ലോകകപ്പില്‍ ടീം ഇന്ത്യയുടെ പടയോട്ടം തടയാന്‍ കഴിഞ്ഞ തവണത്തെ റണ്ണറപ്പായ ന്യൂസിലാന്‍ഡിനുമായില്ല. അപരാജിതര്‍ തമ്മിലുള്ള പോരാട്ടത്തില്‍ കിവികളുടെയും ചിറകരിഞ്ഞ് രോഹിത് ശര്‍മയും സംഘവും മുന്നേറി. ആവേശകരമായ മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനെ നാലു വിക്കറ്റിനാണ് ഇന്ത്യ കെട്ടുകെട്ടിച്ചത്. ഇതോടെ ഇത്തവണ പരാജയമറിയാത്ത ഏക ടീമെന്ന റെക്കോര്‍ഡും ഇന്ത്യ നിലനിര്‍ത്തി.
ധര്‍മശാലയില്‍ നടന്ന മല്‍സരത്തില്‍ കാര്യമായ വെല്ലുവിളിയില്ലാതെയാണ് ഇന്ത്യ ജയിച്ചുകയറിയത്. 274 റണ്‍സിന്റെ അത്ര എളുപ്പമല്ലാത്ത വിജയലക്ഷ്യമാണ് കിവികള്‍ ഇന്ത്യക്കു നല്‍കിയത്. ചേസ് മാസ്റ്റര്‍ വിരാട് കോലി 95 റണ്‍സുമായി മുന്നില്‍ നിന്നു പട നയിച്ചപ്പോള്‍ രണ്ടോവറുകള്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റിനു ഇന്ത്യ ലക്ഷ്യത്തിലെത്തുകയായിരുന്നു. കോലിയെക്കൂടാതെ 46 റണ്‍സെടുത്ത രോഹിത്താണ് മറ്റൊരു പ്രധാന സ്‌കോറര്‍.

ഈ വിജയം പോയിന്റ് പട്ടികയില്‍ ഇന്ത്യയെ വീണ്ടും തലപ്പത്തേക്കു എത്തിച്ചിരിക്കുകയാണ്. നേരത്തേ ഒന്നാമതുണ്ടായിരുന്ന ന്യൂസിലാന്‍ഡിനെ പിന്തള്ളിയാണ് ഇന്ത്യ ഈ നേട്ടം കൈക്കലാക്കിയത്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 10 പോയിന്റാണ് ഇപ്പോള്‍ ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. എട്ടു പോയിന്റോടെ ന്യൂസിലാന്‍ഡ് രണ്ടാംസ്ഥാനത്തും ഒരു മല്‍സരം കുറച്ചുകളിച്ച സൗത്താഫ്രിക്ക ആറു പോയിന്റുായി മൂന്നാമതും നില്‍ക്കുന്നു.
കിവികളെ വീഴ്ത്തിയെങ്കിലും ഒരു കാര്യത്തില്‍ ഇന്ത്യക്കു തീര്‍ച്ചയായും നിരാശയുണ്ടാവും. നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നതു തന്നെയാണ് ഇതിനു കാരണം. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ ഇന്ത്യക്കു ഇപ്പോഴും മൂന്നാംസ്ഥാനം മാത്രമേയുള്ളൂ.
+1.353 എന്ന നെറ്റ് റണ്‍റേറ്റാണ് ഇന്ത്യക്കുള്ളത്. രണ്ടാംസ്ഥാനക്കാരായ ന്യൂസിലാന്‍ഡിനു +1.481 എന്ന നെറ്റ് റണ്‍റേറ്റുണ്ട്. മൂന്നാമതുള്ള സൗത്താഫ്രിക്കയാണ് നെറ്റ് റണ്‍റേറ്റിലെ ഒന്നാംസ്ഥാനക്കാര്‍. +2.212 എന്ന അതിശയിപ്പിക്കുന്ന നെറ്റ് റണ്‍റേറ്റ് അവര്‍ക്കുണ്ട്.
നെറ്റ് റണ്‍റേറ്റില്‍ ന്യൂസിലാന്‍ഡിനെ പിന്തള്ളാന്‍ ഇന്ത്യക്കായില്ലെന്നത് നിരാശാജനകമാണ്. കഴിഞ്ഞ മല്‍സരത്തില്‍ കുറേക്കൂടി വേഗത്തില്‍ റണ്‍ചേസ് നടത്തിയിരുന്നെങ്കില്‍ ഇന്ത്യക്കു നെറ്റ് റണ്‍റേറ്റില്‍ കിവികളെ പിന്തള്ളാന്‍ കഴിയുമായിരുന്നു. 274 റണ്‍സ് ചേസ് ചെയ്യാന്‍ 48 ഓവറുകള്‍ ഇന്ത്യക്കു ആവശ്യമായി വന്നു.
അതായത് 288 ബോളുകളാണ് വിജയം കുറിക്കാന്‍ ഇന്ത്യക്കു വേണ്ടി വന്നത്. ഇതാണ് നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യക്കു തിരിച്ചടിയായത്. നാല്- അഞ്ച് ഓവറുകള്‍ മുമ്പെങ്കിലും വിജയം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ മികച്ച നെറ്റ് റണ്‍റേറ്റ് നേടാന്‍ ഇന്ത്യക്കു സാധിക്കുമായിരുന്നു.

നെറ്റ് റണ്‍റേറ്റില്‍ പിറകിലായതിനാല്‍ തന്നെ ഇന്ത്യയുടെ ഒന്നാംസ്ഥാനം ഭദ്രമല്ലെന്നു പറയേണ്ടി വരും. അടുത്ത മല്‍സരരത്തിനു മുമ്പ് അതു തെറിക്കാനുള്ള് സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയുടെ അടുത്ത മല്‍സരം വരാനിരിക്കുന്ന ഞായറാഴ്ച നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടുമായിട്ടാണ്. എന്നാല്‍ ന്യൂസിലാന്‍ഡ് അതിനും മുമ്പ് ആറാംറൗണ്ട് മല്‍സരം കളിക്കും. അടുത്ത ശനിയാഴ്ച ഓസ്‌ട്രേലിയയുമായാണ് കിവികള്‍ കൊമ്പുകോര്‍ക്കുന്നത്.
അടുത്ത മല്‍സരത്തില്‍ ഓസീസിനെ മികച്ചൊരു മാര്‍ജിനില്‍ ന്യൂസിലാന്‍ഡ് തോല്‍പ്പിക്കുകയാണെങ്കില്‍ ഇന്ത്യയുടെ ഒന്നാംസ്ഥാനം തെറിക്കും. കിവികള്‍ തലപ്പത്തേക്കു വരികയും ചെയ്യും. സൗത്താഫ്രിക്കയും ഒന്നാമതെത്താനുളള സാധ്യത തള്ളാന്‍ കഴിയില്ല. പക്ഷെ ഇന്ത്യക്കു രണ്ടു കളിയിലും ന്യൂസിലാന്‍ഡിനു ഒരു മല്‍സരത്തിലും പിഴച്ചാല്‍ മാത്രമേ അതു സംഭവിക്കുകയുള്ളൂ.
നെറ്റ് റണ്‍റേറ്റില്‍ പിറകിലാണെങ്കിലും അതു ഇന്ത്യയുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്കു തിരിച്ചടിയാവുന്നില്ല. കാരണം സെമി ഫൈനലിനു തൊട്ടരികില്‍ നില്‍ക്കുകയാണ് ഇന്ത്യ. ശേഷിക്കുന്ന നാലു മല്‍സരങ്ങളില്‍ ഒന്നിലെങ്കിലും ജയിക്കാനായാല്‍ ഇന്ത്യക്കു സെമി ഏറെക്കുറെ ഉറപ്പിക്കാം. രണ്ടെണ്ണം ജയിച്ചാല്‍ ഇന്ത്യ തീര്‍ച്ചയായും സെമി കളിക്കും. പക്ഷെ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനത്തെക്കുറിച്ച് മാത്രമേ ഇന്ത്യക്കു ഇപ്പോള്‍ ആശങ്കയുള്ളൂ.