ലോകകപ്പില്‍ മിന്നുന്ന പ്രകടനവുമായി വിജയക്കുതിപ്പ് നടത്തവെ അപ്രതീക്ഷിത തിരിച്ചടിയാണ് ടീം ഇന്ത്യക്കു നേരിട്ടിരിക്കുന്നത്. പരിക്കു കാരണം സ്റ്റാര്‍ ഓള്‍റൗണ്ടറും വൈസ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യക്കു അടുത്ത മല്‍സരത്തില്‍ നഷ്ടമായിരിക്കുകയാണ്. ഞായറാഴ്ച ന്യൂസിലാന്‍ഡിനെതിരേ നടക്കാനിരിക്കുന്ന അഞ്ചാം റൗണ്ട് മല്‍സരത്തില്‍ അദ്ദേഹത്തിനു കളിക്കാന്‍ സാധിക്കില്ലെന്നു ഉറപ്പായിരിക്കുകയാണ്.
29നു ഇംഗ്ലണ്ടുമായുള്ള ആറാം റൗണ്ട് മല്‍സരത്തില്‍ ഹാര്‍ദിക്കിനു തിരിച്ചെത്താന്‍ കഴിഞ്ഞേക്കുമെന്നാണ് വിവരം. പക്ഷെ ഇക്കാര്യം ഉറപ്പിക്കാന്‍ സാധിക്കില്ല. ബംഗ്ലാദേശിനെതിരേ പൂനെയില്‍ നടന്ന കഴിഞ്ഞ കളിക്കിടെയാണ് ഫോളോത്രൂവിനു ഇടയില്‍ ഒരു ഷോട്ട് തടയാന്‍ ശ്രമിക്കവെ അടിതെറ്റി വീണ് ഹാര്‍ദിക്കിന്റ കണംകാലിനു പരിക്കേറ്റത്. തുടര്‍ന്നു ഓവര്‍ പൂര്‍ത്തിയാക്കാനാവാതെ ഗ്രൗണ്ട് വിട്ട അദ്ദേഹം ആശുപത്രിയിലെത്തി സ്‌കാനിങിനും വിധേയനായിരുന്നു.

ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നു ന്യൂസിലാന്‍ഡുമായുള്ള അടുത്ത മല്‍സരത്തില്‍ നിന്നും ഹാര്‍ദിക് പിന്‍മാറുകയുമായിരുന്നു. വരാനിരിക്കുന്ന മല്‍സരങ്ങളില്‍ അദ്ദേഹത്തിന്റെ സേവനം നഷ്ടമായാല്‍ അതു ഇന്ത്യക്കു വലിയ തിരിച്ചടി തന്നെയായിരിക്കും. ഇതിന്റെ കാരണങ്ങളറിയാം.
ഹാര്‍ദിക്കിന്റെ അഭാവം ടീം ബാലന്‍സിനെ ബാധിക്കുമെന്നതാണ് ആദ്യത്തെ കാരണം. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയെ സംബന്ധിച്ച് പകരം വയ്ക്കാനില്ലാത്ത താരം തന്നെയാണ് അദ്ദേഹം. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും ഒരുപോലെ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന ലോകത്തിലെ തന്നെ ചുരുക്കം താരങ്ങളിലൊരാള്‍ കൂടിയാണ് ഹാര്‍ദിക്. ഇന്നിങ്‌സിന്റെ ഏതു ഘട്ടത്തിലും ബൗള്‍ ചെയ്യാനുള്ള ശേഷി അദ്ദേഹത്തിനുണ്ട്. പവര്‍പ്ലേയിലും മധ്യ ഓവറുകളിലും ആവശ്യമെങ്കില്‍ ഡെത്ത് ഓവറുകളിലും ബൗള്‍ ചെയ്യാന്‍ ഹാര്‍ദിക് റെഡിയാണ്.
ബാറ്റിങിലും നിര്‍ണായക ഇന്നിങ്‌സുകളുമായി മല്‍സരഗതി മാറ്റി മറിക്കാന്‍ അദ്ദേഹം മിടുക്കനാണ്. ഹാര്‍ദിക്കിന്റെ ബാക്കപ്പായി നിലവില്‍ ഒരു സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഇന്ത്യന്‍ ടീമിലില്ല. അതുകൊണ്ടു തന്നെ അദ്ദേഹം പുറത്തിരിക്കുകയാണെങ്കില്‍ പകരം ആരെ കളിപ്പിക്കുമെന്നത് ഇന്ത്യയെ കുഴപ്പിക്കും. ഒരു അധിക ബാറ്ററെയോ, ബൗളറെയോ കളിപ്പിക്കുക മാത്രമാണ് ഇന്ത്യക്കു മുന്നിലുള്ള ഓപ്ഷനുകള്‍.
നിര്‍ണായകമായ ചില വമ്പന്‍ മല്‍സരങ്ങളാണ് ഇന്ത്യക്കു ഇനി വരാനിരിക്കുന്നത്. ഇവയില്‍ ഹാര്‍ദിക്കിന്റെ സേവനം തീര്‍ച്ചയായും ടീമിനു ആവശ്യമാണെന്നതാണ് രണ്ടാമത്തെ കാരണം. ന്യൂസിലാന്‍ഡുമായുള്ള അടുത്ത മല്‍സരത്തിനു ശേഷം നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. അതിനു ശേഷം സൗത്താഫ്രിക്കയുമായും ഇന്ത്യ ഏറ്റുമുട്ടുന്നുണ്ട്. ഈ മൂന്നു കളികളും ഇന്ത്യക്കു കടുപ്പം തന്നെയായിരിക്കും. ഏറ്റവും മികച്ച പ്രകടനം കെട്ടഴിച്ചാല്‍ മാത്രമേ ഇന്ത്യക്കു ഇവയില്‍ ജയിച്ചുകയറാന്‍ സാധിക്കുകയുള്ളൂ.
ഹാര്‍ദിക്കിന്റെ അസാന്നിധ്യം ഈ മല്‍സരങ്ങളില്‍ നികത്തുക ഇന്ത്യക്കു അസാധ്യമായിരിക്കും. അതുകൊണ്ടു തന്നെ എത്രയും വേഗത്തില്‍ അദ്ദേഹം ടീമിലേക്കു മടങ്ങിയെത്തണമെന്നു തന്നെയായിരിക്കും ഇന്ത്യന്‍ ടീം ആഗ്രഹിക്കുക.

ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ലോവര്‍ ഓര്‍ഡര്‍ ഇനിയും പരീക്ഷിക്കപ്പെട്ടിട്ടില്ല എന്നതാണ് ഹാര്‍ദിക്കിന്റ അഭാവം തിരിച്ചടിയാവുന്നതിന്റെ മൂന്നാമത്തെ കാരണം. കഴിഞ്ഞ നാലു മല്‍സരങ്ങളിലും മുന്‍നിരയുടെ മികച്ച ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്കു ആധികാരിക വിജയങ്ങള്‍ സമ്മാനിച്ചത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയുമാണ് ടീമിന്റെ ഭൂരിഭാഗം റണ്‍സും ഈ മല്‍സരങ്ങളില്‍ നേടിയിരിക്കുന്നത്. അസുഖം ഭേമായി അവസാന രണ്ടു മല്‍സരങ്ങളിലും കളിച്ച ശുഭ്മന്‍ ഗില്ലും മികച്ച ഫോമിലാണ് കാണപ്പെടുന്നത്. മധ്യനിരയില്‍ ശ്രേയസ് അയ്യരും കെഎല്‍ രാഹുലു തങ്ങളുടെ റോള്‍ നന്നായി വഹിക്കുകയും ചെയ്യുന്നുണ്ട്.
പക്ഷെ ഇവര്‍ക്കു താഴെയുള്ളവര്‍ ബാറ്റിങില്‍ ഇനിയും പരീക്ഷിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ വലിയൊരു ബാറ്റിങ് തകര്‍ച്ച ഇനിയുള്ള ഏതെങ്കിലും കളിയില്‍ നേരിടുകയാണെങ്കില്‍ വാലറ്റത്തില്‍ നിന്നും മികച്ച ഇന്നിങ്‌സുകള്‍ ടീമിനു ആവശ്യമായി വരും. അപ്പോഴായിരിക്കും ഹാര്‍ദിക്കിന്റെ സേവനം ടീമിന് ഏറ്റവുമധികം വേണ്ടിവരുന്നത്.