മുംബൈ: ശ്രീലങ്കയുമായുള്ള ലോകകപ്പ് പോരാട്ടത്തില്‍ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ടീം ഇന്ത്യ. മുംബൈയിലെ വാംഖഡെയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ശേഷം എട്ടു വിക്കറ്റിനു 357 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് ഇന്ത്യ പടുത്തുയര്‍ത്തയത്. ഇതോടെ പുതിയൊരു ലോക റെക്കോര്‍ഡും രോഹിത് ശര്‍മയും സംഘവും തങ്ങളുടെ പേരിലാക്കി.
ഏകദിന ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു വ്യക്തിഗത സെഞ്ച്വറി പോലുമില്ലാതെ ഒരു ടീമിന്റെ ഏറ്റവുമുയര്‍ന്ന ടോട്ടലാണ് ഇന്ത്യ ഈ കളിയില്‍ സ്വന്തമാക്കിയിരിക്കുന്നത്. നേരത്തേ പാകിസ്താന്റെ പേരിലായിരുന്നു ഈ ലോക റെക്കോര്‍ഡ്. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിലായിരുന്നു പാകിസ്താന്‍ ഒരു സെഞ്ച്വറി പോലുമില്ലാതെ എട്ടു വിക്കറ്റിു 348 റണ്‍സ് അടിച്ചെടുത്തത്. നോട്ടിങ്ഹാമില്‍ ഇംഗ്ലണ്ടുമായുള്ള മല്‍സരത്തിലായിരുന്നു ഇത്.

ഇന്നത്തെ കളിയില്‍ ശ്രീലങ്കയ്‌ക്കെതിരേ ഒമ്പത് റണ്‍സ് അധികം നേടിയാണ് പാകിസ്താന്റെ ഓള്‍ടൈം റെക്കോര്‍ഡ് പഴങ്കഥയാക്കി ഇന്ത്യ ചരിത്രം കുറിച്ചിരിക്കുന്നത്. ലോകകപ്പില്‍ വ്യക്തിഗത സെഞ്ച്വറിയില്ലാതെ ഉയര്‍ന്ന ടോട്ടല്‍ നേടിയ ടീമുകളുടെ ലിസ്റ്റില്‍ ഇന്ത്യ, പാകിസ്താന്‍ എന്നിവര്‍ കഴിഞ്ഞാല്‍ മൂന്നാംസ്ഥാനത്തു സൗത്താഫ്രിക്കയാണ്. 2015ല്‍ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീവിടങ്ങളിലായി നടന്ന ലോകകപ്പിലായിരുന്നു അവരുടം നേട്ടം.
വെല്ലിങ്ടണില്‍ അസോസിയേറ്റ് ടീമായ യുഎഇയ്‌ക്കെതിരേ സൗത്താഫ്രിക്ക ആറു വിക്കറ്റ് നഷ്ടത്തില്‍ സ്‌കോര്‍ ചെയ്തത് 341 റണ്‍സായിരുന്നു. ഈ ലിസ്റ്റില്‍ നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത് പാകിസ്താനാണ്. 2015ല്‍ യുഎഇക്കെതിരേ ആറു വിക്കറ്റിനു 339ഉം 1983ല്‍ ശ്രീലങ്കയ്‌ക്കെതിരേ അഞ്ചു വിക്കറ്റിനു 338ഉം റണ്‍സാണ് പാകിസ്താന്‍ സ്‌കോര്‍ ചെയ്്തത്.
ശ്രീലങ്കയുമായുള്ള ഇന്ത്യയുടെ ഇന്നത്തെ മല്‍സരത്തിലേക്കു വരികയാണെങ്കില്‍ മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളാണ് ടീം ടോട്ടല്‍ 350 കടത്തിയത്. 92 റണ്‍സുമായി ശുഭ്മന്‍ ഗില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററായപ്പോള്‍ വിരാട് കോലി 88ഉം ശ്രേയസ് അയ്യര്‍ 82 റണ്‍സും നേടി.
92 ബോളില്‍ 11 ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സ്. പക്ഷെ കന്നി ലോകകപ്പ് സെഞ്ച്വറി എട്ടു റണ്‍സ് മാത്രമകലെ ഗില്‍ കൈവിടുകയായിരുന്നു. കോലി 94 ബോളില്‍ 11 ഫോറുകളടിച്ചപ്പോള്‍ ശ്രേയസ് 56 ബോളില്‍ ആറു സിക്‌സറും മൂന്നു ഫോറുകളുമടിച്ചു.

ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ആദ്യ ബോളില്‍ ബൗണ്ടറിയടിച്ചാണ് നായകന്‍ രോഹിത് ശര്‍മ തുടങ്ങിയതെങ്കിലും തൊട്ടടുത്ത ബോളില്‍ പുറത്തായി. ദില്‍ഷന്‍ മധുഷങ്കയുടെ ബോളില്‍ ഹിറ്റ്മാന്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. ഇതോടെ സമ്മര്‍ദ്ദത്തിലായ ഇന്ത്യയെ ഗില്‍- കോലി സഖ്യം കരകയറ്റുകയായിരുന്നു.
രണ്ടാം വിക്കറ്റില്‍ 189 റണ്‍സ് ഇരുവരും ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 193ല്‍ നില്‍ക്കെയാണ് ഗില്‍ പുറത്താവുന്നത്. മൂന്നു റണ്‍സ് കൂടി നേടുന്നതിനിടെ കോലിയും വീണതോടെ ഇന്ത്യ അല്‍പ്പമൊന്നു പതറി.
പക്ഷെ നാലാം വിക്കറ്റില്‍ ശ്രേയസിനു കൂട്ടായി കെഎല്‍ രാഹുല്‍ വന്നതോടെ ഇന്ത്യ കൂടുതല്‍ കരുത്താര്‍ജിച്ചു. 60 റണ്‍സാണ് ഈ ജോടി ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. ഇതോടെ ഇന്ത്യന്‍ ടോട്ടല്‍ 250 റണ്‍സ് പിന്നിടുകയും ചെയ്തു. പിന്നീട് ശ്രേയസിന്റെ കിടിലന്‍ ഫിനിഷിങ് ഇന്ത്യയെ 357 റണ്‍സെന്ന വലിയ ടോട്ടലിലെത്തിക്കുകയും ചെയ്തു.