ബംഗളൂരു: ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ ഒമ്പതാം ജയം ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ആതിഥേയരായ ഇന്ത്യ ഇത്തവണ തട്ടകത്തിന്റെ ആധിപത്യം മുതലാക്കി മുന്നേറുമ്പോള്‍ എതിരാളികളെല്ലാം പത്തിമടക്കി കീഴടങ്ങിയിരിക്കുകയാണ്. ലീഗ് ഘട്ടത്തില്‍ നേരിട്ട ഒമ്പത് എതിരാളികളേയും അനായാസം ഇന്ത്യ തോല്‍പ്പിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 160 റണ്‍സിനാണ് ഇന്ത്യ കീഴടക്കിയത്.
ഒമ്പതാം തുടര്‍ ജയത്തോടെ ചരിത്ര റെക്കോഡിലേക്കാണ് ഇന്ത്യന്‍ ടീം എത്തിയിരിക്കുന്നത്. 48 വര്‍ഷത്തെ ഏകദിന ലോകകപ്പിന്റെ ചരിത്രത്തില്‍ ഒമ്പത് തുടര്‍ ജയങ്ങള്‍ നേടുന്ന ആദ്യത്തെ ഏഷ്യന്‍ ടീമെന്ന റെക്കോഡിലേക്കാണ് ഇന്ത്യയെത്തിയിരിക്കുന്നത്. എന്നാല്‍ ലോകകപ്പില്‍ കൂടുതല്‍ തുടര്‍ ജയമെന്ന റെക്കോഡില്‍ തലപ്പത്തുള്ളത് ഓസ്‌ട്രേലിയയാണ്. 11 തുടര്‍ ജയങ്ങളാണ് ഓസീസ് നേടിയത്. 2003ലും 2007ലും ഈ നേട്ടം ആവര്‍ത്തിക്കാന്‍ ഓസ്‌ട്രേലിയക്കായി.
നായകനെന്ന നിലയില്‍ രോഹിത് ശര്‍മയും ചരിത്ര റെക്കോഡിലേക്കാണ് എത്തിയിരിക്കുന്നത്. ഒരു ലോകകപ്പില്‍ ഒമ്പത് തുടര്‍ ജയങ്ങള്‍ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ നായകനായി രോഹിത് മാറിയിരിക്കുകയാണ്. രോഹിത് നായകനായ ആദ്യ ഏകദിന ലോകകപ്പില്‍ത്തന്നെ ചരിത്ര നേട്ടം താരത്തെ തേടിയെത്തിയെന്നതാണ് എടുത്തു പറയേണ്ടത്. എംഎസ് ധോണി, സൗരവ് ഗാംഗുലി, വിരാട് കോലി എന്നിവര്‍ക്കൊന്നും സാധിക്കാത്ത നേട്ടമാണ് രോഹിത് നേടിയെടുത്തിരിക്കുന്നത്.
ഇനി സെമിയില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്. റെക്കോഡുകളുടെ ചാകര തീര്‍ത്താണ് ഇന്ത്യയുടെ വിജയക്കുതിപ്പ്. നെതര്‍ലന്‍ഡ്‌സിനെതിരേ ഇന്ത്യക്കായി വിരാട് കോലിയും രോഹിത് ശര്‍മയും വിക്കറ്റ് നേടിയെന്നതാണ് എടുത്തു പറയേണ്ടത്. ഓരോ മത്സരത്തിലും ഇന്ത്യക്ക് ഓരോ മാച്ച് വിന്നര്‍മാരുണ്ടാകുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റാണ് പുറത്തായത്.

ഇത്തവണയും കിവീസ് എതിരാളികളാവുമ്പോള്‍ ഇന്ത്യക്ക് ആശങ്കകളേറെയാണ്. എന്നാല്‍ തോല്‍വി അറിയാതെ സെമിയിലേക്കെത്തുന്ന ഇന്ത്യ കപ്പുമായി മടങ്ങാനുള്ള സാധ്യതയാണ് കൂടുതല്‍. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ ശോഭിക്കുമ്പോള്‍ കപ്പില്‍ കുറഞ്ഞൊന്നും ഇന്ത്യന്‍ ആരാധകരും പ്രതീക്ഷിക്കുന്നില്ല.594 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ വിരാട് കോലിയാണ് തലപ്പത്ത് നില്‍ക്കുന്നത്. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും ബൗളിങ്ങില്‍ തിളങ്ങുന്നു.
നെതര്‍ലന്‍ഡ്‌സിനെതിരേ ഇന്ത്യ സൂര്യകുമാര്‍ യാദവ്, ശുബ്മാന്‍ ഗില്‍, വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്കും ബൗളിങ്ങില്‍ അവസരം നല്‍കി. കോലിയും രോഹിതും 50ലധികം റണ്‍സും ഓരോ വിക്കറ്റും നേടിയെന്നതാണ് എടുത്തു പറയേണ്ടത്.
ലോകകപ്പില്‍ 50ലധികം റണ്‍സും ഒരു വിക്കറ്റും കൂടുതല്‍ തവണ നേടിയ ഇന്ത്യന്‍ താരമായി വിരാട് കോലി മാറി. ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ 78 റണ്‍സും 1 വിക്കറ്റും ടി20 ലോകകപ്പ് സെമിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 89 റണ്‍സും ഒരു വിക്കറ്റും നേടാന്‍ കോലിക്കായിരുന്നു.
രോഹിത് ശര്‍മ എന്ന നായകന്റെ മികവില്‍ ഇന്ത്യ പ്രതീക്ഷ വെക്കുന്നു. രണ്ട് ജയമകലെ ലോകകപ്പ് കിരീടത്തിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കും. 2011ന് ശേഷം വീണ്ടുമൊരു ഏകദിന ലോകകപ്പ് ഇന്ത്യയുടെ അലമാരയിലെത്തിക്കാന്‍ രോഹിത് ശര്‍മക്കും സംഘത്തിനും സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം. ഇന്ത്യയുടെ ഭാഗ്യ മൈതാനമായ മുംബൈയില്‍ ന്യൂസീലന്‍ഡിനെ മറികടക്കുകയെന്നതാണ് വലിയ കടമ്പ. ഇന്ത്യ ചരിത്ര കിരീടത്തില്‍ മുത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.