ഐസിസി ട്രോഫിക്കായുള്ള ടീം ഇന്ത്യയുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പ് ഉടനെയൊന്നും അവസാനിക്കുമെന്നു തോന്നുന്നില്ല. ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു ശേഷം രണ്ടാമത്തെ ക്യാപ്റ്റന്‍ വന്നിട്ടും ഇന്ത്യയുടെ ഐസിസി ട്രോഫികളുടെ ഷെല്‍ഫ് കാലിയാണ്. 2013ല്‍ ഇംഗ്ലണ്ട് വേദിയായ ചാംപ്യന്‍സ് ട്രോഫിയില്‍ ധോണിക്കു കീഴില്‍ കപ്പുയര്‍ത്തിയ ശേഷം ഒരു കിരീടം പോലും അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ക്കാന്‍ ഇന്ത്യക്കായിട്ടില്ല.
2021ലെയും ഇത്തവണത്തെയും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലുകള്‍ ഇന്ത്യക്കു ഇതിനുള്ള സുവര്‍ണാവസരമായിരുന്നു. പക്ഷെ രണ്ടിലും ഇന്ത്യക്കു കൈയെത്തും ദൂരത്ത് കാലിടറി. ഇനി ഇന്ത്യയുടെ പ്രതീക്ഷകള്‍ മുഴുവന്‍ ഈ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലാണ്. നാട്ടില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ വാനോളമാണ്.
2011ല്‍ അവസാനമായി ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ലോകകപ്പില്‍ മുത്തമിട്ടത് മുംബൈയിലെ വാംഖഡെയില്‍ വച്ചായിരുന്നു. 28 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ ഏകദിന ലോകകപ്പ് നേട്ടം കൂടിയായിരുന്നു ഇത്. ഐസിസി ട്രോഫിക്കായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇന്ത്യക്കു ലഭിച്ച ഏറ്റവും നല്ല അവസരമാണ് നാട്ടില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റ്.
ലോകകപ്പ് നാട്ടില്‍, പരിചിതമായ സാഹചര്യങ്ങളിലായതിനാല്‍ തന്നെ ഇതിനേക്കാള്‍ നല്ലൊരു അവസരം ഇനി ഇന്ത്യക്കു ലഭിക്കാനില്ല. എന്നാല്‍ ഇത്തവണയും ലോകകപ്പില്‍ മുത്തമിടാന്‍ ഇന്ത്യക്കു സാധിച്ചേക്കില്ല. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.
കാലഹരണപ്പെട്ട ബാറ്റിങ് സമീപനമാണ് ഇന്ത്യക്കു തിരിച്ചടിയാവുന്ന ആദ്യത്തെ കാര്യം. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകളെല്ലാം കാലത്തിനു അനുസരിച്ച് തങ്ങളുടെ ബാറ്റിങില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നപ്പോള്‍ ഇന്ത്യന്‍ ടീം ഇപ്പോഴും പഴയ ശൈലി തന്നെ തുടരുകയാണ്. ഇന്നിങ്‌സിന്റെ തുടക്കം മുതല്‍ അഗ്രസീവായി ബാറ്റ് ചെയ്ത് അതിവേഗം സ്‌കോര്‍ ചെയ്യുകയെന്നതാണ് പുതിയ കാലത്തിന്റെ ക്രിക്കറ്റ്. പക്ഷെ ഇന്ത്യന്‍ ടോപ്പ് ത്രീയെ എടുത്താല്‍ പരമ്പരാഗതമായ രീതിയില്‍ നങ്കൂരമിട്ട് കളിച്ച് പതിയെ ഇന്നിങ്‌സ് പടുത്തുയര്‍ത്തുകയാണ് ചെയ്തു വരുന്നത്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രോഹിത് ശര്‍മ ഓപ്പണിങില്‍ അതിവേഗ തുടക്കങ്ങള്‍ക്കു ശ്രമിക്കുന്നുണ്ടെങ്കിലും ഇതു ശരാശരിയിലും ഇംപാക്ടുള്ള ഇന്നിങ്‌സുകളിലും ഇടിവുണ്ടാക്കിയിട്ടുണ്ട്. ശിഖര്‍ ധവാനു പകരം ശുഭ്മന്‍ ഗില്‍ വന്നെങ്കിലും എത്ര കാലം ഉയര്‍ന്ന നിലവാരത്തില്‍, സ്ഥിരതയോടെ കളിക്കാന്‍ സാധിക്കുമെന്നതാണ് ചോദ്യം. വിരാട് കോലി തന്റേതായ ശൈലിയില്‍ തന്നെ തുടരുകയാണ്. അറ്റാക്കിങ് ഷോട്ടുകള്‍ കളിക്കാനോ, റിസ്‌കുകളെടുക്കാനോ അദ്ദേഹം തയ്യാറാവുന്നില്ല.
താരങ്ങളെ വിടാതെ പിന്തുടരുന്ന പരിക്കുകളാണ് ഇന്ത്യന്‍ ടീമിന്റെ മറ്റൊരു തലവേദന. 2021 മുതലുള്ള മല്‍സരങ്ങളെടുത്താല്‍ വളരെ അപൂര്‍വ്വമായി മാത്രമേ പ്രധാനപ്പെട്ട എല്ലാവരെയും ഉള്‍പ്പെടുത്തി ഏറ്റവും ശക്തമായ ടീമിനെ ഇറക്കാന്‍ ഇന്ത്യക്കു സാധിച്ചിട്ടുള്ളൂ. ബാക്കപ്പുകളെയും റിസര്‍വ് താരങ്ങളെയുമാണ് പലപ്പോഴും ഫസ്റ്റ് ചോയ്‌സ് താരങ്ങള്‍ക്കു പകരം ഇന്ത്യ കളിപ്പിച്ചുകൊണ്ടിരിക്കുന്നത്.
2011ലെ ലോകകപ്പിനു മുമ്പ് ഒരേ ടീം തുടര്‍ച്ചയായി ദീര്‍ഘകാലം ഒരുമിച്ച് കളിച്ചിരുന്നതായി ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരിക്കല്‍ തുറന്നുപറഞ്ഞിരുന്നു. അതു ടീമിനു വളരെയധികം ഗുണം ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ നിലവിലെ ഇന്ത്യന്‍ ടീമിനു ഇതു സാധിക്കില്ല. ഓരോ പരമ്പരയിലും പ്രധാനപ്പെട്ട ഒന്നോ, രണ്ടോ പേരെങ്കിലും പരിക്കേറ്റ് ടീമിന് പുറത്തായിരിക്കും. അതിനാല്‍ തന്നെ ലോകകപ്പിലും ഇതു ഇന്ത്യയെ ബാധിക്കും.
പ്രധാന ടൂര്‍ണമെന്റുകള്‍ക്കു മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ക്കു മതിയായ വിശ്രമം ലഭിക്കുന്നില്ലെന്നതാണ് മൂന്നാമത്തെ കാരണം. 20-25 ദിവസങ്ങളെങ്കിലും തയ്യാറെടുപ്പിനായി സമയം വേണമെന്നായിരുന്നു എന്നാണ് കഴിഞ്ഞ ഡബ്ല്യുടിസി ഫൈനലിലെ പരാജയത്തിനു ശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറഞ്ഞത്. ഐപിഎല്‍ കഴിഞ്ഞ ഒരാഴ്ച മാത്രം വിശ്രമമാണ് ഫൈനലിനു മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ക്കു ലഭിച്ചത്. തിരക്കേറിയ അന്താരാഷ്ട്ര മല്‍സരങ്ങള്‍ കാണം വരാനിരിക്കുന്ന ഏകദിന ലോകകപ്പിലും ഇന്ത്യന്‍ താരങ്ങള്‍ക്കു മതിയായ വിശ്രമം കിട്ടാന്‍ സാധ്യത കുറവാണ്.