റെക്കോര്‍ഡുകളുടെ ചാകര തീര്‍ത്താണ് ലോകകപ്പിലെ രണ്ടാം റൗണ്ടില്‍ അഫ്ഗാനിസ്താനെതിരേ ഇന്ത്യന്‍ ടീം വിജയക്കൊടി പാറിച്ചത്. ക്യാപ്ന്‍ രോഹിത് ശര്‍മ ഇടിവെട്ട് സെഞ്ച്വറിയോടെ മുന്നില്‍ നിന്നു പടനയിച്ച മല്‍സരത്തില്‍ എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. അഫ്ഗാന്‍ ടീം നല്‍കിയ 273 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യക്കു വെല്ലുവിളിയുയര്‍ത്തിയേക്കുമെന്നു കരുതപ്പെട്ടിരുന്നെങ്കിലും കളിയുടെ ഒരു ഘട്ടത്തിലും അതു സംഭവിച്ചില്ല. വെറും 35 ഓവറുകളാണ് ഈ സ്‌കോര്‍ ചേസ് ചെയ്യാന്‍ ഇന്ത്യക്കു വേണ്ടി വന്നത്. നഷ്ടമായത് രണ്ടു വിക്കറ്റുകള്‍ മാത്രം.
വമ്പന്‍ റെക്കോര്‍ഡാണ് ഈ ജയത്തോടെ ഇന്ത്യ തങ്ങളുടെ പേരില്‍ കുറിച്ചിരിക്കുന്നത്. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഓവറുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 250 പ്ലസ് റണ്‍സ് ചേസ് ചെയ്തു ജയിച്ച ടീമായി രോഹിത്തും സംഘവും മാറിയിരിക്കുകയാണ്. നേരത്തേ ന്യൂസിലാന്‍ഡിനു അവകാശപ്പെട്ടതായിരുന്നു ഈ റെക്കോര്‍ഡ്. ഈ ലോകകപ്പിലെ തന്നെ ഉദ്ഘാടന മല്‍സരത്തില്‍ ഇംഗ്ലണ്ടിനെതിരേ കിവികള്‍ കുറിച്ച റെക്കോര്‍ഡ് പഴങ്കഥയായിരിക്കുകയാണ്.

നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇംഗ്ലണ്ടിനെതിരേ 250 പ്ലസ് റണ്‍സ് (282 റണ്‍സ്) ന്യൂസിലാന്‍ഡ് ചേസ് ചെയ്തത് 36.3 ഓവറുകളിലായിരുന്നു. ഇപ്പോഴിതാ ഇന്ത്യ ആ റെക്കോര്‍ഡ് തിരുത്തിയിരിക്കുകയാണ്. വെറും 35 ഓവറുകളിലാണ് (210 ബോള്‍) ടീം ഇന്ത്യ 250 പ്ലസ് റണ്‍സ് പിന്തുടര്‍ന്ന് വിജയം കൊയ്തിരിക്കുന്നത്.
റണ്‍ ചേസിന്റെ ഈ ലിസ്റ്റില്‍ ഒന്നാംസ്ഥാനത്തു മാത്രമല്ല മൂന്നാമതും ഇന്ത്യ തന്നെയാണെന്നതാണ് ശ്രദ്ധേയമായ കാര്യം. 2015ലെ ലോകകപ്പില്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴിലായിരുന്നു ഇന്ത്യയുടെ കിടിലന്‍ റണ്‍ചേസ്. അന്നു അയര്‍ലാന്‍ഡിനെതിരേ 36.5 ഓവറുകളിലായിരുന്നു 250 റണ്‍സ് റണ്‍സ് ഇന്ത്യ വിജയകരമായി ചേസ് ചെയ്തത്.
അതേസമയം, ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ടോസിനു ശേഷം അഫ്ഗാന്‍ ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഷാഹിദിയുടെയും (80) അസ്മത്തുള്ള ഒമര്‍സായിയുടെയും (62) ഫിഫ്റ്റികളാണ് അഫ്ഗാനെ മികച്ച ടോട്ടലില്‍ എത്തിച്ചത്.
ഷാഹിദി 88 ബോളില്‍ എട്ടു ഫോറുകളും ഒരു സിക്‌സറുമടിച്ചപ്പോള്‍ ഒമര്‍സായ് 69 ബോളില്‍ നാലു സിക്‌സറും രണ്ടു ഫോറും നേടി. ഇന്ത്യന്‍ ബൗളിങില്‍ മികച്ചു നിന്നത് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയായിരുന്നു. 10 ഓവറില്‍ 39 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അദ്ദേഹം നാലു പേരെ പുറത്താക്കി.
മറുപടിയില്‍ രോഹിത്തിന്റെ (131) അതിവേഗ സെഞ്ച്വറി ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമാക്കി. വെറും 84 ബോളിലാണ് 16 ഫോറും അഞ്ചു സിക്‌സറുമടക്കം ഹിറ്റ്മാന്‍ 131 റണ്‍സ് വാരിക്കൂട്ടിയത്. ഇഷാന്‍ കിഷന്‍ 47 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ വിരാട് കോലിയും (55*) ശ്രേയസ് അയ്യരും (25*) ചേര്‍ന്ന് ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കുകയയിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ രോഹിത്- ഇഷാന്‍ ജോടി 18.4 ഓവറില്‍ 156 റണ്‍സ് അടിച്ചെടുത്തപ്പോള്‍ തന്നെ മല്‍സരം അഫ്ഗാനില്‍ നിന്നും വഴുതിപ്പോയിരുന്നു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
അഫ്ഗാനിസ്താന്‍- റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), നജീബുള്ള സദ്രാന്‍, മുഹമ്മദ് നബി, അസ്മത്തുള്ള ഒമര്‍സായ്, റാഷിഗ് ഖാന്‍, മുജീബുര്‍ റഹ്മാന്‍, നവീനുള്‍ ഹഖ്, ഫസല്‍ഹഖ് ഫറൂഖി.