഭവിച്ചാല്‍ നിലവില്‍ മൂന്നാംസഥാനത്തുള്ള അവര്‍ രണ്ടു സ്ഥാനം മെച്ചപ്പെടുത്തി തലപ്പത്തേക്കു കയറും. ഇന്ത്യക്കും ന്യൂസിലാന്‍ഡിനും രണ്ടും മൂന്നും സ്ഥാനങ്ങളിലേക്കു ഇറങ്ങേണ്ടതായും വരും.
സൗത്താഫ്രിക്കയെ നെതര്‍ലാന്‍ഡ്‌സ് അട്ടിമറിക്കുകയാണെങ്കില്‍ ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും ഒന്നാംസ്ഥാനത്തിനു ഇളക്കം തട്ടില്ല. പക്ഷെ നിലവിലെ ഫോം കണക്കിലെടിക്കുമ്പോള്‍ സൗത്താഫ്രിക്കയെ ഡച്ച് ടീം വീഴ്ത്തുന്ന കാര്യം സംശയമാണ്. ശ്രീലങ്ക, ഓസ്‌ട്രേലിയ എന്നിവരെ നിഷ്പ്രഭരാക്കിയാണ് കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും സൗത്താഫ്രിക്ക ജയിച്ചുകയറിയത്.
പാകിസ്താനെതിരേ ഇന്ത്യയുടെ മിന്നുന്ന വിജയം കാരണം യഥാര്‍ഥത്തില്‍ ഏറ്റവും സന്തോഷിക്കുക നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടാണ്. കാരണം ടൂര്‍ണമെന്റില്‍ ആദ്യമായി ടോപ്പ് ഫോറിലേക്കു കയറാനുള്ള അവസരം കൂടിയാണ് അവര്‍ക്കു ഇന്ത്യ ഒരുക്കി നല്‍കിയത്. നിലവില്‍ നാലു പോയിന്റോടെ പാകിസ്താന്‍ നാലാമതും ഒരു മല്‍സരം കുറച്ചു കളിച്ച ഇംഗ്ലണ്ട് അഞ്ചാമതുമാണ്.
പക്ഷെ നെറ്റ് റണ്‍റേറ്റ് താരതമ്യം ചെയ്താല്‍ പാകിസ്താന്‍ ടീമിന്റേത് വളരെ മോശമാണെന്നു കാണാം. -0.137 എന്നതാണ് പാകിസ്താന്റെ നെറ്റ് റണ്‌റേറ്റ്. ഇന്ത്യക്കെതിരായ ഏകപക്ഷീയമായ പരാജയമാണ് അവരുടെ നെറ്റ് റണ്‍റേറ്റ് ഇത്രയും പരിതാപകരമായ അവസ്ഥയിലെത്തിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ പാകിസ്താന്‍ ടോപ്പ് ഫോറില്‍ നിന്നും പുറത്താവാനും ഇംഗ്ലണ്ട് നാലാംസ്ഥാനത്തേക്കു കയറാനുമുള്ള സാധ്യത വര്‍ധിക്കുകയും ചെയ്തിരിക്കുകയാണ്.

നാളെ (ഞായര്‍) അഫ്ഗാനിസ്താനെതിരേയാണ് ഇംഗ്ലണ്ടിന്റെ മൂന്നാംറൗണ്ട് മല്‍സരം. അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കില്‍ ഈ കളിയില്‍ ജയം ഇംഗ്ലണ്ടിനു തന്നെയായിരിക്കും. അങ്ങനെ സംഭവിച്ചാല്‍ മികച്ച നെറ്റ് റണ്‍റേറ്റുള്ളതിനാല്‍ പാകിസ്താനെ അഞ്ചാംസ്ഥാനത്തേക്കു പിന്തള്ളി നാലാംസ്ഥാനത്തക്കും ഇംഗ്ലണ്ട് കയറും. അതുകൊണ്ടു തന്നെ ഇംഗ്ലണ്ടിനെതിരേ അഫ്ഗാനിസ്താന്റെ അട്ടിമറി ജയമായിരിക്കും പാകിസ്താന്‍ ടീം ആഗ്രഹിക്കുക.
അതേസമയം, ലോകകപ്പില്‍ പാകിസ്താനെതിരേ തുടര്‍ച്ചയായ എട്ടാമത്തെ വിജയമാണ് ഇന്ത്യ ഇന്നു സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട പാക് പടയെ ഇന്ത്യ വെറും 191 റണ്‍സില്‍ ഓള്‍ഔട്ടാക്കി. മറുപടിയില്‍ 30.3 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. 63 ബോളില്‍ ആറു വീതം ഫോറും സിക്‌സറുമടക്കം 86 റണ്‍സ് വാരിക്കൂട്ടിയ നായകന്‍ രോഹിത്താണ് ഇന്ത്യന്‍ ജയം വേഗത്തിലാക്കിയത്.